ദിനംതോറും നമ്മുടെ ഭാരങ്ങളെ വഹിക്കുന്ന സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. നമ്മെ രക്ഷിക്കുന്നത് അവിടുന്നാണ്. നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവമാകുന്നു. സർവശക്തനായ സർവേശ്വരനാണ് മരണത്തിൽനിന്നുള്ള മോചനം നല്‌കുന്നത്. ദൈവം തന്റെ ശത്രുക്കളുടെ ശിരസ്സു തകർക്കും. ദുർമാർഗത്തിൽ ചരിക്കുന്നവരുടെ കേശാലംകൃതമായ ശിരസ്സുകൾ തന്നെ. സർവേശ്വരൻ അരുളിച്ചെയ്തു: “ഞാൻ നിന്റെ ശത്രുക്കളെ ബാശാനിൽനിന്നു തിരിച്ചുകൊണ്ടുവരും. ആഴിയുടെ അടിത്തട്ടിൽനിന്നു ഞാൻ അവരെ മടക്കിവരുത്തും. നിങ്ങളുടെ കാലുകൾ അവരുടെ രക്തത്തിൽ മുക്കുന്നതിനും നിങ്ങളുടെ നായ്‍ക്കൾ അതു നക്കിക്കുടിക്കുന്നതിനും തന്നെ.” ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് അവർ കണ്ടു, എന്റെ രാജാവും എന്റെ ദൈവവുമായ അങ്ങ് വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതു തന്നെ. മുമ്പിൽ ഗായകരും പിമ്പിൽ വാദ്യക്കാരും നടുവിൽ തപ്പു കൊട്ടുന്ന കന്യകമാരും നടന്നു. ആരാധകരുടെ മഹാസഭയിൽ ദൈവമായ സർവേശ്വരനെ വാഴ്ത്തുവിൻ. ഇസ്രായേലിന്റെ സന്തതികളേ, സർവേശ്വരനെ വാഴ്ത്തുവിൻ! അവരിൽ ഏറ്റവും ചെറിയ ബെന്യാമീൻ ഗോത്രക്കാർ മുമ്പിലും, അവരുടെ പിമ്പിൽ യെഹൂദാപ്രഭുക്കന്മാരുടെ സംഘവും സെബൂലൂൻ, നഫ്താലി ഗോത്രപ്രഭുക്കന്മാർ അവരുടെ പിന്നിലുമായി നടന്നു. ദൈവമേ, അവിടുത്തെ ശക്തി പ്രകടിപ്പിച്ചാലും; ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ദൈവമേ, അവിടുത്തെ ശക്തി വെളിപ്പെടുത്തിയാലും. യെരൂശലേമിലുള്ള അവിടുത്തെ ആലയത്തിലേക്ക്, അങ്ങേക്കുള്ള കാഴ്ചകളുമായി രാജാക്കന്മാർ വരുന്നു. ഈജിപ്തിനെ ശാസിക്കണമേ, ഞാങ്ങണയുടെ ഇടയിൽ വസിക്കുന്ന ഹിംസ്രജന്തുവിനെതന്നെ. ജനതകളെ ശാസിക്കണമേ. പശുക്കിടാങ്ങളോടുകൂടിയ കാളക്കൂറ്റന്മാരെ തന്നെ. കപ്പം മോഹിക്കുന്ന ജനതകളെ ചവിട്ടി മെതിക്കണമേ യുദ്ധപ്രിയരായ ജനതകളെ ചിതറിക്കണമേ. ഈജിപ്തിൽനിന്ന് ഓടു കൊണ്ടുവരട്ടെ; എത്യോപ്യക്കാർ ദൈവത്തിങ്കലേക്കു വേഗം കൈ നീട്ടട്ടെ. ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു കീർത്തനം പാടുവിൻ. ആകാശത്തിൽ, പുരാതനമായ സ്വർഗങ്ങളിൽ, സഞ്ചരിക്കുന്ന സർവേശ്വരനു സ്തുതി പാടുവിൻ. അവിടുത്തെ ഗംഭീരനാദം ശ്രദ്ധിക്കുക. ദൈവം സർവശക്തനെന്നു പ്രഘോഷിക്കുവിൻ; അവിടുന്ന് ഇസ്രായേലിനെ ഭരിക്കുന്ന രാജാവാകുന്നു. അവിടുത്തെ ശക്തി ആകാശം വെളിപ്പെടുത്തുന്നു. ഇസ്രായേലിന്റെ ദൈവം തന്റെ വിശുദ്ധമന്ദിരത്തിൽ ഭീതിദനാണ്. അവിടുന്നു തന്റെ ജനത്തിനു ശക്തിയും ബലവും നല്‌കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ.
SAM 68 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 68:19-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ