സംഖ്യാപുസ്തകം 9:1-14
സംഖ്യാപുസ്തകം 9:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: യിസ്രായേൽമക്കൾ പെസഹ അതിനു നിശ്ചയിച്ച സമയത്ത് ആചരിക്കേണം. അതിനു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തീയതി വൈകുന്നേരം അത് ആചരിക്കേണം; അതിന്റെ എല്ലാ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരണയായി നിങ്ങൾ അത് ആചരിക്കേണം. പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു. എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിപ്പാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നുതന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്: ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാൻ ഞങ്ങളെ മുടക്കുന്നത് എന്ത് എന്നു ചോദിച്ചു. മോശെ അവരോട്: നില്പിൻ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നത് എന്ത് എന്നു ഞാൻ കേൾക്കട്ടെ എന്നു പറഞ്ഞു. എന്നാറെ യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവൻ യഹോവയ്ക്കു പെസഹ ആചരിക്കേണം. രണ്ടാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടെ അതു ഭക്ഷിക്കേണം. രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിച്ചു വയ്ക്കരുത്; അതിന്റെ അസ്ഥി ഒന്നും ഒടിക്കയും അരുത്; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവർ അത് ആചരിക്കേണം. എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ട് അവൻ തന്റെ പാപം വഹിക്കേണം. നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കേണമെങ്കിൽ പെസഹായുടെ ചട്ടത്തിനും നിയമത്തിനും അനുസരണയായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടംതന്നെ ആയിരിക്കേണം.
സംഖ്യാപുസ്തകം 9:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം വർഷം ഒന്നാം മാസം സീനായ്മരുഭൂമിയിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നിശ്ചിതസമയത്തുതന്നെ ഇസ്രായേൽജനം പെസഹ ആചരിക്കണം. ഈ മാസം പതിനാലാം ദിവസം വൈകുന്നേരം ചട്ടങ്ങൾക്കും അനുശാസനങ്ങൾക്കും അനുസൃതമായി അത് ആചരിക്കേണ്ടതാണ്.” അരുളപ്പാടിൻപ്രകാരം ഇസ്രായേൽജനത്തോടു പെസഹ ആചരിക്കാൻ മോശ പറഞ്ഞു. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ സീനായ്മരുഭൂമിയിൽവച്ച് ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം അവർ പെസഹ ആചരിച്ചു. മൃതശരീരം സ്പർശിച്ചതിനാൽ അശുദ്ധരായിത്തീർന്ന ചിലർക്ക് അന്നു പെസഹ ആചരിക്കാൻ കഴിഞ്ഞില്ല; അവർ അന്നുതന്നെ മോശയുടെയും അഹരോന്റെയും അടുക്കൽ ചെന്ന്: ‘മൃതശരീരം സ്പർശിച്ചുപോയതിനാൽ ഞങ്ങൾ അശുദ്ധരായിരിക്കുന്നു; മറ്റുള്ളവരോടൊത്തു നിശ്ചിതസമയത്തു സർവേശ്വരനുള്ള വഴിപാട് അർപ്പിക്കുന്നതിൽനിന്നു ഞങ്ങളെ വിലക്കണമോ’ എന്നു ചോദിച്ചു. മോശ അവരോടു: “സർവേശ്വരൻ അവിടുത്തെ ഹിതം എന്തെന്ന് എന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കുക” എന്നു മറുപടി നല്‌കി. സർവേശ്വരൻ മോശയോടു കല്പിച്ചു: “ഇസ്രായേൽജനത്തോടു പറയുക, നിങ്ങളോ നിങ്ങളുടെ പിൻതലമുറക്കാരിൽ ആരെങ്കിലുമോ ശവത്തെ സ്പർശിച്ച് അശുദ്ധനാകയോ, ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താൽപോലും അവർ പെസഹ ആചരിക്കണം. എന്നാൽ രണ്ടാം മാസം പതിനാലാം ദിവസം വൈകിട്ടു പുളിപ്പു ചേർക്കാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടി അവർ പെസഹ ഭക്ഷിക്കട്ടെ. അടുത്ത പ്രഭാതത്തിലേക്കു ശേഷിപ്പിക്കരുത്. പെസഹാമൃഗത്തിന്റെ ഒരു എല്ലുപോലും ഒടിക്കരുത്. പെസഹയുടെ ചട്ടങ്ങളെല്ലാം അവർ അനുസരിക്കയും വേണം. ആചാരപരമായി ശുദ്ധിയുള്ളവനും ദൂരയാത്രയിൽ അല്ലാത്തവനുമായ ആരെങ്കിലും പെസഹ ആചരിക്കാതെയിരുന്നാൽ അവനെ സ്വജനങ്ങളുടെ ഇടയിൽനിന്നു ബഹിഷ്കരിക്കണം. നിശ്ചിതസമയത്തു സർവേശ്വരനു കാഴ്ച അർപ്പിക്കാത്തതിനാൽ പാപത്തിനുള്ള ശിക്ഷ അവൻ ഏല്‌ക്കേണ്ടതാണ്. നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പരദേശി സർവേശ്വരനു പെസഹ ആചരിക്കാൻ ഇച്ഛിക്കുന്നെങ്കിൽ അതിന്റെ ചട്ടങ്ങളും വിധികളും അനുസരിച്ചുതന്നെ അവൻ അത് ആചരിക്കട്ടെ; സ്വദേശിക്കും പരദേശിക്കും അനുഷ്ഠാനമുറകൾ ഒന്നുതന്നെ.”
സംഖ്യാപുസ്തകം 9:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്നതിൻ്റെ രണ്ടാം വര്‍ഷം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു: “യിസ്രായേൽ മക്കൾ പെസഹ അതിന് നിശ്ചയിച്ച സമയത്ത് ആചരിക്കേണം. അതിന് നിശ്ചയിച്ച സമയമായ ഈ മാസം പതിനാലാം തീയതി വൈകുന്നേരം അത് ആചരിക്കേണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി നിങ്ങൾ അത് ആചരിക്കേണം.” ‘പെസഹ ആചരിക്കണമെന്ന്’ മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു. അങ്ങനെ അവർ ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ച് പെസഹ ആചരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു. എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിക്കുവാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നു തന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്: “ഞങ്ങൾ ഒരുവന്‍റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽ മക്കളുടെ ഇടയിൽ യഹോവയുടെ വഴിപാട് കഴിക്കാതിരിക്കുവാൻ ഞങ്ങളെ ഒഴിവാക്കുന്നത് എന്ത്” എന്നു ചോദിച്ചു. മോശെ അവരോട്: “നില്പിൻ; യഹോവ നിങ്ങളെക്കുറിച്ച് കല്പിക്കുന്നത് എന്ത് എന്നു ഞാൻ കേൾക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത് “നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ ആരെങ്കിലും ശവത്താൽ അശുദ്ധനാകുകയോ ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താലും അവൻ യഹോവയ്ക്ക് പെസഹ ആചരിക്കേണം. രണ്ടാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ച് പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടി അത് ഭക്ഷിക്കേണം. രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിക്കരുത്; അതിന്‍റെ അസ്ഥിയൊന്നും ഒടിക്കുകയും അരുത്; പെസഹയുടെ ചട്ടപ്രകാരം അവർ അത് ആചരിക്കേണം. എന്നാൽ ശുദ്ധിയുള്ളവനും യാത്രയിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവനെ അവന്‍റെ ജനത്തിൽനിന്ന് ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാട് കഴിക്കായ്കകൊണ്ട് അവൻ തന്റെ പാപം വഹിക്കേണം. നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ പെസഹയുടെ ചട്ടത്തിനും നിയമത്തിനും വിധേയമായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടം തന്നെ ആയിരിക്കേണം.
സംഖ്യാപുസ്തകം 9:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: യിസ്രായേൽമക്കൾ പെസഹ അതിന്നു നിശ്ചയിച്ച സമയത്തു ആചരിക്കേണം. അതിന്നു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തിയ്യതി വൈകുന്നേരം അതു ആചരിക്കേണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരണയായി നിങ്ങൾ അതു ആചരിക്കേണം. പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു സീനായിമരുഭൂമിയിൽവെച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു. എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ടു ആ നാളിൽ പെസഹ ആചരിപ്പാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നുതന്നേ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്നു അവനോടു: ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്തു യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാൻ ഞങ്ങളെ മുടക്കുന്നതു എന്തു എന്നു ചോദിച്ചു. മോശെ അവരോടു: നില്പിൻ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നതു എന്തു എന്നു ഞാൻ കേൾക്കട്ടെ എന്നു പറഞ്ഞു. എന്നാറെ യഹോവ മോശെയോടു അരുളിച്ചെയ്തതു. നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവൻ യഹോവെക്കു പെസഹ ആചരിക്കേണം. രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു അവർ അതു ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതു ഭക്ഷിക്കേണം. രാവിലത്തേക്കു അതിൽ ഒന്നും ശേഷിപ്പിച്ചുവെക്കരുതു; അതിന്റെ അസ്ഥിയൊന്നും ഒടിക്കയും അരുതു; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവർ അതു ആചരിക്കേണം. എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവൻ തന്റെ പാപം വഹിക്കേണം. നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്കു യഹോവയുടെ പെസഹ ആചരിക്കേണമെങ്കിൽ പെസഹയുടെ ചട്ടത്തിന്നും നിയമത്തിന്നും അനുസരണയായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്കു ഒരു ചട്ടം തന്നേ ആയിരിക്കേണം.
സംഖ്യാപുസ്തകം 9:1-14 സമകാലിക മലയാളവിവർത്തനം (MCV)
അവർ ഈജിപ്റ്റിൽനിന്നും പുറത്തു വന്നശേഷം രണ്ടാംവർഷം ഒന്നാംമാസം യഹോവ സീനായിമരുഭൂമിയിൽവെച്ച് മോശയോട് അരുളിച്ചെയ്തു. അവിടന്നു കൽപ്പിച്ചത്: “ഇസ്രായേൽജനം അതിന്റെ നിശ്ചിതസമയത്തു പെസഹ ആചരിക്കണം. അതിന്റെ നിശ്ചിതസമയമായ ഈമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത്, അതിന്റെ സകലനിയമങ്ങൾക്കും ചട്ടങ്ങൾക്കും ഒത്തവണ്ണം അത് ആചരിക്കണം.” അങ്ങനെ മോശ ഇസ്രായേല്യരോട് പെസഹ ആചരിക്കാൻ പറഞ്ഞു, ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവെച്ച് അവർ പെസഹ ആചരിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേല്യർ സകലതും ചെയ്തു. എന്നാൽ അവരിൽ ചിലർക്ക്, തങ്ങൾ ശവത്താൽ, ആചാരപരമായി അശുദ്ധരായിരുന്നതിനാൽ ആ ദിവസം പെസഹ ആചരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ആ ദിവസംതന്നെ മോശയുടെയും അഹരോന്റെയും അടുക്കൽവന്ന്, മോശയോടു പറഞ്ഞു: “ഒരു ശവത്താൽ ഞങ്ങൾ അശുദ്ധരായിത്തീർന്നു, പക്ഷേ, മറ്റ് ഇസ്രായേല്യരോടൊപ്പം നിശ്ചിതസമയത്തുതന്നെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നതിൽനിന്ന് ഞങ്ങളെ ഒഴിവാക്കുന്നതെന്ത്?” മോശ അവരോടു പറഞ്ഞു: “യഹോവ നിങ്ങളെക്കുറിച്ച് എന്തു കൽപ്പിക്കുന്നു എന്നു ഞാൻ കണ്ടെത്തുംവരെ നിങ്ങൾ കാത്തുനിൽക്കുക.” അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു പറയുക: ‘നിങ്ങളിലോ നിങ്ങളുടെ സന്തതിയിലോ ആരെങ്കിലും ശവത്താൽ അശുദ്ധരായിരിക്കുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താൽ, അവർക്കും യഹോവയുടെ പെസഹ ആചരിക്കാം. അവർ അത് രണ്ടാംമാസത്തിന്റെ പതിന്നാലാംതീയതി സന്ധ്യാസമയത്ത് ആചരിക്കണം. അവർ ആട്ടിൻകുട്ടിയെ പുളിപ്പില്ലാത്ത അപ്പത്തോടും കയ്‌പുചീരയോടുംകൂടെ ഭക്ഷിക്കണം. അവർ അതിൽ യാതൊന്നും പ്രഭാതംവരെ ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥികളൊന്നും ഒടിക്കുകയും ചെയ്യരുത്. അവർ പെസഹാ ആചരിക്കുമ്പോൾ അതിന്റെ സകലചട്ടങ്ങളും അനുസരിക്കണം. എന്നാൽ ആരെങ്കിലും ആചാരപരമായി ശുദ്ധമായിരിക്കുകയും യാത്രയിലല്ലാതിരിക്കുകയും ചെയ്തിട്ടും പെസഹ ആചരിക്കാതിരുന്നാൽ, ആ മനുഷ്യനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. കാരണം അയാൾ നിശ്ചിതസമയത്ത് യഹോവയ്ക്കു വഴിപാട് അർപ്പിച്ചില്ല. അങ്ങനെയുള്ളവർ തങ്ങളുടെ പാപത്തിന്റെ ശിക്ഷ അനുഭവിക്കണം. “ ‘നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പ്രവാസിക്കു യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ അയാൾ അതു ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ആചരിക്കണം. പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമം ആയിരിക്കണം.’ ”