സംഖ്യ 9:1-14

സംഖ്യ 9:1-14 MCV

അവർ ഈജിപ്റ്റിൽനിന്നും പുറത്തു വന്നശേഷം രണ്ടാംവർഷം ഒന്നാംമാസം യഹോവ സീനായിമരുഭൂമിയിൽവെച്ച് മോശയോട് അരുളിച്ചെയ്തു. അവിടന്നു കൽപ്പിച്ചത്: “ഇസ്രായേൽജനം അതിന്റെ നിശ്ചിതസമയത്തു പെസഹ ആചരിക്കണം. അതിന്റെ നിശ്ചിതസമയമായ ഈമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത്, അതിന്റെ സകലനിയമങ്ങൾക്കും ചട്ടങ്ങൾക്കും ഒത്തവണ്ണം അത് ആചരിക്കണം.” അങ്ങനെ മോശ ഇസ്രായേല്യരോട് പെസഹ ആചരിക്കാൻ പറഞ്ഞു, ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവെച്ച് അവർ പെസഹ ആചരിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേല്യർ സകലതും ചെയ്തു. എന്നാൽ അവരിൽ ചിലർക്ക്, തങ്ങൾ ശവത്താൽ, ആചാരപരമായി അശുദ്ധരായിരുന്നതിനാൽ ആ ദിവസം പെസഹ ആചരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ആ ദിവസംതന്നെ മോശയുടെയും അഹരോന്റെയും അടുക്കൽവന്ന്, മോശയോടു പറഞ്ഞു: “ഒരു ശവത്താൽ ഞങ്ങൾ അശുദ്ധരായിത്തീർന്നു, പക്ഷേ, മറ്റ് ഇസ്രായേല്യരോടൊപ്പം നിശ്ചിതസമയത്തുതന്നെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നതിൽനിന്ന് ഞങ്ങളെ ഒഴിവാക്കുന്നതെന്ത്?” മോശ അവരോടു പറഞ്ഞു: “യഹോവ നിങ്ങളെക്കുറിച്ച് എന്തു കൽപ്പിക്കുന്നു എന്നു ഞാൻ കണ്ടെത്തുംവരെ നിങ്ങൾ കാത്തുനിൽക്കുക.” അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു പറയുക: ‘നിങ്ങളിലോ നിങ്ങളുടെ സന്തതിയിലോ ആരെങ്കിലും ശവത്താൽ അശുദ്ധരായിരിക്കുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താൽ, അവർക്കും യഹോവയുടെ പെസഹ ആചരിക്കാം. അവർ അത് രണ്ടാംമാസത്തിന്റെ പതിന്നാലാംതീയതി സന്ധ്യാസമയത്ത് ആചരിക്കണം. അവർ ആട്ടിൻകുട്ടിയെ പുളിപ്പില്ലാത്ത അപ്പത്തോടും കയ്‌പുചീരയോടുംകൂടെ ഭക്ഷിക്കണം. അവർ അതിൽ യാതൊന്നും പ്രഭാതംവരെ ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥികളൊന്നും ഒടിക്കുകയും ചെയ്യരുത്. അവർ പെസഹാ ആചരിക്കുമ്പോൾ അതിന്റെ സകലചട്ടങ്ങളും അനുസരിക്കണം. എന്നാൽ ആരെങ്കിലും ആചാരപരമായി ശുദ്ധമായിരിക്കുകയും യാത്രയിലല്ലാതിരിക്കുകയും ചെയ്തിട്ടും പെസഹ ആചരിക്കാതിരുന്നാൽ, ആ മനുഷ്യനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. കാരണം അയാൾ നിശ്ചിതസമയത്ത് യഹോവയ്ക്കു വഴിപാട് അർപ്പിച്ചില്ല. അങ്ങനെയുള്ളവർ തങ്ങളുടെ പാപത്തിന്റെ ശിക്ഷ അനുഭവിക്കണം. “ ‘നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പ്രവാസിക്കു യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ അയാൾ അതു ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ആചരിക്കണം. പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമം ആയിരിക്കണം.’ ”