ക്രിസ്തുവിനെയും അവിടത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയാനും കഷ്ടാനുഭവങ്ങളിൽ പങ്കാളിയായി അവിടത്തെ മരണത്തോട് അനുരൂപപ്പെടാനും, അങ്ങനെ, ഏതുപ്രകാരവും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കാനുമാണ് ഞാൻ യത്നിക്കുന്നത്. ഇതെല്ലാം നേടിയെന്നോ ലക്ഷ്യപ്രാപ്തിയിൽ എത്തിയെന്നോ അല്ല, ക്രിസ്തുയേശു എന്തിനുവേണ്ടി എന്നെ അവിടത്തെ അനുഗാമിയാക്കിയോ ആ പരിപൂർണതയിൽ എത്തിച്ചേരാൻ പരിശ്രമിക്കുകമാത്രമാണ് ഞാൻ ചെയ്യുന്നത്. സഹോദരങ്ങളേ, ഇപ്പോഴും ഞാൻ ആ ലക്ഷ്യം കരഗതമാക്കിയെന്നു കരുതുന്നില്ല; എനിക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, കഴിഞ്ഞതൊക്കെ മറന്ന് മുമ്പിലുള്ളതുമാത്രം ലക്ഷ്യമാക്കി ദൈവം ക്രിസ്തുയേശുവിൽ എന്നെ വിളിച്ച സ്വർഗീയവിളിയുടെ പുരസ്കാരം നേടുന്നതിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു. ഇപ്രകാരമൊരു വീക്ഷണമാണ് പക്വതയാർജിച്ച നമുക്കെല്ലാവർക്കും ഉണ്ടാകേണ്ടത്. ഏതെങ്കിലും വിഷയം നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് വ്യത്യസ്തമായിട്ടാണെങ്കിൽ ദൈവം ആ വിഷയത്തിന്മേലും നിങ്ങൾക്കു വ്യക്തത നൽകും. നാം മനസ്സിലാക്കിയതിന് അനുസൃതമായി നമുക്കു ജീവിക്കാം. സഹോദരങ്ങളേ, എന്നോടുചേർന്ന് എന്റെ അനുകാരികളാകുക; ഞങ്ങളുടെ മാതൃക പിൻതുടരുന്നവരെയും ശ്രദ്ധിക്കുക. ഞാൻ മുമ്പ് പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതുപോലെ പിന്നെയും വലിയ ഹൃദയവ്യഥയോടുകൂടി പറയട്ടെ: അനേകർ ക്രിസ്തുവിന്റെ ക്രൂശിന്റെ ശത്രുക്കളായിട്ടാണ് ജീവിക്കുന്നത്. അവർ നിത്യനാശത്തിലേക്കു പോകുന്നവരും ശാരീരികസംതൃപ്തിയെ അവരുടെ ദൈവമാക്കി പ്രതിഷ്ഠിച്ചവരും ലജ്ജാകരമായതിൽ അഭിമാനിക്കുന്നവരും ലൗകികകാര്യങ്ങൾമാത്രം ചിന്തിക്കുന്നവരുമാണ്. എന്നാൽ നാമോ, സ്വർഗീയപൗരർ അത്രേ. സ്വർഗത്തിൽനിന്ന് നമ്മുടെ രക്ഷകനായ, കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവിടന്ന് സകലത്തെയും തന്റെ അധീനതയിലാക്കാൻ കഴിയുന്ന ശക്തിയാൽ, അവിടത്തെ മഹത്ത്വമുള്ള ശരീരത്തിനു സമരൂപമായി നമ്മുടെ ഹീനശരീരങ്ങളെ രൂപാന്തരപ്പെടുത്തും.
ഫിലിപ്പിയർ 3 വായിക്കുക
കേൾക്കുക ഫിലിപ്പിയർ 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഫിലിപ്പിയർ 3:10-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ