FILIPI 3:10-21

FILIPI 3:10-21 MALCLBSI

ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുഭവവേദ്യമാക്കുകയും, അവിടുത്തെ പീഡാനുഭവങ്ങളിൽ പങ്കുചേർന്ന്, മരണത്തിൽ അവിടുത്തെപ്പോലെ ആയിത്തീരുകയും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കുമെന്നു പ്രത്യാശിക്കുകയും അങ്ങനെ ക്രിസ്തുവിനെ അറിയുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഇവയെല്ലാം നേടിക്കഴിഞ്ഞു എന്നോ, പൂർണനായി എന്നോ ഞാൻ അവകാശപ്പെടുന്നില്ല; എന്നാൽ ഇവ സ്വന്തമാക്കാം എന്നു പ്രത്യാശിച്ചു ഞാൻ യത്നിക്കുന്നു. കാരണം ക്രിസ്തുയേശു എന്നെ തന്റെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. സഹോദരരേ, ഞാൻ അവ നേടിയെടുത്തു എന്നു കണക്കാക്കുന്നില്ല; എന്നാൽ ഒന്നു ഞാൻ ചെയ്യുന്നു; പിന്നിലുള്ളതു മറന്ന്, മുന്നിലുള്ളതിനെ ഉന്നം വച്ചുകൊണ്ട് ആയാസപ്പെട്ടു മുന്നേറി, ക്രിസ്തുയേശുവിലൂടെ ഉള്ള ദൈവത്തിന്റെ പരമോന്നതമായ വിളിയുടെ സമ്മാനം കരസ്ഥമാക്കുന്നതിനുവേണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ഓടുന്നു. നമ്മിൽ ആത്മീയപക്വത പ്രാപിച്ചവരെല്ലാം ഇങ്ങനെയാണു ചിന്തിക്കേണ്ടത്. എന്നാൽ നിങ്ങളിൽ ചിലർ മറ്റു വിധത്തിൽ ചിന്തിക്കുകയാണെങ്കിലും ദൈവം അതു നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. എങ്ങനെയായാലും നാം പ്രാപിച്ചിട്ടുള്ളതിനെ മുറുകെപ്പിടിക്കുക. സഹോദരരേ, നിങ്ങൾ എന്നെ അനുകരിക്കുക. ഞങ്ങൾ നിങ്ങളുടെ മുമ്പിൽ വച്ചിട്ടുള്ള നല്ല മാതൃക പിന്തുടരുന്നവരെ ശ്രദ്ധിച്ചുകൊള്ളുക. ക്രിസ്തുവിന്റെ കുരിശിനു ശത്രുക്കളായി പലരും ജീവിക്കുന്നു എന്ന് ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. അത് കണ്ണുനീരോടുകൂടി ഞാൻ ഇപ്പോഴും ആവർത്തിക്കുന്നു. അവരുടെ അന്ത്യം വിനാശമത്രേ. വയറാണ് അവരുടെ ദൈവം; ലജ്ജാകരമായതിൽ അവർ അഭിമാനം കൊള്ളുന്നു; ഭൗമികകാര്യങ്ങളെക്കുറിച്ചുമാത്രം അവർ ചിന്തിക്കുന്നു. നാമാകട്ടെ, സ്വർഗത്തിന്റെ പൗരന്മാരാകുന്നു. സ്വർഗത്തിൽനിന്നു വരുന്ന കർത്താവായ യേശുക്രിസ്തു എന്ന രക്ഷകനെ നാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സകലത്തെയും തനിക്കു വിധേയമാക്കാൻ കഴിവുള്ള ശക്തിയാൽ, തന്റെ മഹത്ത്വമുള്ള ശരീരത്തോടു സമാനമായി, നമ്മുടെ എളിയശരീരങ്ങളെ അവിടുന്നു രൂപാന്തരപ്പെടുത്തും.

FILIPI 3 വായിക്കുക