OBADIA 1

1
1ഓബദ്യായുടെ ദർശനം: എദോമിനെക്കുറിച്ച് കർത്താവായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ജനതകളുടെ ഇടയിലേക്കു സർവേശ്വരൻ ഒരു ദൂതനെ അയച്ചിരിക്കുന്നു; അവിടുത്തെ സന്ദേശം ഞങ്ങൾ കേട്ടിരിക്കുന്നു. എഴുന്നേല്‌ക്കുവിൻ, എദോമിനോടു യുദ്ധം ചെയ്യാൻ പുറപ്പെടുവിൻ. 2സർവേശ്വരൻ എദോമിനോട് അരുളിച്ചെയ്യുന്നു: നോക്കൂ, ജനതകളുടെ ഇടയിൽ ഞാൻ നിന്നെ ദുർബലയാക്കും. നീ എല്ലാവരാലും വെറുക്കപ്പെടും. 3പാറയുടെ വിള്ളലുകളിൽ വസിക്കുന്നവളും ഉന്നതസ്ഥലത്തു പാർക്കുന്നവളും എന്നെ ആരു നിലത്തു തള്ളിയിടുമെന്നു പറയുന്നവളുമായ നിന്നെ, നിന്റെ അഹങ്കാരം ചതിച്ചിരിക്കുന്നു. 4നീ കഴുകനെപ്പോലെ പറന്നുയർന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെയിറക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
5തസ്കരന്മാരോ കൊള്ളക്കാരോ രാത്രിയിൽ വന്നാൽ അവർക്കു വേണ്ടിടത്തോളമല്ലേ മോഷ്‍ടിക്കൂ? മുന്തിരിപ്പഴം പറിക്കുന്നവർ കാലാ പെറുക്കുവാനുള്ളതു ശേഷിപ്പിക്കാതിരിക്കുമോ? എന്നാൽ നീ നിശ്ശേഷം നശിച്ചുപോയല്ലോ! 6ഏശാവിന്റെ വംശജരേ, നിങ്ങളുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കപ്പെട്ടു. നിന്റെ സകല മിത്രങ്ങളും നിന്നെ വഞ്ചിച്ചു. 7അതിർത്തിപ്രദേശംവരെ നിന്നെ ഓടിച്ചുകളഞ്ഞു. നിന്നോടു സഖ്യം ചെയ്തവർ നിന്നെ തോല്പിച്ചിരിക്കുന്നു. നിന്റെ വിശ്വസ്തമിത്രങ്ങൾ നിനക്കു കെണിയൊരുക്കി; അവരുടെ സാമർഥ്യം എവിടെപ്പോയി എന്ന് അവർ നിങ്ങളെപ്പറ്റി പറയുന്നു. 8അന്നു ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ #1:8 മലയിൽ = എദോം.മലയിൽനിന്നു വിവേകികളെയും നശിപ്പിച്ചുകളയുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 9അതിനാൽ തേമാനേ, നിന്റെ വീരപുരുഷന്മാർ സംഭ്രമിച്ചുപോകും. എദോമിലുള്ള സകല ആളുകളും കൂട്ടക്കൊല ചെയ്യപ്പെടും. 10നിന്റെ സഹോദരരായ യാക്കോബുവംശജരോടു നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; നീ എന്നേക്കുമായി ഛേദിക്കപ്പെടും. 11അന്നു ശത്രുക്കൾ അവരുടെ ഗോപുരങ്ങൾ ഭേദിച്ച് അകത്തു കടന്നപ്പോൾ നീ മാറി നില്‌ക്കുകയായിരുന്നു. അന്ന് അന്യദേശക്കാർ യെരൂശലേമിന്റെ സമ്പത്ത് അപഹരിച്ചപ്പോൾ നീയും അവരിൽ ഒരാളെപ്പോലെ ആയിരുന്നു. 12യെഹൂദായിലെ നിന്റെ സഹോദരന്മാരുടെ ദൗർഭാഗ്യനാളിൽ നീ ഗർവുപൂണ്ട് ആഹ്ലാദിച്ചുകൂടായിരുന്നു. അവരുടെ അനർഥദിവസത്തെയോർത്തു നീ സന്തോഷിക്കരുതായിരുന്നു. അവരുടെ സങ്കടനാളിൽ അവരെ പരിഹസിക്കരുതായിരുന്നു. 13എന്റെ ജനത്തിന്റെ അനർഥദിവസത്തിൽ അവരുടെ കവാടത്തിനുള്ളിൽ നീ പ്രവേശിക്കരുതായിരുന്നു. അവരുടെ കഷ്ടകാലത്ത് അവരുടെ വിപത്തുകണ്ട് നീ രസിക്കരുതായിരുന്നു. അവരുടെ ആപത്തുകാലത്ത് അവരുടെ വസ്തുവകകൾ കൊള്ള ചെയ്യരുതായിരുന്നു. 14ഓടിപ്പോകുന്നവരെ വധിക്കാൻ വഴിക്കവലയിൽ നീ നില്‌ക്കരുതായിരുന്നു. ദുരിതദിവസത്തിൽ അവരിൽ ശേഷിച്ചവരെ നീ ശത്രുക്കൾക്ക് ഏല്പിച്ചുകൊടുക്കരുതായിരുന്നു.
സർവേശ്വരന്റെ വിധിനാൾ
15എല്ലാ ജനതകളുടെയുംമേൽ സർവേശ്വരന്റെ ദിവസം ഉടനെ വരും. എദോമേ, നീ പ്രവർത്തിച്ചതുപോലെ തന്നെ നിന്നോടും പ്രവർത്തിക്കും. നിന്റെ പ്രവൃത്തികൾ നിന്റെ തലയിൽതന്നെ നിപതിക്കും. 16എന്റെ വിശുദ്ധപർവതത്തിൽവച്ച് എന്റെ ജനം കുടിച്ചതുപോലെ ചുറ്റുമുള്ള സകല ജനതകളും ശിക്ഷയുടെ പാനപാത്രം കുടിക്കും. അവർ കുടിച്ചു വേച്ചുപോകും. ജനിച്ചിട്ടേ ഇല്ല എന്നു തോന്നുംവിധം അവർ അപ്രത്യക്ഷരാകും. 17എന്നാൽ സീയോൻപർവതത്തിൽ രക്ഷപെട്ടവർ ഉണ്ടായിരിക്കും. അവിടം വിശുദ്ധമായിരിക്കും. യാക്കോബിന്റെ വംശജർ തങ്ങളുടെ അവകാശഭൂമി കൈവശമാക്കും. 18അന്ന് യാക്കോബിന്റെയും യോസേഫിന്റെയും ഭവനങ്ങൾ അഗ്നി ആയിരിക്കും. അവർ ഏശാവിന്റെ ഭവനത്തെ അഗ്നി വയ്‍ക്കോലിനെ എന്നപോലെ ദഹിപ്പിക്കും. ഏശാവിന്റെ ഗൃഹത്തിൽ ആരും ശേഷിക്കുകയില്ല. ഇത് സർവേശ്വരന്റെ വചനം. 19നെഗബിലുള്ളവർ ഏശാവിന്റെ മലയും താഴ്‌വരയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശപ്പെടുത്തും. ഇസ്രായേൽജനം എഫ്രയീംപ്രദേശവും ശമര്യാപ്രദേശവും കൈവശമാക്കും. ബെന്യാമീൻഗോത്രക്കാർ ഗിലെയാദു സ്വന്തമാക്കും. 20ഉത്തര ഇസ്രായേലിൽനിന്നു പ്രവാസികളായിപ്പോയ സൈന്യം തിരിച്ചുവന്നു ഫിനിഷ്യമുതൽ വടക്കോട്ട് സാരെഫാത്ത് വരെയുള്ള പ്രദേശങ്ങൾ പിടിച്ചടക്കും; സെഫാരെദിലുള്ള യെരൂശലേംപ്രവാസികൾ നെഗബിലെ പട്ടണങ്ങൾ കൈവശമാക്കും. 21ഏശാവിന്റെ പർവതത്തെ ഭരിക്കാൻ യെരൂശലേമിലെ വീരന്മാർ സീയോൻപർവതത്തിലേക്കു കയറിച്ചെല്ലും. സർവേശ്വരൻ എന്നും രാജാവായിരിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

OBADIA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക