ഓബദ്യാവു 1:8-15

ഓബദ്യാവു 1:8-15 വേദപുസ്തകം

അന്നാളിൽ ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പർവ്വതത്തിൽ നിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഏശാവിന്റെ പർവ്വതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാൻ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാർ ഭ്രമിച്ചുപോകും. നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും. നീ എതിരെ നിന്ന നാളിൽ, അന്യജാതിക്കാർ അവന്റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളിൽ തന്നേ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു. നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല. എന്റെ ജനത്തിന്റെ അപായദിവസത്തിൽ നീ അവരുടെ വാതിലിന്നകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കേണ്ടതല്ല. അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാൻ നീ വഴിത്തലെക്കൽ നിൽക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല. സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.