സംഖ്യ 9

9
പെസഹാ
1അവർ ഈജിപ്റ്റിൽനിന്നും പുറത്തു വന്നശേഷം രണ്ടാംവർഷം ഒന്നാംമാസം യഹോവ സീനായിമരുഭൂമിയിൽവെച്ച് മോശയോട് അരുളിച്ചെയ്തു. അവിടന്നു കൽപ്പിച്ചത്: 2“ഇസ്രായേൽജനം അതിന്റെ നിശ്ചിതസമയത്തു പെസഹ ആചരിക്കണം. 3അതിന്റെ നിശ്ചിതസമയമായ ഈമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത്, അതിന്റെ സകലനിയമങ്ങൾക്കും ചട്ടങ്ങൾക്കും ഒത്തവണ്ണം അത് ആചരിക്കണം.”
4അങ്ങനെ മോശ ഇസ്രായേല്യരോട് പെസഹ ആചരിക്കാൻ പറഞ്ഞു, 5ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവെച്ച് അവർ പെസഹ ആചരിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേല്യർ സകലതും ചെയ്തു.
6എന്നാൽ അവരിൽ ചിലർക്ക്, തങ്ങൾ ശവത്താൽ, ആചാരപരമായി അശുദ്ധരായിരുന്നതിനാൽ ആ ദിവസം പെസഹ ആചരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ആ ദിവസംതന്നെ മോശയുടെയും അഹരോന്റെയും അടുക്കൽവന്ന്, 7മോശയോടു പറഞ്ഞു: “ഒരു ശവത്താൽ ഞങ്ങൾ അശുദ്ധരായിത്തീർന്നു, പക്ഷേ, മറ്റ് ഇസ്രായേല്യരോടൊപ്പം നിശ്ചിതസമയത്തുതന്നെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നതിൽനിന്ന് ഞങ്ങളെ ഒഴിവാക്കുന്നതെന്ത്?”
8മോശ അവരോടു പറഞ്ഞു: “യഹോവ നിങ്ങളെക്കുറിച്ച് എന്തു കൽപ്പിക്കുന്നു എന്നു ഞാൻ കണ്ടെത്തുംവരെ നിങ്ങൾ കാത്തുനിൽക്കുക.”
9അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: 10“ഇസ്രായേൽമക്കളോടു പറയുക: ‘നിങ്ങളിലോ നിങ്ങളുടെ സന്തതിയിലോ ആരെങ്കിലും ശവത്താൽ അശുദ്ധരായിരിക്കുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താൽ, അവർക്കും യഹോവയുടെ പെസഹ ആചരിക്കാം. 11അവർ അത് രണ്ടാംമാസത്തിന്റെ പതിന്നാലാംതീയതി സന്ധ്യാസമയത്ത് ആചരിക്കണം. അവർ ആട്ടിൻകുട്ടിയെ പുളിപ്പില്ലാത്ത അപ്പത്തോടും കയ്‌പുചീരയോടുംകൂടെ ഭക്ഷിക്കണം. 12അവർ അതിൽ യാതൊന്നും പ്രഭാതംവരെ ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥികളൊന്നും ഒടിക്കുകയും ചെയ്യരുത്. അവർ പെസഹാ ആചരിക്കുമ്പോൾ അതിന്റെ സകലചട്ടങ്ങളും അനുസരിക്കണം. 13എന്നാൽ ആരെങ്കിലും ആചാരപരമായി ശുദ്ധമായിരിക്കുകയും യാത്രയിലല്ലാതിരിക്കുകയും ചെയ്തിട്ടും പെസഹ ആചരിക്കാതിരുന്നാൽ, ആ മനുഷ്യനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. കാരണം അയാൾ നിശ്ചിതസമയത്ത് യഹോവയ്ക്കു വഴിപാട് അർപ്പിച്ചില്ല. അങ്ങനെയുള്ളവർ തങ്ങളുടെ പാപത്തിന്റെ ശിക്ഷ അനുഭവിക്കണം.
14“ ‘നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പ്രവാസിക്കു യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ അയാൾ അതു ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ആചരിക്കണം. പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമം ആയിരിക്കണം.’ ”
സമാഗമകൂടാരത്തിന്മേലുള്ള മേഘം
15സമാഗമകൂടാരം ഉയർത്തിയ നാളിൽ മേഘം ഉടമ്പടിയുടെ കൂടാരമായ സമാഗമകൂടാരത്തെ മൂടി. സന്ധ്യമുതൽ പ്രഭാതംവരെ സമാഗമകൂടാരത്തിന്മേലുള്ള മേഘം കാഴ്ചയ്ക്ക് അഗ്നിസമാനമായിരുന്നു. 16—അത് എപ്പോഴും അപ്രകാരമായിരുന്നു—രാത്രിയിൽ മേഘം അതിനെ മൂടി, അത് അഗ്നിപോലെ കാണപ്പെട്ടു. 17കൂടാരത്തിനു മുകളിൽനിന്ന് മേഘം ഉയരുമ്പോഴൊക്കെയും ഇസ്രായേല്യർ യാത്രപുറപ്പെടും; മേഘം നിൽക്കുന്നിടത്തൊക്കെയും അവർ പാളയമടിക്കും. 18യഹോവയുടെ കൽപ്പനപ്രകാരം ഇസ്രായേല്യർ യാത്രപുറപ്പെടുകയും അവിടത്തെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും ചെയ്തു. മേഘം സമാഗമകൂടാരത്തിനുമുകളിൽ നിൽക്കുന്നത്രയുംകാലം അവർ പാളയത്തിൽ വസിച്ചു. 19മേഘം ദീർഘകാലം സമാഗമകൂടാരത്തിന്മേൽ നിലകൊണ്ടപ്പോൾ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ യഹോവയുടെ കൽപ്പനകൾ അനുസരിച്ചു. 20ചില അവസരങ്ങളിൽ കുറച്ചു ദിവസങ്ങളിലേക്കുമാത്രമേ മേഘം സമാഗമകൂടാരത്തിനു മുകളിലുണ്ടായിരുന്നുള്ളൂ; യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയത്തിൽ കഴിയുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ യാത്രപുറപ്പെടുകയും ചെയ്യും. 21ചില അവസരങ്ങളിൽ സന്ധ്യമുതൽ പ്രഭാതംവരെമാത്രം മേഘം നിശ്ചലമായിരിക്കും. പ്രഭാതത്തിൽ അത് ഉയരുമ്പോൾ, അവർ യാത്രപുറപ്പെടും. പകലോ രാത്രിയോ എപ്പോൾ മേഘം പൊങ്ങുമോ അപ്പോൾ അവർ യാത്രപുറപ്പെടും. 22സമാഗമകൂടാരത്തിന്മേൽ മേഘം രണ്ടുദിവസത്തേക്കോ ഒരു മാസത്തേക്കോ ഒരു വർഷത്തേക്കോ നിലയുറപ്പിച്ചാൽ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ പാളയത്തിൽതന്നെ പാർക്കും; എന്നാൽ അത് ഉയരുമ്പോൾ അവർ യാത്രപുറപ്പെടും. 23യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ പുറപ്പെടുകയും ചെയ്യും. മോശമുഖാന്തരം ഉള്ള കൽപ്പനകൾക്കനുസൃതമായി അവർ യഹോവയുടെ ആജ്ഞ അനുസരിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സംഖ്യ 9: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക