അനുദിനം നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന, നമ്മുടെ രക്ഷകനായ ദൈവമായ കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള വിടുതൽ കർത്താവായ യഹോവയിൽനിന്നു വരുന്നു. തന്റെ ശത്രുക്കളുടെ ശിരസ്സ്, സ്വന്തം പാപത്തിൽ തുടരുന്നവരുടെ കേശസമൃദ്ധമായ നെറുകതന്നെ, ദൈവം തകർക്കും, നിശ്ചയം. കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; ആഴിയുടെ ആഴങ്ങളിൽനിന്നും ഞാനവരെ കൊണ്ടുവരും, നിങ്ങൾ നിങ്ങളുടെ എതിരാളികളുടെ രക്തത്തിൽ കാലുകൾ മുക്കിവെക്കേണ്ടതിനും നിങ്ങളുടെ നായ്ക്കൾക്ക് അവയുടെ ഓഹരി ലഭിക്കേണ്ടതിനുംതന്നെ.” ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് ജനം കണ്ടിരിക്കുന്നു, എന്റെ ദൈവവും രാജാവുമായ അങ്ങ് വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതുതന്നെ. മുമ്പിൽ ഗായകർ, അവർക്കുപിന്നിൽ വാദ്യക്കാർ; അവരോടൊപ്പം തപ്പുകൊട്ടുന്ന കന്യകമാരുമുണ്ട്. മഹാസഭയിൽ ദൈവത്തെ സ്തുതിക്കുക; ഇസ്രായേലിന്റെ സഭയിൽ യഹോവയെ വാഴ്ത്തുക. ഇതാ, ചെറിയ ബെന്യാമീൻഗോത്രം അവരെ നയിക്കുന്നു, അവിടെ യെഹൂദാപ്രഭുക്കന്മാരുടെ വലിയ കൂട്ടമുണ്ട്, അവരോടൊപ്പം സെബൂലൂന്റെയും നഫ്താലിയുടെയും പ്രഭുക്കന്മാരുമുണ്ട്. ദൈവമേ, അങ്ങയുടെ ശക്തി വിളിച്ചുവരുത്തണമേ; ഞങ്ങളുടെ ദൈവമേ, പൂർവകാലങ്ങളിലേതുപോലെ അവിടത്തെ ശക്തി ഞങ്ങൾക്കു വെളിപ്പെടുത്തണമേ. ജെറുശലേമിലെ അങ്ങയുടെ ആലയം നിമിത്തം രാജാക്കന്മാർ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരും. ഞാങ്ങണകൾക്കിടയിലുള്ള മൃഗത്തെ, അതേ, രാഷ്ട്രങ്ങളുടെ കാളക്കിടാങ്ങൾക്കൊപ്പമുള്ള കാളക്കൂറ്റന്മാരെ ശാസിക്കണമേ. അവർ താഴ്ത്തപ്പെട്ട്, വെള്ളിക്കട്ടികൾ കപ്പമായി കൊണ്ടുവരട്ടെ. യുദ്ധത്തിൽ അഭിരമിക്കുന്ന രാഷ്ട്രങ്ങളെ അങ്ങ് ചിതറിക്കണമേ. ഈജിപ്റ്റിൽനിന്ന് നയതന്ത്രപ്രതിനിധികൾ വന്നുചേരും; കൂശ് ദൈവസന്നിധിയിൽ തന്നെത്താൻ താഴ്ത്തട്ടെ. ഭൂമിയിലെ സകലരാജ്യങ്ങളുമേ, ദൈവത്തിനു പാടുക, കർത്താവിന് സ്തോത്രഗാനം ആലപിക്കുക, സേലാ. ആകാശോന്നതങ്ങളിൽ, പുരാതനമായ ആകാശങ്ങളിൽ നെടുകെയും കുറുകെയും സഞ്ചരിക്കുന്നവന്, തന്റെ അത്യുച്ചനാദത്താൽ മേഘഗർജനം നടത്തുന്നവനുതന്നെ. ദൈവത്തിന്റെ ശക്തി വിളംബരംചെയ്യുക, അവിടത്തെ മഹിമ ഇസ്രായേലിന്മേലും അവിടത്തെ ശക്തി ആകാശങ്ങളിലും വിളങ്ങുന്നു. ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്; ഇസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് അധികാരവും ശക്തിയും നൽകുന്നു.
സങ്കീർത്തനങ്ങൾ 68 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 68
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 68:19-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ