നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ. അതേ, ദൈവം തന്‍റെ ശത്രുക്കളുടെ തലയും തന്‍റെ അകൃത്യത്തിൽ നടക്കുന്നവന്‍റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും. നീ നിന്‍റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും അവരുടെ മാംസത്തിൽ നിന്‍റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; സമുദ്രത്തിന്‍റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും. ദൈവമേ, അവർ അവിടുത്തെ എഴുന്നെള്ളത്ത് കണ്ടു; എന്‍റെ ദൈവവും രാജാവുമായവന്‍റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നെ. സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. യിസ്രായേലിന്‍റെ ഉറവിൽനിന്നുള്ള ഏവരുമേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ. അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്. ദൈവമേ നിന്‍റെ ബലം കല്പിക്ക; ദൈവമേ, അവിടുന്ന് ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ. യെരൂശലേമിലുള്ള അങ്ങേയുടെ മന്ദിരം നിമിത്തം രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും. ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജനതകൾ വെള്ളിക്കൂമ്പാരങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കേണമേ. മിസ്രയീമിൽ നിന്ന് മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്‍റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും. ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ. പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! ഇതാ, കർത്താവ് തന്‍റെ ശബ്ദത്തെ, ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു. ദൈവത്തിന്‍റെ ശക്തി അംഗീകരിക്കുവിൻ; അവിടുത്തെ മഹിമ യിസ്രായേലിന്മേലും അവിടുത്തെ ബലം മേഘങ്ങളിലും വിളങ്ങുന്നു. ദൈവമേ, അങ്ങേയുടെ വിശുദ്ധമന്ദിരത്തിൽ നിന്ന് അവിടുന്ന് ഭയങ്കരനായി ശോഭിക്കുന്നു; യിസ്രായേലിന്‍റെ ദൈവം തന്‍റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു.
സങ്കീ. 68 വായിക്കുക
കേൾക്കുക സങ്കീ. 68
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 68:19-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ