FILIPI 3

3
യഥാർഥ നീതി
1ഇനി, എന്റെ സഹോദരരേ, കർത്താവിൽ ആനന്ദിക്കുക. ഒരേ കാര്യം തന്നെ ആവർത്തിച്ച് എഴുതുന്നതിൽ എനിക്കു മടുപ്പു തോന്നുന്നില്ല. അതു നിങ്ങൾക്കു ഉറപ്പു നല്‌കുമല്ലോ. 2വിച്ഛേദനവാദികളും ദുഷ്പ്രവർത്തകരുമായ നായ്‍ക്കളെ സൂക്ഷിച്ചുകൊള്ളുക. 3ആത്മാവിൽ ദൈവത്തെ ആരാധിക്കുകയും ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള ജീവിതത്തിൽ ആനന്ദിക്കുകയും ചെയ്യുന്ന നാമാണ് യഥാർഥ പരിച്ഛേദനം സ്വീകരിച്ചിട്ടുള്ളവർ. ബാഹ്യമായ ഏതെങ്കിലും ആചാരങ്ങളെ നാം ആശ്രയിക്കുന്നില്ല. 4എനിക്കാണെങ്കിൽ ബാഹ്യമായ കാര്യങ്ങളെയും ആശ്രയിക്കുവാൻ മതിയായ കാരണമുണ്ട്. മറ്റാർക്കെങ്കിലും ബാഹ്യമായ കാര്യങ്ങളെ ആശ്രയിക്കുവാൻ വകയുണ്ടെങ്കിൽ എനിക്ക് എത്രയധികം! 5എട്ടാം നാളിൽ പരിച്ഛേദനം സ്വീകരിച്ചവനാണു ഞാൻ; ഇസ്രായേൽ വംശജനും ബെന്യാമീൻ ഗോത്രക്കാരനും തനി എബ്രായനുമാണ്; 6യെഹൂദനിയമപ്രകാരം ഒരു പരീശൻ; മതതീക്ഷ്ണതയുടെ കാര്യത്തിൽ സഭയെ പീഡിപ്പിച്ചവൻ, നിയമം അനുശാസിക്കുന്ന നീതിയുടെ കാര്യത്തിൽ തികച്ചും കുറ്റമറ്റവൻ. 7എന്നാൽ എനിക്കു ലാഭമായിരുന്നതെല്ലാം ക്രിസ്തുവിനുവേണ്ടി നഷ്ടം എന്നു കരുതി. 8എന്റെ കർത്താവായ ക്രിസ്തുയേശുവിനെ അറിയുക എന്നതിന്റെ വില മറ്റെന്തിനെയും അതിശയിക്കുന്നതാകയാൽ, നിശ്ചയമായും ഇപ്പോഴും എല്ലാം നഷ്ടമായിത്തന്നെ ഞാൻ കരുതുന്നു. ക്രിസ്തുവിനെ നേടുന്നതിനും, ക്രിസ്തുവിനോടു സമ്പൂർണമായി ഏകീഭവിക്കുന്നതിനുംവേണ്ടി, അവയെല്ലാം ചപ്പും ചവറുമായി ഞാൻ കരുതുന്നു. 9നിയമസംഹിത അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന നീതി ഇനി ഇല്ല. പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന നീതിയാണ് ഇപ്പോൾ എനിക്കുള്ളത്. ആ നീതി ദൈവത്തിൽനിന്നുള്ളതും വിശ്വാസത്തിൽ അധിഷ്ഠിതവുമാകുന്നു. 10-11ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുഭവവേദ്യമാക്കുകയും, അവിടുത്തെ പീഡാനുഭവങ്ങളിൽ പങ്കുചേർന്ന്, മരണത്തിൽ അവിടുത്തെപ്പോലെ ആയിത്തീരുകയും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കുമെന്നു പ്രത്യാശിക്കുകയും അങ്ങനെ ക്രിസ്തുവിനെ അറിയുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
ലക്ഷ്യത്തിലേക്കുള്ള ഓട്ടം
12ഇവയെല്ലാം നേടിക്കഴിഞ്ഞു എന്നോ, പൂർണനായി എന്നോ ഞാൻ അവകാശപ്പെടുന്നില്ല; എന്നാൽ ഇവ സ്വന്തമാക്കാം എന്നു പ്രത്യാശിച്ചു ഞാൻ യത്നിക്കുന്നു. കാരണം ക്രിസ്തുയേശു എന്നെ തന്റെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. 13സഹോദരരേ, ഞാൻ അവ നേടിയെടുത്തു എന്നു കണക്കാക്കുന്നില്ല; എന്നാൽ ഒന്നു ഞാൻ ചെയ്യുന്നു; 14പിന്നിലുള്ളതു മറന്ന്, മുന്നിലുള്ളതിനെ ഉന്നം വച്ചുകൊണ്ട് ആയാസപ്പെട്ടു മുന്നേറി, ക്രിസ്തുയേശുവിലൂടെ ഉള്ള ദൈവത്തിന്റെ പരമോന്നതമായ വിളിയുടെ സമ്മാനം കരസ്ഥമാക്കുന്നതിനുവേണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ഓടുന്നു.
15നമ്മിൽ ആത്മീയപക്വത പ്രാപിച്ചവരെല്ലാം ഇങ്ങനെയാണു ചിന്തിക്കേണ്ടത്. എന്നാൽ നിങ്ങളിൽ ചിലർ മറ്റു വിധത്തിൽ ചിന്തിക്കുകയാണെങ്കിലും ദൈവം അതു നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. 16എങ്ങനെയായാലും നാം പ്രാപിച്ചിട്ടുള്ളതിനെ മുറുകെപ്പിടിക്കുക.
17സഹോദരരേ, നിങ്ങൾ എന്നെ അനുകരിക്കുക. ഞങ്ങൾ നിങ്ങളുടെ മുമ്പിൽ വച്ചിട്ടുള്ള നല്ല മാതൃക പിന്തുടരുന്നവരെ ശ്രദ്ധിച്ചുകൊള്ളുക. 18ക്രിസ്തുവിന്റെ കുരിശിനു ശത്രുക്കളായി പലരും ജീവിക്കുന്നു എന്ന് ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. അത് കണ്ണുനീരോടുകൂടി ഞാൻ ഇപ്പോഴും ആവർത്തിക്കുന്നു. 19അവരുടെ അന്ത്യം വിനാശമത്രേ. വയറാണ് അവരുടെ ദൈവം; ലജ്ജാകരമായതിൽ അവർ അഭിമാനം കൊള്ളുന്നു; ഭൗമികകാര്യങ്ങളെക്കുറിച്ചുമാത്രം അവർ ചിന്തിക്കുന്നു. 20നാമാകട്ടെ, സ്വർഗത്തിന്റെ പൗരന്മാരാകുന്നു. സ്വർഗത്തിൽനിന്നു വരുന്ന കർത്താവായ യേശുക്രിസ്തു എന്ന രക്ഷകനെ നാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 21സകലത്തെയും തനിക്കു വിധേയമാക്കാൻ കഴിവുള്ള ശക്തിയാൽ, തന്റെ മഹത്ത്വമുള്ള ശരീരത്തോടു സമാനമായി, നമ്മുടെ എളിയശരീരങ്ങളെ അവിടുന്നു രൂപാന്തരപ്പെടുത്തും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

FILIPI 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക