ഓബദ്യാവു 1:8-15

ഓബദ്യാവു 1:8-15 MCV

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അന്നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്റെ പർവതത്തിൽനിന്ന് വിവേകികളെയും നശിപ്പിക്കുകയില്ലേ? തേമാനേ, നിന്റെ വീരന്മാർ പരിഭ്രാന്തരായിത്തീരുകയും ഏശാവിന്റെ പർവതങ്ങളിലുള്ള ഏവരും വെട്ടേറ്റു നശിച്ചുപോകുകയും ചെയ്യും. നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത അക്രമംനിമിത്തം, ലജ്ജ നിന്നെ മൂടും; നീ എന്നേക്കുമായി നശിപ്പിക്കപ്പെടും. അപരിചിതർ അദ്ദേഹത്തിന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും വിദേശികൾ അദ്ദേഹത്തിന്റെ കവാടങ്ങളിൽക്കൂടി കടന്ന് ജെറുശലേമിനു നറുക്കിടുകയും ചെയ്ത ദിവസം നീ അകന്നുനിന്നു, നീയും അവരിൽ ഒരാളെപ്പോലെ ആയിരുന്നു. നിന്റെ സഹോദരന്റെ ദൗർഭാഗ്യദിനത്തിൽ നീ അവന്റെ നാശം കണ്ട് ആഹ്ലാദിക്കരുതായിരുന്നു, യെഹൂദാജനത്തെക്കുറിച്ച് അവരുടെ വിനാശദിനത്തിൽ നീ ആനന്ദിക്കരുതായിരുന്നു, അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു. എന്റെ ജനത്തിന്റെ അനർഥദിവസത്തിൽ അവരുടെ കവാടങ്ങൾക്കുള്ളിൽ നീ കടക്കരുതായിരുന്നു; അനർഥദിവസത്തിൽ അവരുടെ അത്യാപത്തിൽ നീ ആഹ്ലാദിക്കരുതായിരുന്നു, അവരുടെ അനർഥദിവസത്തിൽ നീ അവരുടെ സമ്പത്ത് കൊള്ളയടിക്കരുതായിരുന്നു. അവരിലെ പലായിതരെ വെട്ടിമുറിക്കാൻ വഴിത്തലയ്ക്കൽ നീ കാത്തുനിൽക്കരുതായിരുന്നു, ദുരിതദിനത്തിൽ അവരിൽ ശേഷിച്ചിട്ടുണ്ടായിരുന്നവരെ നീ ഏൽപ്പിച്ചുകൊടുക്കരുതായിരുന്നു. “സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു. നീ ചെയ്തതുതന്നെ നിന്നോടും ചെയ്യും; നിന്റെ ചെയ്തികൾ നിന്റെ തലമേൽത്തന്നെ മടങ്ങിവരും.