ഫിലിപ്പിയർ 3:10-21

ഫിലിപ്പിയർ 3:10-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിനും ഇങ്ങനെ വല്ല വിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്ന് എണ്ണുന്നു. ലഭിച്ചുകഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളൂ. സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു. നമ്മിൽ തികഞ്ഞവരൊക്കെയും ഇങ്ങനെതന്നെ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറേ വിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നെ അനുസരിച്ചു നടക്കുക. സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ. ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നു എന്ന് ഇപ്പോൾ കരഞ്ഞുംകൊണ്ട് പറയുന്നു. അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളത് ചിന്തിക്കുന്നു. നമ്മുടെ പൗരത്വമോ സ്വർഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്ന് നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്ത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.

ഫിലിപ്പിയർ 3:10-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുഭവവേദ്യമാക്കുകയും, അവിടുത്തെ പീഡാനുഭവങ്ങളിൽ പങ്കുചേർന്ന്, മരണത്തിൽ അവിടുത്തെപ്പോലെ ആയിത്തീരുകയും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കുമെന്നു പ്രത്യാശിക്കുകയും അങ്ങനെ ക്രിസ്തുവിനെ അറിയുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഇവയെല്ലാം നേടിക്കഴിഞ്ഞു എന്നോ, പൂർണനായി എന്നോ ഞാൻ അവകാശപ്പെടുന്നില്ല; എന്നാൽ ഇവ സ്വന്തമാക്കാം എന്നു പ്രത്യാശിച്ചു ഞാൻ യത്നിക്കുന്നു. കാരണം ക്രിസ്തുയേശു എന്നെ തന്റെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. സഹോദരരേ, ഞാൻ അവ നേടിയെടുത്തു എന്നു കണക്കാക്കുന്നില്ല; എന്നാൽ ഒന്നു ഞാൻ ചെയ്യുന്നു; പിന്നിലുള്ളതു മറന്ന്, മുന്നിലുള്ളതിനെ ഉന്നം വച്ചുകൊണ്ട് ആയാസപ്പെട്ടു മുന്നേറി, ക്രിസ്തുയേശുവിലൂടെ ഉള്ള ദൈവത്തിന്റെ പരമോന്നതമായ വിളിയുടെ സമ്മാനം കരസ്ഥമാക്കുന്നതിനുവേണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ഓടുന്നു. നമ്മിൽ ആത്മീയപക്വത പ്രാപിച്ചവരെല്ലാം ഇങ്ങനെയാണു ചിന്തിക്കേണ്ടത്. എന്നാൽ നിങ്ങളിൽ ചിലർ മറ്റു വിധത്തിൽ ചിന്തിക്കുകയാണെങ്കിലും ദൈവം അതു നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. എങ്ങനെയായാലും നാം പ്രാപിച്ചിട്ടുള്ളതിനെ മുറുകെപ്പിടിക്കുക. സഹോദരരേ, നിങ്ങൾ എന്നെ അനുകരിക്കുക. ഞങ്ങൾ നിങ്ങളുടെ മുമ്പിൽ വച്ചിട്ടുള്ള നല്ല മാതൃക പിന്തുടരുന്നവരെ ശ്രദ്ധിച്ചുകൊള്ളുക. ക്രിസ്തുവിന്റെ കുരിശിനു ശത്രുക്കളായി പലരും ജീവിക്കുന്നു എന്ന് ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. അത് കണ്ണുനീരോടുകൂടി ഞാൻ ഇപ്പോഴും ആവർത്തിക്കുന്നു. അവരുടെ അന്ത്യം വിനാശമത്രേ. വയറാണ് അവരുടെ ദൈവം; ലജ്ജാകരമായതിൽ അവർ അഭിമാനം കൊള്ളുന്നു; ഭൗമികകാര്യങ്ങളെക്കുറിച്ചുമാത്രം അവർ ചിന്തിക്കുന്നു. നാമാകട്ടെ, സ്വർഗത്തിന്റെ പൗരന്മാരാകുന്നു. സ്വർഗത്തിൽനിന്നു വരുന്ന കർത്താവായ യേശുക്രിസ്തു എന്ന രക്ഷകനെ നാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സകലത്തെയും തനിക്കു വിധേയമാക്കാൻ കഴിവുള്ള ശക്തിയാൽ, തന്റെ മഹത്ത്വമുള്ള ശരീരത്തോടു സമാനമായി, നമ്മുടെ എളിയശരീരങ്ങളെ അവിടുന്നു രൂപാന്തരപ്പെടുത്തും.

ഫിലിപ്പിയർ 3:10-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവനിൽ ഇരിക്കേണ്ടതിനും, അവന്‍റെ മരണത്തിനോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്‍റെ പുനരുത്ഥാനത്തിൻ്റെ ശക്തിയെയും അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അറിയേണ്ടതിനും, അങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം ഞാൻ പ്രാപിക്കേണ്ടതിനും തന്നെ സകലവും ചവറായി കണക്കാക്കുകയും ചെയ്യുന്നു. ഇവ ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളു. സഹോദരന്മാരേ, ഞാൻ അത് പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. എന്നാൽ ഒന്ന് ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിനായി ആഞ്ഞുംകൊണ്ട്, ക്രിസ്തുയേശുവിൽ ദൈവത്തിന്‍റെ പരമവിളിയുടെ പ്രതിഫലത്തിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു. നമ്മിൽ തികഞ്ഞവർക്ക് ഒക്കെയും ഈ മനോഭാവം ഉണ്ടാകട്ടെ; വല്ലതിലും നിങ്ങൾക്ക് വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും. എന്നിരുന്നാലും നാം പ്രാപിച്ചിരിക്കുന്നതനുസരിച്ചു തന്നെ നടക്കുക. സഹോദരന്മാരേ, എന്നെ അനുകരിക്കുന്നതിൽ ചേരുക; ഞങ്ങൾ നിങ്ങൾക്ക് കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും ശ്രദ്ധിച്ചുകൊള്ളുവിൻ. എന്തെന്നാൽ, ഞാൻ പലപ്പോഴും നിങ്ങളോട് പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്‍റെ ക്രൂശിൻ്റെ ശത്രുക്കളായിരിക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ട് പറയുന്നു. അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു; അവരുടെ മനസ്സ് ഭൂമിയിലുള്ള കാര്യങ്ങളിലാകുന്നു. നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; കർത്താവായ യേശുക്രിസ്തു എന്ന രക്ഷിതാവ് അവിടെനിന്നും വരുമെന്ന് നാം താല്പര്യത്തോടെ കാത്തിരിക്കുന്നു. സകലവും തനിക്കു കീഴ്പെടുത്തുവാനും കഴിയുന്ന തന്‍റെ വ്യാപാരശക്തികൊണ്ട്, നമ്മുടെ താഴ്ചയുള്ള ശരീരത്തെ, തന്‍റെ മഹത്വമുള്ള ശരീരത്തോടനുരൂപമായി അവൻ രൂപാന്തരപ്പെടുത്തും.

ഫിലിപ്പിയർ 3:10-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവെച്ചും ഞാൻ അവന്റെനിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളു. സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു. നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചുനടക്കുക. സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ. ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു. അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു. നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

ഫിലിപ്പിയർ 3:10-21 സമകാലിക മലയാളവിവർത്തനം (MCV)

ക്രിസ്തുവിനെയും അവിടത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയാനും കഷ്ടാനുഭവങ്ങളിൽ പങ്കാളിയായി അവിടത്തെ മരണത്തോട് അനുരൂപപ്പെടാനും, അങ്ങനെ, ഏതുപ്രകാരവും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കാനുമാണ് ഞാൻ യത്നിക്കുന്നത്. ഇതെല്ലാം നേടിയെന്നോ ലക്ഷ്യപ്രാപ്തിയിൽ എത്തിയെന്നോ അല്ല, ക്രിസ്തുയേശു എന്തിനുവേണ്ടി എന്നെ അവിടത്തെ അനുഗാമിയാക്കിയോ ആ പരിപൂർണതയിൽ എത്തിച്ചേരാൻ പരിശ്രമിക്കുകമാത്രമാണ് ഞാൻ ചെയ്യുന്നത്. സഹോദരങ്ങളേ, ഇപ്പോഴും ഞാൻ ആ ലക്ഷ്യം കരഗതമാക്കിയെന്നു കരുതുന്നില്ല; എനിക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, കഴിഞ്ഞതൊക്കെ മറന്ന് മുമ്പിലുള്ളതുമാത്രം ലക്ഷ്യമാക്കി ദൈവം ക്രിസ്തുയേശുവിൽ എന്നെ വിളിച്ച സ്വർഗീയവിളിയുടെ പുരസ്കാരം നേടുന്നതിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു. ഇപ്രകാരമൊരു വീക്ഷണമാണ് പക്വതയാർജിച്ച നമുക്കെല്ലാവർക്കും ഉണ്ടാകേണ്ടത്. ഏതെങ്കിലും വിഷയം നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് വ്യത്യസ്തമായിട്ടാണെങ്കിൽ ദൈവം ആ വിഷയത്തിന്മേലും നിങ്ങൾക്കു വ്യക്തത നൽകും. നാം മനസ്സിലാക്കിയതിന് അനുസൃതമായി നമുക്കു ജീവിക്കാം. സഹോദരങ്ങളേ, എന്നോടുചേർന്ന് എന്റെ അനുകാരികളാകുക; ഞങ്ങളുടെ മാതൃക പിൻതുടരുന്നവരെയും ശ്രദ്ധിക്കുക. ഞാൻ മുമ്പ് പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതുപോലെ പിന്നെയും വലിയ ഹൃദയവ്യഥയോടുകൂടി പറയട്ടെ: അനേകർ ക്രിസ്തുവിന്റെ ക്രൂശിന്റെ ശത്രുക്കളായിട്ടാണ് ജീവിക്കുന്നത്. അവർ നിത്യനാശത്തിലേക്കു പോകുന്നവരും ശാരീരികസംതൃപ്തിയെ അവരുടെ ദൈവമാക്കി പ്രതിഷ്ഠിച്ചവരും ലജ്ജാകരമായതിൽ അഭിമാനിക്കുന്നവരും ലൗകികകാര്യങ്ങൾമാത്രം ചിന്തിക്കുന്നവരുമാണ്. എന്നാൽ നാമോ, സ്വർഗീയപൗരർ അത്രേ. സ്വർഗത്തിൽനിന്ന് നമ്മുടെ രക്ഷകനായ, കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവിടന്ന് സകലത്തെയും തന്റെ അധീനതയിലാക്കാൻ കഴിയുന്ന ശക്തിയാൽ, അവിടത്തെ മഹത്ത്വമുള്ള ശരീരത്തിനു സമരൂപമായി നമ്മുടെ ഹീനശരീരങ്ങളെ രൂപാന്തരപ്പെടുത്തും.