പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോൾ എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, അതിലേറെ എന്റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂർവാധികം യത്നിക്കുക. ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളിൽ വർത്തിക്കുന്ന ദൈവമാണല്ലോ. എല്ലാ കാര്യങ്ങളും പിറുപിറുപ്പും തർക്കവും കൂടാതെ ചെയ്യുക. അങ്ങനെ വക്രതയും കുടിലതയും നിറഞ്ഞ തലമുറയുടെ നടുവിൽ നിങ്ങൾ കളങ്കമറ്റ ദൈവമക്കളായി, നിർമ്മലരും അനിന്ദ്യരും ആയിത്തീരണം; ലോകത്തിൽ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ദീപങ്ങളെപ്പോലെ പ്രകാശിക്കുകയും വേണം. അങ്ങനെ ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർഥമായില്ല എന്നു ക്രിസ്തുവിന്റെ പ്രത്യാഗമനനാളിൽ എനിക്ക് അഭിമാനിക്കുവാൻ ഇടയാകും. നിങ്ങളുടെ വിശ്വാസത്തിന്റെ ബലിവേദിയിൽ എന്റെ ജീവരക്തം നിവേദിക്കേണ്ടി വന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളെല്ലാവരോടുംകൂടി ഞാൻ ആനന്ദിക്കും. അതുപോലെ തന്നെ നിങ്ങളും എന്നോടുകൂടി സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യണം. നിങ്ങളുടെ വിവരങ്ങൾ അറിഞ്ഞു സന്തോഷിക്കേണ്ടതിന് തിമൊഥെയോസിനെ എത്രയുംവേഗം അങ്ങോട്ടയയ്‍ക്കാമെന്നു ഞാൻ കർത്താവായ യേശുവിൽ പ്രത്യാശിക്കുന്നു. അയാളെപ്പോലെ നിങ്ങളുടെ ക്ഷേമത്തിൽ താത്പര്യമുള്ള വേറൊരാളെ അയയ്‍ക്കുവാൻ എനിക്കില്ല. മറ്റുള്ള എല്ലാവരും യേശുക്രിസ്തുവിന്റെ കാര്യമല്ല, അവനവന്റെ കാര്യമാണു നോക്കുന്നത്. എന്നാൽ സുവിശേഷഘോഷണത്തിൽ ഒരു മകൻ അപ്പന്റെ കൂടെ എന്നവണ്ണം എന്നോടൊപ്പം സേവനം അനുഷ്ഠിച്ച തിമൊഥെയോസിന്റെ യോഗ്യത നിങ്ങൾക്ക് അറിയാമല്ലോ. അതുകൊണ്ട് എന്റെ കാര്യം എങ്ങനെ ആകും എന്ന് അറിഞ്ഞാലുടൻ അയാളെ അങ്ങോട്ടയയ്‍ക്കാമെന്ന് ആശിക്കുന്നു. ഞാനും കാലവിളംബംകൂടാതെ വരാമെന്നു കർത്താവിൽ പ്രതീക്ഷിക്കുന്നു. എന്റെ സഹോദരനും, സഹപ്രവർത്തകനും, സഹഭടനും, എന്റെ ആവശ്യങ്ങളിൽ എന്നെ പരിചരിക്കുന്നതിനായി നിങ്ങൾ അയച്ചവനുമായ എപ്പഫ്രൊദിത്തോസിനെ നിങ്ങളുടെ അടുക്കൽ തിരിച്ച് അയയ്‍ക്കേണ്ടത് ആവശ്യം എന്ന് എനിക്കു തോന്നി. നിങ്ങളെ എല്ലാവരെയും കാണാൻ അയാൾ അതിയായി ആഗ്രഹിക്കുന്നു. മാത്രമല്ല, താൻ രോഗശയ്യയിലായിരുന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ട് അയാൾ അത്യന്തം അസ്വസ്ഥനാകുകയും ചെയ്യുന്നു. വാസ്തവത്തിൽ അയാൾ രോഗാധീനനായി മരണത്തിന്റെ വക്കുവരെ എത്തിയതായിരുന്നു. എങ്കിലും ദൈവത്തിന് അയാളോടു കരുണ തോന്നി. അയാളോടു മാത്രമല്ല എന്നോടും. അങ്ങനെ ഒരു ദുഃഖത്തിന്റെ പുറത്തു മറ്റൊന്നുകൂടി വരാനിടയായില്ല. അങ്ങനെ അയാളെ വീണ്ടും കണ്ട് നിങ്ങൾ സന്തോഷിക്കുന്നതിനും എന്റെ ഉൽക്കണ്ഠ കുറയുന്നതിനുംവേണ്ടി അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു. കർത്താവിൽ ഒരു സഹോദരനെപ്പോലെ നിങ്ങൾ അയാളെ സന്തോഷപൂർവം സ്വീകരിക്കണം. അയാളെപ്പോലെയുള്ളവരെ ആദരിക്കണം; എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷ പൂർത്തീകരിക്കുവാൻ ക്രിസ്തുവിന്റെ വേല ചെയ്യുന്നതിനു തന്റെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് മരണത്തിന്റെ വക്കുവരെ അയാൾ എത്തിയല്ലോ.
FILIPI 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: FILIPI 2:12-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ