ഓബദ്യാവ് 1:8-15

ഓബദ്യാവ് 1:8-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നാളിൽ ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പർവതത്തിൽനിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്. ഏശാവിന്റെ പർവതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാൻ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാർ ഭ്രമിച്ചുപോകും. നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും. നീ എതിരേ നിന്ന നാളിൽ അന്യജാതിക്കാർ അവന്റെ സമ്പത്ത് അപഹരിച്ചുകൊണ്ടുപോകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിനു ചീട്ടിടുകയും ചെയ്ത നാളിൽത്തന്നെ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു. നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല. എന്റെ ജനത്തിന്റെ അപായദിവസത്തിൽ നീ അവരുടെ വാതിലിനകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനർഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വയ്ക്കേണ്ടതല്ല. അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാൻ നീ വഴിത്തലയ്ക്കൽ നില്ക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല. സകല ജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽതന്നെ മടങ്ങിവരും.

ഓബദ്യാവ് 1:8-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്നു ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ മലയിൽനിന്നു വിവേകികളെയും നശിപ്പിച്ചുകളയുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. അതിനാൽ തേമാനേ, നിന്റെ വീരപുരുഷന്മാർ സംഭ്രമിച്ചുപോകും. എദോമിലുള്ള സകല ആളുകളും കൂട്ടക്കൊല ചെയ്യപ്പെടും. നിന്റെ സഹോദരരായ യാക്കോബുവംശജരോടു നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; നീ എന്നേക്കുമായി ഛേദിക്കപ്പെടും. അന്നു ശത്രുക്കൾ അവരുടെ ഗോപുരങ്ങൾ ഭേദിച്ച് അകത്തു കടന്നപ്പോൾ നീ മാറി നില്‌ക്കുകയായിരുന്നു. അന്ന് അന്യദേശക്കാർ യെരൂശലേമിന്റെ സമ്പത്ത് അപഹരിച്ചപ്പോൾ നീയും അവരിൽ ഒരാളെപ്പോലെ ആയിരുന്നു. യെഹൂദായിലെ നിന്റെ സഹോദരന്മാരുടെ ദൗർഭാഗ്യനാളിൽ നീ ഗർവുപൂണ്ട് ആഹ്ലാദിച്ചുകൂടായിരുന്നു. അവരുടെ അനർഥദിവസത്തെയോർത്തു നീ സന്തോഷിക്കരുതായിരുന്നു. അവരുടെ സങ്കടനാളിൽ അവരെ പരിഹസിക്കരുതായിരുന്നു. എന്റെ ജനത്തിന്റെ അനർഥദിവസത്തിൽ അവരുടെ കവാടത്തിനുള്ളിൽ നീ പ്രവേശിക്കരുതായിരുന്നു. അവരുടെ കഷ്ടകാലത്ത് അവരുടെ വിപത്തുകണ്ട് നീ രസിക്കരുതായിരുന്നു. അവരുടെ ആപത്തുകാലത്ത് അവരുടെ വസ്തുവകകൾ കൊള്ള ചെയ്യരുതായിരുന്നു. ഓടിപ്പോകുന്നവരെ വധിക്കാൻ വഴിക്കവലയിൽ നീ നില്‌ക്കരുതായിരുന്നു. ദുരിതദിവസത്തിൽ അവരിൽ ശേഷിച്ചവരെ നീ ശത്രുക്കൾക്ക് ഏല്പിച്ചുകൊടുക്കരുതായിരുന്നു. എല്ലാ ജനതകളുടെയുംമേൽ സർവേശ്വരന്റെ ദിവസം ഉടനെ വരും. എദോമേ, നീ പ്രവർത്തിച്ചതുപോലെ തന്നെ നിന്നോടും പ്രവർത്തിക്കും. നിന്റെ പ്രവൃത്തികൾ നിന്റെ തലയിൽതന്നെ നിപതിക്കും.

ഓബദ്യാവ് 1:8-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്‍റെ പർവ്വതത്തിൽനിന്ന് വിവേകത്തെയും നശിപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്. ഏശാവിന്‍റെ പർവ്വതത്തിൽ ഉള്ള യാതൊരുവനും വെട്ടേറ്റ് ഛേദിക്കപ്പെടുവാൻ തക്കവിധം തേമാനേ, നിന്‍റെ വീരന്മാർ പരിഭ്രമിച്ചുപോകും. “നിന്‍റെ സഹോദരനായ യാക്കോബിനോട് നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും. നീ അകന്നുനിന്ന നാളിൽ, പരദേശികൾ അവന്‍റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും അന്യദേശക്കാർ അവന്‍റെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിനു ചീട്ടിടുകയും ചെയ്തനാളിൽ തന്നെ, നീയും അവരിൽ ഒരുവനെപ്പോലെ ആയിരുന്നു. നിന്‍റെ സഹോദരന്‍റെ ദിവസം, അവന്‍റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കരുതായിരുന്നു; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ വിനാശദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു. എന്‍റെ ജനത്തിന്‍റെ അനർത്ഥദിവസത്തിൽ നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു. അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ നീ വഴിത്തലക്കൽ നിൽക്കരുതായിരുന്നു; കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു. സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്‍റെ പ്രവൃത്തി നിന്‍റെ തലമേൽ തന്നെ മടങ്ങിവരും.

ഓബദ്യാവ് 1:8-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നാളിൽ ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പർവ്വതത്തിൽ നിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഏശാവിന്റെ പർവ്വതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാൻ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാർ ഭ്രമിച്ചുപോകും. നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും. നീ എതിരെ നിന്ന നാളിൽ, അന്യജാതിക്കാർ അവന്റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളിൽ തന്നേ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു. നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല. എന്റെ ജനത്തിന്റെ അപായദിവസത്തിൽ നീ അവരുടെ വാതിലിന്നകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കേണ്ടതല്ല. അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാൻ നീ വഴിത്തലെക്കൽ നിൽക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല. സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.

ഓബദ്യാവ് 1:8-15 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അന്നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്റെ പർവതത്തിൽനിന്ന് വിവേകികളെയും നശിപ്പിക്കുകയില്ലേ? തേമാനേ, നിന്റെ വീരന്മാർ പരിഭ്രാന്തരായിത്തീരുകയും ഏശാവിന്റെ പർവതങ്ങളിലുള്ള ഏവരും വെട്ടേറ്റു നശിച്ചുപോകുകയും ചെയ്യും. നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത അക്രമംനിമിത്തം, ലജ്ജ നിന്നെ മൂടും; നീ എന്നേക്കുമായി നശിപ്പിക്കപ്പെടും. അപരിചിതർ അദ്ദേഹത്തിന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും വിദേശികൾ അദ്ദേഹത്തിന്റെ കവാടങ്ങളിൽക്കൂടി കടന്ന് ജെറുശലേമിനു നറുക്കിടുകയും ചെയ്ത ദിവസം നീ അകന്നുനിന്നു, നീയും അവരിൽ ഒരാളെപ്പോലെ ആയിരുന്നു. നിന്റെ സഹോദരന്റെ ദൗർഭാഗ്യദിനത്തിൽ നീ അവന്റെ നാശം കണ്ട് ആഹ്ലാദിക്കരുതായിരുന്നു, യെഹൂദാജനത്തെക്കുറിച്ച് അവരുടെ വിനാശദിനത്തിൽ നീ ആനന്ദിക്കരുതായിരുന്നു, അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു. എന്റെ ജനത്തിന്റെ അനർഥദിവസത്തിൽ അവരുടെ കവാടങ്ങൾക്കുള്ളിൽ നീ കടക്കരുതായിരുന്നു; അനർഥദിവസത്തിൽ അവരുടെ അത്യാപത്തിൽ നീ ആഹ്ലാദിക്കരുതായിരുന്നു, അവരുടെ അനർഥദിവസത്തിൽ നീ അവരുടെ സമ്പത്ത് കൊള്ളയടിക്കരുതായിരുന്നു. അവരിലെ പലായിതരെ വെട്ടിമുറിക്കാൻ വഴിത്തലയ്ക്കൽ നീ കാത്തുനിൽക്കരുതായിരുന്നു, ദുരിതദിനത്തിൽ അവരിൽ ശേഷിച്ചിട്ടുണ്ടായിരുന്നവരെ നീ ഏൽപ്പിച്ചുകൊടുക്കരുതായിരുന്നു. “സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു. നീ ചെയ്തതുതന്നെ നിന്നോടും ചെയ്യും; നിന്റെ ചെയ്തികൾ നിന്റെ തലമേൽത്തന്നെ മടങ്ങിവരും.