സങ്കീർത്തനങ്ങൾ 68:19-35

സങ്കീർത്തനങ്ങൾ 68:19-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ. അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും. നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും ഞാൻ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും. ദൈവമേ, അവർ നിന്റെ എഴുന്നള്ളത്തു കണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നള്ളത്തു തന്നെ. സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. യിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ. അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലി പ്രഭുക്കന്മാരും ഉണ്ട്. നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതു സ്ഥിരപ്പെടുത്തേണമേ. യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും. ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികൾ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ. മിസ്രയീമിൽനിന്നു മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും. ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു പാട്ടു പാടുവിൻ; കർത്താവിനു കീർത്തനം ചെയ്‍വിൻ. സേലാ. പുരാതന സ്വർഗാധിസ്വർഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയൊരു ശബ്ദത്തെ കേൾപ്പിക്കുന്നു. ദൈവത്തിനു ശക്തി കൊടുപ്പിൻ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു. ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 68:19-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദിനംതോറും നമ്മുടെ ഭാരങ്ങളെ വഹിക്കുന്ന സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. നമ്മെ രക്ഷിക്കുന്നത് അവിടുന്നാണ്. നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവമാകുന്നു. സർവശക്തനായ സർവേശ്വരനാണ് മരണത്തിൽനിന്നുള്ള മോചനം നല്‌കുന്നത്. ദൈവം തന്റെ ശത്രുക്കളുടെ ശിരസ്സു തകർക്കും. ദുർമാർഗത്തിൽ ചരിക്കുന്നവരുടെ കേശാലംകൃതമായ ശിരസ്സുകൾ തന്നെ. സർവേശ്വരൻ അരുളിച്ചെയ്തു: “ഞാൻ നിന്റെ ശത്രുക്കളെ ബാശാനിൽനിന്നു തിരിച്ചുകൊണ്ടുവരും. ആഴിയുടെ അടിത്തട്ടിൽനിന്നു ഞാൻ അവരെ മടക്കിവരുത്തും. നിങ്ങളുടെ കാലുകൾ അവരുടെ രക്തത്തിൽ മുക്കുന്നതിനും നിങ്ങളുടെ നായ്‍ക്കൾ അതു നക്കിക്കുടിക്കുന്നതിനും തന്നെ.” ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് അവർ കണ്ടു, എന്റെ രാജാവും എന്റെ ദൈവവുമായ അങ്ങ് വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതു തന്നെ. മുമ്പിൽ ഗായകരും പിമ്പിൽ വാദ്യക്കാരും നടുവിൽ തപ്പു കൊട്ടുന്ന കന്യകമാരും നടന്നു. ആരാധകരുടെ മഹാസഭയിൽ ദൈവമായ സർവേശ്വരനെ വാഴ്ത്തുവിൻ. ഇസ്രായേലിന്റെ സന്തതികളേ, സർവേശ്വരനെ വാഴ്ത്തുവിൻ! അവരിൽ ഏറ്റവും ചെറിയ ബെന്യാമീൻ ഗോത്രക്കാർ മുമ്പിലും, അവരുടെ പിമ്പിൽ യെഹൂദാപ്രഭുക്കന്മാരുടെ സംഘവും സെബൂലൂൻ, നഫ്താലി ഗോത്രപ്രഭുക്കന്മാർ അവരുടെ പിന്നിലുമായി നടന്നു. ദൈവമേ, അവിടുത്തെ ശക്തി പ്രകടിപ്പിച്ചാലും; ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ദൈവമേ, അവിടുത്തെ ശക്തി വെളിപ്പെടുത്തിയാലും. യെരൂശലേമിലുള്ള അവിടുത്തെ ആലയത്തിലേക്ക്, അങ്ങേക്കുള്ള കാഴ്ചകളുമായി രാജാക്കന്മാർ വരുന്നു. ഈജിപ്തിനെ ശാസിക്കണമേ, ഞാങ്ങണയുടെ ഇടയിൽ വസിക്കുന്ന ഹിംസ്രജന്തുവിനെതന്നെ. ജനതകളെ ശാസിക്കണമേ. പശുക്കിടാങ്ങളോടുകൂടിയ കാളക്കൂറ്റന്മാരെ തന്നെ. കപ്പം മോഹിക്കുന്ന ജനതകളെ ചവിട്ടി മെതിക്കണമേ യുദ്ധപ്രിയരായ ജനതകളെ ചിതറിക്കണമേ. ഈജിപ്തിൽനിന്ന് ഓടു കൊണ്ടുവരട്ടെ; എത്യോപ്യക്കാർ ദൈവത്തിങ്കലേക്കു വേഗം കൈ നീട്ടട്ടെ. ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു കീർത്തനം പാടുവിൻ. ആകാശത്തിൽ, പുരാതനമായ സ്വർഗങ്ങളിൽ, സഞ്ചരിക്കുന്ന സർവേശ്വരനു സ്തുതി പാടുവിൻ. അവിടുത്തെ ഗംഭീരനാദം ശ്രദ്ധിക്കുക. ദൈവം സർവശക്തനെന്നു പ്രഘോഷിക്കുവിൻ; അവിടുന്ന് ഇസ്രായേലിനെ ഭരിക്കുന്ന രാജാവാകുന്നു. അവിടുത്തെ ശക്തി ആകാശം വെളിപ്പെടുത്തുന്നു. ഇസ്രായേലിന്റെ ദൈവം തന്റെ വിശുദ്ധമന്ദിരത്തിൽ ഭീതിദനാണ്. അവിടുന്നു തന്റെ ജനത്തിനു ശക്തിയും ബലവും നല്‌കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ.

സങ്കീർത്തനങ്ങൾ 68:19-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ. അതേ, ദൈവം തന്‍റെ ശത്രുക്കളുടെ തലയും തന്‍റെ അകൃത്യത്തിൽ നടക്കുന്നവന്‍റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും. നീ നിന്‍റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും അവരുടെ മാംസത്തിൽ നിന്‍റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; സമുദ്രത്തിന്‍റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും. ദൈവമേ, അവർ അവിടുത്തെ എഴുന്നെള്ളത്ത് കണ്ടു; എന്‍റെ ദൈവവും രാജാവുമായവന്‍റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നെ. സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. യിസ്രായേലിന്‍റെ ഉറവിൽനിന്നുള്ള ഏവരുമേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ. അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്. ദൈവമേ നിന്‍റെ ബലം കല്പിക്ക; ദൈവമേ, അവിടുന്ന് ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ. യെരൂശലേമിലുള്ള അങ്ങേയുടെ മന്ദിരം നിമിത്തം രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും. ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജനതകൾ വെള്ളിക്കൂമ്പാരങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കേണമേ. മിസ്രയീമിൽ നിന്ന് മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്‍റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും. ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ. പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! ഇതാ, കർത്താവ് തന്‍റെ ശബ്ദത്തെ, ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു. ദൈവത്തിന്‍റെ ശക്തി അംഗീകരിക്കുവിൻ; അവിടുത്തെ മഹിമ യിസ്രായേലിന്മേലും അവിടുത്തെ ബലം മേഘങ്ങളിലും വിളങ്ങുന്നു. ദൈവമേ, അങ്ങേയുടെ വിശുദ്ധമന്ദിരത്തിൽ നിന്ന് അവിടുന്ന് ഭയങ്കരനായി ശോഭിക്കുന്നു; യിസ്രായേലിന്‍റെ ദൈവം തന്‍റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു.

സങ്കീർത്തനങ്ങൾ 68:19-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ. അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും. നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിന്നും അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന്നു ഓഹരി കിട്ടേണ്ടതിന്നും ഞാൻ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽനിന്നു അവരെ മടക്കിവരുത്തും. ദൈവമേ, അവർ നിന്റെ എഴുന്നെള്ളത്തുകണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ. സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. യിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ. അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു. നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതു സ്ഥിരപ്പെടുത്തേണമേ. യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും. ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികൾ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ. മിസ്രയീമിൽനിന്നു മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും. ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിൻ; കർത്താവിന്നു കീർത്തനം ചെയ്‌വിൻ. സേലാ. പുരാതനസ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന്നു പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേൾപ്പിക്കുന്നു. ദൈവത്തിന്നു ശക്തി കൊടുപ്പിൻ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു. ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്നു നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 68:19-35 സമകാലിക മലയാളവിവർത്തനം (MCV)

അനുദിനം നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന, നമ്മുടെ രക്ഷകനായ ദൈവമായ കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള വിടുതൽ കർത്താവായ യഹോവയിൽനിന്നു വരുന്നു. തന്റെ ശത്രുക്കളുടെ ശിരസ്സ്, സ്വന്തം പാപത്തിൽ തുടരുന്നവരുടെ കേശസമൃദ്ധമായ നെറുകതന്നെ, ദൈവം തകർക്കും, നിശ്ചയം. കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; ആഴിയുടെ ആഴങ്ങളിൽനിന്നും ഞാനവരെ കൊണ്ടുവരും, നിങ്ങൾ നിങ്ങളുടെ എതിരാളികളുടെ രക്തത്തിൽ കാലുകൾ മുക്കിവെക്കേണ്ടതിനും നിങ്ങളുടെ നായ്ക്കൾക്ക് അവയുടെ ഓഹരി ലഭിക്കേണ്ടതിനുംതന്നെ.” ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് ജനം കണ്ടിരിക്കുന്നു, എന്റെ ദൈവവും രാജാവുമായ അങ്ങ് വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതുതന്നെ. മുമ്പിൽ ഗായകർ, അവർക്കുപിന്നിൽ വാദ്യക്കാർ; അവരോടൊപ്പം തപ്പുകൊട്ടുന്ന കന്യകമാരുമുണ്ട്. മഹാസഭയിൽ ദൈവത്തെ സ്തുതിക്കുക; ഇസ്രായേലിന്റെ സഭയിൽ യഹോവയെ വാഴ്ത്തുക. ഇതാ, ചെറിയ ബെന്യാമീൻഗോത്രം അവരെ നയിക്കുന്നു, അവിടെ യെഹൂദാപ്രഭുക്കന്മാരുടെ വലിയ കൂട്ടമുണ്ട്, അവരോടൊപ്പം സെബൂലൂന്റെയും നഫ്താലിയുടെയും പ്രഭുക്കന്മാരുമുണ്ട്. ദൈവമേ, അങ്ങയുടെ ശക്തി വിളിച്ചുവരുത്തണമേ; ഞങ്ങളുടെ ദൈവമേ, പൂർവകാലങ്ങളിലേതുപോലെ അവിടത്തെ ശക്തി ഞങ്ങൾക്കു വെളിപ്പെടുത്തണമേ. ജെറുശലേമിലെ അങ്ങയുടെ ആലയം നിമിത്തം രാജാക്കന്മാർ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരും. ഞാങ്ങണകൾക്കിടയിലുള്ള മൃഗത്തെ, അതേ, രാഷ്ട്രങ്ങളുടെ കാളക്കിടാങ്ങൾക്കൊപ്പമുള്ള കാളക്കൂറ്റന്മാരെ ശാസിക്കണമേ. അവർ താഴ്ത്തപ്പെട്ട്, വെള്ളിക്കട്ടികൾ കപ്പമായി കൊണ്ടുവരട്ടെ. യുദ്ധത്തിൽ അഭിരമിക്കുന്ന രാഷ്ട്രങ്ങളെ അങ്ങ് ചിതറിക്കണമേ. ഈജിപ്റ്റിൽനിന്ന് നയതന്ത്രപ്രതിനിധികൾ വന്നുചേരും; കൂശ് ദൈവസന്നിധിയിൽ തന്നെത്താൻ താഴ്ത്തട്ടെ. ഭൂമിയിലെ സകലരാജ്യങ്ങളുമേ, ദൈവത്തിനു പാടുക, കർത്താവിന് സ്തോത്രഗാനം ആലപിക്കുക, സേലാ. ആകാശോന്നതങ്ങളിൽ, പുരാതനമായ ആകാശങ്ങളിൽ നെടുകെയും കുറുകെയും സഞ്ചരിക്കുന്നവന്, തന്റെ അത്യുച്ചനാദത്താൽ മേഘഗർജനം നടത്തുന്നവനുതന്നെ. ദൈവത്തിന്റെ ശക്തി വിളംബരംചെയ്യുക, അവിടത്തെ മഹിമ ഇസ്രായേലിന്മേലും അവിടത്തെ ശക്തി ആകാശങ്ങളിലും വിളങ്ങുന്നു. ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്; ഇസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് അധികാരവും ശക്തിയും നൽകുന്നു.

സങ്കീർത്തനങ്ങൾ 68:19-35

സങ്കീർത്തനങ്ങൾ 68:19-35 MALOVBSI