NUMBERS 9
9
രണ്ടാമത്തെ പെസഹ
1ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം വർഷം ഒന്നാം മാസം സീനായ്മരുഭൂമിയിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“നിശ്ചിതസമയത്തുതന്നെ ഇസ്രായേൽജനം പെസഹ ആചരിക്കണം. 3ഈ മാസം പതിനാലാം ദിവസം വൈകുന്നേരം ചട്ടങ്ങൾക്കും അനുശാസനങ്ങൾക്കും അനുസൃതമായി അത് ആചരിക്കേണ്ടതാണ്.” 4അരുളപ്പാടിൻപ്രകാരം ഇസ്രായേൽജനത്തോടു പെസഹ ആചരിക്കാൻ മോശ പറഞ്ഞു. 5സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ സീനായ്മരുഭൂമിയിൽവച്ച് ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം അവർ പെസഹ ആചരിച്ചു. 6മൃതശരീരം സ്പർശിച്ചതിനാൽ അശുദ്ധരായിത്തീർന്ന ചിലർക്ക് അന്നു പെസഹ ആചരിക്കാൻ കഴിഞ്ഞില്ല; അവർ അന്നുതന്നെ മോശയുടെയും അഹരോന്റെയും അടുക്കൽ ചെന്ന്: 7‘മൃതശരീരം സ്പർശിച്ചുപോയതിനാൽ ഞങ്ങൾ അശുദ്ധരായിരിക്കുന്നു; മറ്റുള്ളവരോടൊത്തു നിശ്ചിതസമയത്തു സർവേശ്വരനുള്ള വഴിപാട് അർപ്പിക്കുന്നതിൽനിന്നു ഞങ്ങളെ വിലക്കണമോ’ എന്നു ചോദിച്ചു. 8മോശ അവരോടു: “സർവേശ്വരൻ അവിടുത്തെ ഹിതം എന്തെന്ന് എന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കുക” എന്നു മറുപടി നല്‌കി.
9സർവേശ്വരൻ മോശയോടു കല്പിച്ചു: 10“ഇസ്രായേൽജനത്തോടു പറയുക, നിങ്ങളോ നിങ്ങളുടെ പിൻതലമുറക്കാരിൽ ആരെങ്കിലുമോ ശവത്തെ സ്പർശിച്ച് അശുദ്ധനാകയോ, ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താൽപോലും അവർ പെസഹ ആചരിക്കണം. 11എന്നാൽ രണ്ടാം മാസം പതിനാലാം ദിവസം വൈകിട്ടു പുളിപ്പു ചേർക്കാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടി അവർ പെസഹ ഭക്ഷിക്കട്ടെ. 12അടുത്ത പ്രഭാതത്തിലേക്കു ശേഷിപ്പിക്കരുത്. പെസഹാമൃഗത്തിന്റെ ഒരു എല്ലുപോലും ഒടിക്കരുത്. പെസഹയുടെ ചട്ടങ്ങളെല്ലാം അവർ അനുസരിക്കയും വേണം. 13ആചാരപരമായി ശുദ്ധിയുള്ളവനും ദൂരയാത്രയിൽ അല്ലാത്തവനുമായ ആരെങ്കിലും പെസഹ ആചരിക്കാതെയിരുന്നാൽ അവനെ സ്വജനങ്ങളുടെ ഇടയിൽനിന്നു ബഹിഷ്കരിക്കണം. നിശ്ചിതസമയത്തു സർവേശ്വരനു കാഴ്ച അർപ്പിക്കാത്തതിനാൽ പാപത്തിനുള്ള ശിക്ഷ അവൻ ഏല്‌ക്കേണ്ടതാണ്. 14നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പരദേശി സർവേശ്വരനു പെസഹ ആചരിക്കാൻ ഇച്ഛിക്കുന്നെങ്കിൽ അതിന്റെ ചട്ടങ്ങളും വിധികളും അനുസരിച്ചുതന്നെ അവൻ അത് ആചരിക്കട്ടെ; സ്വദേശിക്കും പരദേശിക്കും അനുഷ്ഠാനമുറകൾ ഒന്നുതന്നെ.”
കത്തുന്ന മേഘം
(പുറ. 40:34-38)
15തിരുസാന്നിധ്യകൂടാരം ഉയർത്തിയ ദിവസം ഒരു മേഘം വന്നു കൂടാരത്തെ മൂടി. സന്ധ്യമുതൽ പ്രഭാതംവരെ അതു കൂടാരത്തിന്റെ മുകളിൽ അഗ്നിപോലെ പ്രകാശിച്ചു. അത് അങ്ങനെതന്നെ തുടർന്നു. 16പകൽ മേഘം കൂടാരത്തെ മൂടുകയും രാത്രിയിൽ അത് അഗ്നിപോലെ കാണുകയും ചെയ്തു. 17മേഘം തിരുസാന്നിധ്യകൂടാരത്തിൽനിന്ന് ഉയരുമ്പോൾ അവർ യാത്ര ആരംഭിക്കും; മേഘം താഴുമ്പോൾ ഇസ്രായേൽജനം പാളയമടിക്കും. 18സർവേശ്വരന്റെ കല്പനയനുസരിച്ച് ഇസ്രായേൽജനം യാത്ര പുറപ്പെടുകയും പാളയമടിക്കുകയും ചെയ്തു. മേഘം തിരുസാന്നിധ്യകൂടാരത്തിന്റെ മുകളിൽ ആയിരിക്കുന്നിടത്തോളം സമയം അവർ പാളയത്തിൽത്തന്നെ പാർക്കും. 19മേഘം കൂടാരത്തിന്റെ മുകളിൽനിന്ന് അനേകം ദിവസങ്ങൾ മാറാതെ നിന്നാൽ ഇസ്രായേൽജനം സർവേശ്വരന്റെ കല്പനയനുസരിച്ചു യാത്ര ചെയ്യാതിരിക്കും. 20ചിലപ്പോൾ കുറെ ദിവസത്തേക്കു മാത്രമേ മേഘം കൂടാരത്തിന്റെ മുകളിൽ ഉണ്ടായിരിക്കുകയുള്ളൂ. അപ്പോൾ സർവേശ്വരന്റെ കല്പനപോലെ അവർ പാളയമടിക്കും; അവിടുത്തെ കല്പന ലഭിക്കുമ്പോൾ അവർ പുറപ്പെടുകയും ചെയ്യും. 21ചിലപ്പോൾ മേഘം കൂടാരത്തിന്റെമേൽ സന്ധ്യമുതൽ പ്രഭാതംവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; പ്രഭാതസമയത്തു മേഘം നീങ്ങിക്കഴിയുമ്പോൾ അവർ യാത്ര പുറപ്പെടും; രാപ്പകൽ ഭേദംകൂടാതെ മേഘം നീങ്ങുമ്പോൾ അവർ യാത്ര പുറപ്പെടും. 22മേഘം രണ്ടു ദിവസമോ ഒരു മാസമോ ഒരു വർഷമോ അതിൽ കൂടുതലോ കാലം കൂടാരത്തിനു മുകളിൽ നിന്നാലും അവർ യാത്ര പുറപ്പെടാതെ പാളയത്തിൽത്തന്നെ വസിക്കും. എന്നാൽ മേഘം ഉയരുമ്പോൾ അവർ യാത്ര പുറപ്പെടും. 23സർവേശ്വരന്റെ കല്പനയനുസരിച്ചുതന്നെയാണ് അവർ പാളയമടിക്കുകയും യാത്ര പുറപ്പെടുകയും ചെയ്തത്; മോശയിൽക്കൂടി അവിടുന്നു നല്‌കിയ കല്പനകൾ അവർ അനുസരിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
NUMBERS 9: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.