ഫിലിപ്പിയർ 2:12-30
ഫിലിപ്പിയർ 2:12-30 MCV
അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക. അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്. എല്ലാക്കാര്യങ്ങളും പരിഭവവും വാഗ്വാദവുംകൂടാതെ ചെയ്യുക. അങ്ങനെ നിങ്ങൾ അനിന്ദ്യരും കുറ്റമറ്റവരും നിഷ്കളങ്കരുമായ, “ദൈവമക്കളായി, ജീവന്റെ വചനം മുറുകെ പിടിച്ചുകൊണ്ട്, വക്രതയും ധാർമികാധഃപതനവും സംഭവിച്ച തലമുറമധ്യേ” ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുക. അങ്ങനെ എന്റെ ഓട്ടവും അധ്വാനവും വൃഥാവായില്ല എന്ന് ക്രിസ്തുവിന്റെ മടങ്ങിവരവിൽ എനിക്ക് അഭിമാനിക്കാം. നിങ്ങളുടെ വിശ്വാസവർധനയ്ക്കുവേണ്ടി ഞാൻ അർപ്പിക്കുന്ന പൗരോഹിത്യശുശ്രൂഷയുടെമേൽ ഒരു പാനീയയാഗമായി അർപ്പിക്കപ്പെടേണ്ടിവന്നാലും ഞാൻ അതിൽ ആനന്ദിക്കും. നിങ്ങൾ എല്ലാവരുമായി ഈ ആനന്ദം ഞാൻ പങ്കിടുകയും ചെയ്യും. ആയതിനാൽ നിങ്ങളും ആനന്ദിക്കുക; എന്നോടുകൂടെ ഈ ആനന്ദം നിങ്ങളും പങ്കിടുക. കർത്താവായ യേശുവിന് ഹിതമായാൽ തിമോത്തിയോസിനെ എത്രയുംവേഗം നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞാൻ ആശിക്കുന്നു; അങ്ങനെ നിങ്ങളെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ് എനിക്കും ആനന്ദിക്കാൻ കഴിയും. നിങ്ങളുടെ കാര്യങ്ങൾ ആത്മാർഥമായി ശ്രദ്ധിക്കുന്നതിൽ, എന്റെ സമാനചിന്താഗതിയുള്ള മറ്റാരും എനിക്കില്ല. കാരണം, എല്ലാവരും സ്വന്തം താത്പര്യങ്ങൾ അല്ലാതെ യേശുക്രിസ്തുവിന്റെ താത്പര്യങ്ങൾ അന്വേഷിക്കുന്നതേയില്ല. എന്നാൽ, തിമോത്തിയോസിന്റെ സ്വഭാവവൈശിഷ്ട്യം നിങ്ങൾ അറിയുന്നല്ലോ. സുവിശേഷപ്രവർത്തനത്തിൽ, ഒരു പുത്രൻ തന്റെ പിതാവിനോടുകൂടെ എന്നപോലെ, അവൻ എന്നോടൊപ്പം അധ്വാനിച്ചിട്ടുണ്ട്. എനിക്ക് എന്തു സംഭവിക്കും എന്ന് അറിഞ്ഞാൽ ഉടൻതന്നെ അവനെ അങ്ങോട്ട് അയയ്ക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എത്രയുംവേഗം ഞാനും നിങ്ങളുടെ അടുക്കൽ വരുമെന്ന് കർത്താവിൽനിന്ന് എനിക്കുറപ്പുണ്ട്. എന്നാൽ, എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹസൈനികനുമായ എപ്പഫ്രൊദിത്തൊസിനെയും നിങ്ങളുടെ അടുക്കലേക്കു തിരിച്ചയയ്ക്കേണ്ടത് ആവശ്യമാണെന്നു ഞാൻ കരുതുന്നു. എന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ നിങ്ങൾ അയച്ച ദൂതനാണല്ലോ അദ്ദേഹം. നിങ്ങൾ എല്ലാവരെയും കാണാനായി അയാൾ വാഞ്ഛയോടെ കാത്തിരിക്കുന്നു; താൻ രോഗിയാണ് എന്നു നിങ്ങൾ കേട്ടതിനാൽ വ്യാകുലചിത്തനായി കഴിയുകയുംചെയ്യുന്നു. വാസ്തവത്തിൽ അയാൾ രോഗിയും മരിക്കാറായവനും ആയിരുന്നു. എന്നാൽ, ദൈവം അയാളോടു കരുണ കാണിച്ചു. അയാളോടുമാത്രമല്ല, എനിക്കു ദുഃഖത്തിനുമേൽ ദുഃഖം വരാതിരിക്കേണ്ടതിന് എന്നോടും കരുണചെയ്തു. നിങ്ങൾതമ്മിൽ വീണ്ടും കണ്ട് ആനന്ദിക്കാനും എന്റെ ദുഃഖം കുറയാനുമായി അയാളെ അങ്ങോട്ട് അയയ്ക്കണമെന്ന് ഞാൻ വളരെ ആഗ്രഹിക്കുന്നു. ഏറ്റവും ആനന്ദപൂർവം ക്രിസ്തീയസ്നേഹത്തിൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക, ഇപ്രകാരമുള്ളവരെ ബഹുമാനിക്കുക. ക്രിസ്തുവിനുവേണ്ടിയുള്ള ശുശ്രൂഷ അയാളെ മരണത്തിന്റെ വക്കുവരെ എത്തിച്ചിരുന്നു. നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയാതിരുന്നതിന്റെ കുറവ് നികത്താനാണ് അയാൾ ജീവൻ അപകടത്തിലാക്കിയത്.


