NUMBERS 10

10
വെള്ളിക്കാഹളം
1സർവേശ്വരൻ മോശയോടു കല്പിച്ചു: 2“അടിച്ചു പരത്തിയ വെള്ളികൊണ്ടു രണ്ടു കാഹളങ്ങൾ നിർമ്മിക്കുക. ഇസ്രായേൽജനത്തെ വിളിച്ചുകൂട്ടാനും പാളയത്തിൽനിന്നു പുറപ്പെടാനുമായി അവ ഉപയോഗിക്കണം. 3രണ്ടു കാഹളങ്ങളും ഒരുമിച്ച് ഊതുമ്പോൾ ജനമെല്ലാം തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ നിന്റെ അടുക്കൽ ഒരുമിച്ചു കൂടണം. 4ഒരു കാഹളം മാത്രം ഊതുമ്പോൾ ഇസ്രായേൽഗോത്രത്തലവന്മാർ നിന്റെ അടുക്കൽ വരട്ടെ. 5യാത്ര പുറപ്പെടാനുള്ള സൂചനയായി കാഹളം മുഴക്കുമ്പോൾ കൂടാരത്തിന്റെ കിഴക്കുവശത്തു പാളയമടിച്ചിരിക്കുന്നവർ ആദ്യം പുറപ്പെടണം. 6രണ്ടാമത്തെ സൂചനയായി കാഹളം മുഴക്കുമ്പോൾ തെക്കുവശത്തു പാളയമടിച്ചിരിക്കുന്നവരാണു പുറപ്പെടേണ്ടത്. യാത്ര പുറപ്പെടേണ്ട സമയത്തെല്ലാം സൂചനാശബ്ദം മുഴക്കണം. 7ഇസ്രായേലിലെ സമസ്ത ജനങ്ങളെയും വിളിച്ചുകൂട്ടാൻ യാത്ര പുറപ്പെടേണ്ടതിനുള്ള സൂചനാശബ്ദമല്ല മുഴക്കേണ്ടത്. 8അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണു കാഹളം ഊതേണ്ടത്. “ഇതു നിങ്ങൾ ശാശ്വതമായി അനുഷ്ഠിക്കേണ്ടതാണ്. 9നിങ്ങളുടെ ദേശത്തു നിങ്ങളെ പീഡിപ്പിക്കുന്ന ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ടിവരുമ്പോൾ ഈ കാഹളങ്ങളിലൂടെ യുദ്ധസൂചകമായ ആപദ്ധ്വനി മുഴക്കുക; അപ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ ഓർക്കുകയും, ശത്രുക്കളിൽനിന്നു നിങ്ങളെ രക്ഷിക്കുകയും ചെയ്യും. 10നിങ്ങളുടെ സന്തോഷസമയങ്ങളിലും, ഉത്സവങ്ങളിലും, മാസാരംഭങ്ങളിലും, നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുന്ന സമയങ്ങളിലും കാഹളം ഊതണം. അപ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ ഓർമിക്കും. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.”
സീനായിൽനിന്നു പുറപ്പെടുന്നു
11ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം വർഷം രണ്ടാം മാസം ഇരുപതാം ദിവസം തിരുസാന്നിധ്യകൂടാരത്തിന്റെ മുകളിൽനിന്നു മേഘം ഉയർന്നു. 12അപ്പോൾ ഇസ്രായേൽജനം സീനായ്മരുഭൂമിയിൽനിന്നു യാത്ര പുറപ്പെട്ടു. പാരാൻമരുഭൂമിയിൽ എത്തിയപ്പോൾ മേഘം അവിടെ നിന്നു. 13സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു. 14യെഹൂദാഗോത്രത്തിന്റെ കൊടിക്കീഴിലുള്ളവരാണ് ആദ്യം ഗണംഗണമായി പുറപ്പെട്ടത്; അവരുടെ നേതാവ് അമ്മീനാദാബിന്റെ പുത്രനായ നഹശോൻ ആയിരുന്നു. 15ഇസ്സാഖാർഗോത്രക്കാരുടെ നേതാവു സൂവാരിന്റെ പുത്രനായ നെഥനയേൽ. 16സെബൂലൂൻഗോത്രക്കാരെ നയിച്ചതു ഹേലോന്റെ പുത്രനായ എലീയാബ് ആയിരുന്നു. 17തിരുസാന്നിധ്യകൂടാരം അഴിച്ചിറക്കിയപ്പോൾ ഗേർശോന്റെയും മെരാരിയുടെയും പുത്രന്മാർ അതു ചുമന്നുകൊണ്ടു മുമ്പോട്ടു നീങ്ങി. 18അവരുടെ പിറകെ രൂബേൻഗോത്രക്കാർ ഗണങ്ങളായി ശെദേയൂരിന്റെ പുത്രനായ എലീസൂരിന്റെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടു. 19ശിമെയോൻഗോത്രക്കാരുടെ നേതാവ് സൂരിശദ്ദായിയുടെ പുത്രൻ ശെലൂമീയേൽ ആയിരുന്നു. 20ഗാദ്ഗോത്രക്കാരെ ദെയൂവേലിന്റെ പുത്രനായ എലീയാസാഫ് നയിച്ചു. 21പിന്നീട് വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ടു കെഹാത്യർ മുമ്പോട്ടു നീങ്ങി; അവർ എത്തുന്നതിനു മുമ്പ് തിരുസാന്നിധ്യകൂടാരം സ്ഥാപിക്കപ്പെട്ടു. 22അവരുടെ പിറകെ എഫ്രയീംഗോത്രക്കാർ ഗണംഗണമായി അമ്മീഹൂദിന്റെ പുത്രനായ എലീശാമായുടെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടു. 23മനശ്ശെഗോത്രക്കാരുടെ നേതാവ് പെദാസൂരിന്റെ പുത്രൻ ഗമലീയേൽ ആയിരുന്നു. 24ബെന്യാമീൻഗോത്രക്കാരെ ഗിദെയോനിയുടെ പുത്രനായ അബീദാൻ നയിച്ചു. 25ദാൻഗോത്രക്കാരുടെ കൊടിക്കീഴിലുള്ളവരായിരുന്നു, ഗണംഗണമായി ഏറ്റവും ഒടുവിൽ പിൻനിരയിൽ പുറപ്പെട്ടത്. അവർ അമ്മീശദ്ദായിയുടെ പുത്രനായ അഹീയേസെരുടെ നേതൃത്വത്തിൽ മുമ്പോട്ടു നീങ്ങി. 26ആശേർഗോത്രക്കാരുടെ നേതാവ് ഒക്രാന്റെ പുത്രനായ പഗീയേൽ ആയിരുന്നു. 27നഫ്താലിഗോത്രക്കാരെ ഏനാന്റെ പുത്രനായ അഹീര നയിച്ചു. 28ഇസ്രായേൽജനം ഈ ക്രമമനുസരിച്ചായിരുന്നു അണികളായി യാത്ര പുറപ്പെട്ടത്.
29മോശയുടെ ഭാര്യാപിതാവും മിദ്യാൻകാരനുമായ രെയൂവേലിന്റെ പുത്രൻ ഹോബാബിനോടു മോശ പറഞ്ഞു: “സർവേശ്വരൻ ഞങ്ങൾക്കു നല്‌കും എന്നു വാഗ്ദാനം ചെയ്ത ദേശത്തേക്കു ഞങ്ങൾ പുറപ്പെടുകയാണ്. അങ്ങു ഞങ്ങളോടൊത്തു വരിക. ഞങ്ങൾക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ അങ്ങേക്കും പങ്കു വയ്‍ക്കാം. ഇസ്രായേലിനു നന്മ ചെയ്യുമെന്നു സർവേശ്വരൻ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.” 30ഹോബാബ് പ്രതിവചിച്ചു: “ഞാൻ വരുന്നില്ല, എന്റെ ദേശത്തേക്കും എന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുകയാണ്.” 31മോശ പറഞ്ഞു: “ഞങ്ങളെ വിട്ടുപോകരുതേ! മരുഭൂമിയിൽ പാളയമടിക്കേണ്ടത് എങ്ങനെയെന്ന് അങ്ങേക്കറിയാം. അങ്ങ് ഞങ്ങളുടെ വഴികാട്ടിയായിരിക്കുമല്ലോ. 32ഞങ്ങളുടെകൂടെ വരികയാണെങ്കിൽ സർവേശ്വരൻ ഞങ്ങൾക്കു നല്‌കുന്ന അനുഗ്രഹങ്ങൾ അങ്ങേക്കും പങ്കുവയ്‍ക്കാം.”
ജനം യാത്ര പുറപ്പെടുന്നു
33അവർ സീനായ്മലയിൽനിന്നു പുറപ്പെട്ട് മൂന്നു ദിവസം യാത്ര ചെയ്തു. പാളയമടിക്കുന്നതിനുള്ള സ്ഥലം അന്വേഷിച്ചുകൊണ്ട് ഉടമ്പടിപ്പെട്ടകം അവർക്കു മുമ്പായി നീങ്ങിക്കൊണ്ടിരുന്നു. 34അവർ പാളയം വിട്ടു യാത്ര ചെയ്തപ്പോഴെല്ലാം പകൽ സമയത്തു സർവേശ്വരന്റെ മേഘം അവർക്കു മീതെ ഉണ്ടായിരുന്നു.
35ഉടമ്പടിപ്പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇപ്രകാരം പ്രാർഥിച്ചിരുന്നു: “സർവേശ്വരാ, എഴുന്നേല്‌ക്കണമേ; അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അങ്ങയെ വെറുക്കുന്നവർ അവിടുത്തെ മുമ്പിൽനിന്ന് ഓടിപ്പോകട്ടെ.” 36പെട്ടകം നില്‌ക്കുമ്പോൾ മോശ പ്രാർഥിക്കും: “സർവേശ്വരാ, അനേകായിരമായ ഇസ്രായേലിലേക്ക് മടങ്ങിവരേണമേ.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NUMBERS 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക