ഫിലിപ്പിയർ 2:12-30
ഫിലിപ്പിയർ 2:12-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിപ്പിൻ. ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്. വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന് എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. അങ്ങനെ ഞാൻ ഓടിയതും അധ്വാനിച്ചതും വെറുതെയായില്ല എന്ന് ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും. എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോട് എല്ലാവരോടുംകൂടെ സന്തോഷിക്കും. അങ്ങനെതന്നെ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ; എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ട് എനിക്ക് മനം തണുക്കേണ്ടതിനു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ട് അയയ്ക്കാം എന്ന് കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു. നിങ്ങളെ സംബന്ധിച്ചു പരമാർഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. യേശുക്രിസ്തുവിന്റെ കാര്യമല്ല, സ്വന്തകാര്യമത്രേ എല്ലാവരും നോക്കുന്നു. അവനോ മകൻ അപ്പനു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവ ചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ. ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്ന് അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു. ഞാനും വേഗം വരും എന്ന് കർത്താവിൽ ആശ്രയിച്ചിരിക്കുന്നു. എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിനു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നത് ആവശ്യം എന്ന് എനിക്കു തോന്നി. അവൻ നിങ്ങളെ എല്ലാവരെയും കാൺമാൻ വാഞ്ഛിച്ചും താൻ ദീനമായിക്കിടന്നു എന്ന് നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു. അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണ ചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു. ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു. അവനെ കർത്താവിൽ പൂർണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ. എനിക്കുവേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയിപ്പോയത്.
ഫിലിപ്പിയർ 2:12-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോൾ എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, അതിലേറെ എന്റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂർവാധികം യത്നിക്കുക. ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളിൽ വർത്തിക്കുന്ന ദൈവമാണല്ലോ. എല്ലാ കാര്യങ്ങളും പിറുപിറുപ്പും തർക്കവും കൂടാതെ ചെയ്യുക. അങ്ങനെ വക്രതയും കുടിലതയും നിറഞ്ഞ തലമുറയുടെ നടുവിൽ നിങ്ങൾ കളങ്കമറ്റ ദൈവമക്കളായി, നിർമ്മലരും അനിന്ദ്യരും ആയിത്തീരണം; ലോകത്തിൽ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ദീപങ്ങളെപ്പോലെ പ്രകാശിക്കുകയും വേണം. അങ്ങനെ ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർഥമായില്ല എന്നു ക്രിസ്തുവിന്റെ പ്രത്യാഗമനനാളിൽ എനിക്ക് അഭിമാനിക്കുവാൻ ഇടയാകും. നിങ്ങളുടെ വിശ്വാസത്തിന്റെ ബലിവേദിയിൽ എന്റെ ജീവരക്തം നിവേദിക്കേണ്ടി വന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളെല്ലാവരോടുംകൂടി ഞാൻ ആനന്ദിക്കും. അതുപോലെ തന്നെ നിങ്ങളും എന്നോടുകൂടി സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യണം. നിങ്ങളുടെ വിവരങ്ങൾ അറിഞ്ഞു സന്തോഷിക്കേണ്ടതിന് തിമൊഥെയോസിനെ എത്രയുംവേഗം അങ്ങോട്ടയയ്‍ക്കാമെന്നു ഞാൻ കർത്താവായ യേശുവിൽ പ്രത്യാശിക്കുന്നു. അയാളെപ്പോലെ നിങ്ങളുടെ ക്ഷേമത്തിൽ താത്പര്യമുള്ള വേറൊരാളെ അയയ്‍ക്കുവാൻ എനിക്കില്ല. മറ്റുള്ള എല്ലാവരും യേശുക്രിസ്തുവിന്റെ കാര്യമല്ല, അവനവന്റെ കാര്യമാണു നോക്കുന്നത്. എന്നാൽ സുവിശേഷഘോഷണത്തിൽ ഒരു മകൻ അപ്പന്റെ കൂടെ എന്നവണ്ണം എന്നോടൊപ്പം സേവനം അനുഷ്ഠിച്ച തിമൊഥെയോസിന്റെ യോഗ്യത നിങ്ങൾക്ക് അറിയാമല്ലോ. അതുകൊണ്ട് എന്റെ കാര്യം എങ്ങനെ ആകും എന്ന് അറിഞ്ഞാലുടൻ അയാളെ അങ്ങോട്ടയയ്‍ക്കാമെന്ന് ആശിക്കുന്നു. ഞാനും കാലവിളംബംകൂടാതെ വരാമെന്നു കർത്താവിൽ പ്രതീക്ഷിക്കുന്നു. എന്റെ സഹോദരനും, സഹപ്രവർത്തകനും, സഹഭടനും, എന്റെ ആവശ്യങ്ങളിൽ എന്നെ പരിചരിക്കുന്നതിനായി നിങ്ങൾ അയച്ചവനുമായ എപ്പഫ്രൊദിത്തോസിനെ നിങ്ങളുടെ അടുക്കൽ തിരിച്ച് അയയ്‍ക്കേണ്ടത് ആവശ്യം എന്ന് എനിക്കു തോന്നി. നിങ്ങളെ എല്ലാവരെയും കാണാൻ അയാൾ അതിയായി ആഗ്രഹിക്കുന്നു. മാത്രമല്ല, താൻ രോഗശയ്യയിലായിരുന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ട് അയാൾ അത്യന്തം അസ്വസ്ഥനാകുകയും ചെയ്യുന്നു. വാസ്തവത്തിൽ അയാൾ രോഗാധീനനായി മരണത്തിന്റെ വക്കുവരെ എത്തിയതായിരുന്നു. എങ്കിലും ദൈവത്തിന് അയാളോടു കരുണ തോന്നി. അയാളോടു മാത്രമല്ല എന്നോടും. അങ്ങനെ ഒരു ദുഃഖത്തിന്റെ പുറത്തു മറ്റൊന്നുകൂടി വരാനിടയായില്ല. അങ്ങനെ അയാളെ വീണ്ടും കണ്ട് നിങ്ങൾ സന്തോഷിക്കുന്നതിനും എന്റെ ഉൽക്കണ്ഠ കുറയുന്നതിനുംവേണ്ടി അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു. കർത്താവിൽ ഒരു സഹോദരനെപ്പോലെ നിങ്ങൾ അയാളെ സന്തോഷപൂർവം സ്വീകരിക്കണം. അയാളെപ്പോലെയുള്ളവരെ ആദരിക്കണം; എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷ പൂർത്തീകരിക്കുവാൻ ക്രിസ്തുവിന്റെ വേല ചെയ്യുന്നതിനു തന്റെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് മരണത്തിന്റെ വക്കുവരെ അയാൾ എത്തിയല്ലോ.
ഫിലിപ്പിയർ 2:12-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്‌പ്പോഴും അനുസരിച്ചതുപോലെ എന്‍റെ സാന്നിദ്ധ്യത്തിൽ മാത്രമല്ല, എന്‍റെ അസാന്നിദ്ധ്യത്തിലും ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുവിൻ. എന്തെന്നാൽ, തന്‍റെ പ്രസാദത്തിനുവേണ്ടി ഇച്ഛിക്കുവാനും പ്രവർത്തിക്കുവാനുമായി നിങ്ങളിൽ ദൈവമാണ് പ്രവർത്തിക്കുന്നത്. വക്രവും വഴിപിഴച്ചതുമായ തലമുറയുടെ നടുവിൽ, നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളുമായ, ദൈവത്തിന്‍റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്, എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്യുവിൻ. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. അങ്ങനെ ഞാൻ ഓടിയതോ അദ്ധ്വാനിച്ചതോ വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്ക് പ്രശംസിക്കുവാൻ കാരണമാകും. എന്നാൽ നിങ്ങളുടെ വിശ്വാസത്തിന്‍റെ യാഗത്തിലും ശുശ്രൂഷയിലും പാനീയയാഗമായി എന്നെ ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോട് എല്ലാവരോടുംകൂടെ സന്തോഷിക്കും. അങ്ങനെ തന്നെ നിങ്ങളും സന്തോഷിക്കുവിൻ; എന്നോടുകൂടെ സന്തോഷിക്കുവിൻ. എന്നാൽ നിങ്ങളുടെ അവസ്ഥ അറിഞ്ഞിട്ട് ഞാൻ ഉന്മേഷവാനാകേണ്ടതിന്, തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ട് അയയ്ക്കാം എന്നു കർത്താവായ യേശുവിൽ ആശിക്കുന്നു. എന്തുകൊണ്ടെന്നാൽ നിങ്ങൾക്കുവേണ്ടി പരമാർത്ഥമായി കരുതുവാൻ അവനെപ്പോലെ എനിക്ക് മറ്റാരുമില്ല. യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമല്ലോ എല്ലാവരും നോക്കുന്നത്. എന്നാൽ ഒരു മകൻ തന്‍റെ അപ്പനെ ശുശ്രൂഷിക്കുന്നതുപോലെ, എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്ത് അവൻ യോഗ്യനെന്ന് തെളിയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിയുന്ന ഉടനെ ഞാൻ അവനെ അയക്കുവാൻ ആശിക്കുന്നു. എന്നിരുന്നാലും ഞാൻ വേഗം വരും എന്നു കർത്താവിൽ ഉറച്ചിരിക്കുന്നു. എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്‍റെ ആവശ്യത്തിൽ ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നത് അനിവാര്യം എന്നു എനിക്ക് തോന്നി. എന്തുകൊണ്ടെന്നാൽ, അവൻ നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കുവാൻ വാഞ്ചിച്ചും, താൻ രോഗിയായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ട് വ്യസനിച്ചുമിരുന്നു. അവൻ രോഗംപിടിച്ച് മരിക്കാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോട് കരുണചെയ്തു; അവനോട് മാത്രമല്ല, എനിക്ക് ദുഃഖത്തിന്മേൽ ദുഃഖം വരാതിരിക്കുവാൻ എന്നോടും കരുണചെയ്തു. ആകയാൽ നിങ്ങൾ അവനെ വീണ്ടും കാണുമ്പോൾ സന്തോഷിക്കുവാനും, എനിക്ക് ദുഃഖം കുറയുവാനും ഞാൻ അവനെ അധികം താല്പര്യത്തോടെ അയച്ചിരിക്കുന്നു. കർത്താവിൽ അവനെ പൂർണ്ണസന്തോഷത്തോടെ സ്വീകരിക്കുവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിതരായി കരുതുവിൻ. എന്തെന്നാൽ എനിക്ക് വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയിലുള്ള കുറവ് തീർക്കുവാനായി അവൻ തന്‍റെ പ്രാണനെ അപകടത്തിലാക്കി, ക്രിസ്തുവിന്‍റെ വേലനിമിത്തം മരണത്തോളം ആയി.
ഫിലിപ്പിയർ 2:12-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ. ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു. വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും. എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടും കൂടെ സന്തോഷിക്കും. അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ; എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു. നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു. അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ. ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു. ഞാനും വേഗം വരും എന്നു കർത്താവിൽ ആശ്രയിച്ചിരിക്കുന്നു. എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി. അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു. അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു. ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു. അവനെ കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ. എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.
ഫിലിപ്പിയർ 2:12-30 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക. അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്. എല്ലാക്കാര്യങ്ങളും പരിഭവവും വാഗ്വാദവുംകൂടാതെ ചെയ്യുക. അങ്ങനെ നിങ്ങൾ അനിന്ദ്യരും കുറ്റമറ്റവരും നിഷ്കളങ്കരുമായ, “ദൈവമക്കളായി, ജീവന്റെ വചനം മുറുകെ പിടിച്ചുകൊണ്ട്, വക്രതയും ധാർമികാധഃപതനവും സംഭവിച്ച തലമുറമധ്യേ” ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുക. അങ്ങനെ എന്റെ ഓട്ടവും അധ്വാനവും വൃഥാവായില്ല എന്ന് ക്രിസ്തുവിന്റെ മടങ്ങിവരവിൽ എനിക്ക് അഭിമാനിക്കാം. നിങ്ങളുടെ വിശ്വാസവർധനയ്ക്കുവേണ്ടി ഞാൻ അർപ്പിക്കുന്ന പൗരോഹിത്യശുശ്രൂഷയുടെമേൽ ഒരു പാനീയയാഗമായി അർപ്പിക്കപ്പെടേണ്ടിവന്നാലും ഞാൻ അതിൽ ആനന്ദിക്കും. നിങ്ങൾ എല്ലാവരുമായി ഈ ആനന്ദം ഞാൻ പങ്കിടുകയും ചെയ്യും. ആയതിനാൽ നിങ്ങളും ആനന്ദിക്കുക; എന്നോടുകൂടെ ഈ ആനന്ദം നിങ്ങളും പങ്കിടുക. കർത്താവായ യേശുവിന് ഹിതമായാൽ തിമോത്തിയോസിനെ എത്രയുംവേഗം നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞാൻ ആശിക്കുന്നു; അങ്ങനെ നിങ്ങളെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ് എനിക്കും ആനന്ദിക്കാൻ കഴിയും. നിങ്ങളുടെ കാര്യങ്ങൾ ആത്മാർഥമായി ശ്രദ്ധിക്കുന്നതിൽ, എന്റെ സമാനചിന്താഗതിയുള്ള മറ്റാരും എനിക്കില്ല. കാരണം, എല്ലാവരും സ്വന്തം താത്പര്യങ്ങൾ അല്ലാതെ യേശുക്രിസ്തുവിന്റെ താത്പര്യങ്ങൾ അന്വേഷിക്കുന്നതേയില്ല. എന്നാൽ, തിമോത്തിയോസിന്റെ സ്വഭാവവൈശിഷ്ട്യം നിങ്ങൾ അറിയുന്നല്ലോ. സുവിശേഷപ്രവർത്തനത്തിൽ, ഒരു പുത്രൻ തന്റെ പിതാവിനോടുകൂടെ എന്നപോലെ, അവൻ എന്നോടൊപ്പം അധ്വാനിച്ചിട്ടുണ്ട്. എനിക്ക് എന്തു സംഭവിക്കും എന്ന് അറിഞ്ഞാൽ ഉടൻതന്നെ അവനെ അങ്ങോട്ട് അയയ്ക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എത്രയുംവേഗം ഞാനും നിങ്ങളുടെ അടുക്കൽ വരുമെന്ന് കർത്താവിൽനിന്ന് എനിക്കുറപ്പുണ്ട്. എന്നാൽ, എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹസൈനികനുമായ എപ്പഫ്രൊദിത്തൊസിനെയും നിങ്ങളുടെ അടുക്കലേക്കു തിരിച്ചയയ്ക്കേണ്ടത് ആവശ്യമാണെന്നു ഞാൻ കരുതുന്നു. എന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ നിങ്ങൾ അയച്ച ദൂതനാണല്ലോ അദ്ദേഹം. നിങ്ങൾ എല്ലാവരെയും കാണാനായി അയാൾ വാഞ്ഛയോടെ കാത്തിരിക്കുന്നു; താൻ രോഗിയാണ് എന്നു നിങ്ങൾ കേട്ടതിനാൽ വ്യാകുലചിത്തനായി കഴിയുകയുംചെയ്യുന്നു. വാസ്തവത്തിൽ അയാൾ രോഗിയും മരിക്കാറായവനും ആയിരുന്നു. എന്നാൽ, ദൈവം അയാളോടു കരുണ കാണിച്ചു. അയാളോടുമാത്രമല്ല, എനിക്കു ദുഃഖത്തിനുമേൽ ദുഃഖം വരാതിരിക്കേണ്ടതിന് എന്നോടും കരുണചെയ്തു. നിങ്ങൾതമ്മിൽ വീണ്ടും കണ്ട് ആനന്ദിക്കാനും എന്റെ ദുഃഖം കുറയാനുമായി അയാളെ അങ്ങോട്ട് അയയ്ക്കണമെന്ന് ഞാൻ വളരെ ആഗ്രഹിക്കുന്നു. ഏറ്റവും ആനന്ദപൂർവം ക്രിസ്തീയസ്നേഹത്തിൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക, ഇപ്രകാരമുള്ളവരെ ബഹുമാനിക്കുക. ക്രിസ്തുവിനുവേണ്ടിയുള്ള ശുശ്രൂഷ അയാളെ മരണത്തിന്റെ വക്കുവരെ എത്തിച്ചിരുന്നു. നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയാതിരുന്നതിന്റെ കുറവ് നികത്താനാണ് അയാൾ ജീവൻ അപകടത്തിലാക്കിയത്.