ഫിലിപ്പിയർ 2

2
1ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ, 2നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ട് ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണമാക്കുവിൻ. 3ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊൾവിൻ. 4ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. 5ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. 6അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം 7എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു 8മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു. 9അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമത്തിനും മേലായ നാമം നല്കി; 10അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുകയും 11എല്ലാ നാവും “യേശുക്രിസ്തു കർത്താവ്” എന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
12അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിപ്പിൻ. 13ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്. 14വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന് എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിൻ. 15അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. 16അങ്ങനെ ഞാൻ ഓടിയതും അധ്വാനിച്ചതും വെറുതെയായില്ല എന്ന് ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും. 17എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോട് എല്ലാവരോടുംകൂടെ സന്തോഷിക്കും. 18അങ്ങനെതന്നെ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ;
19എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ട് എനിക്ക് മനം തണുക്കേണ്ടതിനു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ട് അയയ്ക്കാം എന്ന് കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു. 20നിങ്ങളെ സംബന്ധിച്ചു പരമാർഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. 21യേശുക്രിസ്തുവിന്റെ കാര്യമല്ല, സ്വന്തകാര്യമത്രേ എല്ലാവരും നോക്കുന്നു. 22അവനോ മകൻ അപ്പനു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവ ചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ. 23ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്ന് അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു. 24ഞാനും വേഗം വരും എന്ന് കർത്താവിൽ ആശ്രയിച്ചിരിക്കുന്നു. 25എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിനു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നത് ആവശ്യം എന്ന് എനിക്കു തോന്നി. 26അവൻ നിങ്ങളെ എല്ലാവരെയും കാൺമാൻ വാഞ്ഛിച്ചും താൻ ദീനമായിക്കിടന്നു എന്ന് നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു. 27അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണ ചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു. 28ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു. 29അവനെ കർത്താവിൽ പൂർണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ. 30എനിക്കുവേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയിപ്പോയത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ഫിലിപ്പിയർ 2: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക