NUMBERS 11

11
അഗ്നിബാധ
1ജനം അവരുടെ ദുരിതങ്ങളെപ്പറ്റി പിറുപിറുക്കുന്നതു കേട്ടപ്പോൾ സർവേശ്വരൻ കോപിച്ച് അവരുടെമേൽ അവിടുത്തെ അഗ്നി അയച്ചു; പാളയത്തിന്റെ വക്കിലുള്ള ചില ഭാഗങ്ങൾ അഗ്നി ദഹിപ്പിച്ചുകളഞ്ഞു. ജനം മോശയോടു നിലവിളിച്ചു. 2മോശ സർവേശ്വരനോടു പ്രാർഥിക്കുകയും അഗ്നി അണയുകയും ചെയ്തു. 3സർവേശ്വരന്റെ അഗ്നി അവരുടെ ഇടയിൽ കത്തിജ്വലിച്ചതുകൊണ്ട് ആ സ്ഥലത്തിനു ‘തബേരാ’ എന്നു പേരായി.
എഴുപതു നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നു
4ഇസ്രായേല്യരുടെ കൂടെ യാത്ര ചെയ്തിരുന്ന അന്യവംശജർ മാംസഭക്ഷണത്തിനുവേണ്ടി കൊതിച്ചു. ഇസ്രായേല്യരും ആവലാതിപ്പെട്ടു: “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആരു തരും. 5ഈജിപ്തിൽവച്ചു സൗജന്യമായി ലഭിച്ചിരുന്ന മത്സ്യം, വെള്ളരിക്ക, തണ്ണിമത്തൻ, സവാള, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. 6ഞങ്ങളുടെ ശക്തി ക്ഷയിച്ചിരിക്കുന്നു. ഈ മന്നയല്ലാതെ യാതൊന്നും ഇവിടെ കാണ്മാനില്ല.” 7കൊത്തമല്ലിപോലെയുള്ള മന്നയ്‍ക്കു ഗുല്ഗുലുവിന്റെ നിറമായിരുന്നു. 8ജനം ചുറ്റിനടന്ന് അവ പെറുക്കിയെടുത്തു തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ മാവാക്കും. പിന്നീട് അതു വേവിച്ച് അപ്പം ഉണ്ടാക്കും; എണ്ണ ചേർത്തുണ്ടാക്കിയ അപ്പത്തിന്റെ രുചിയായിരുന്നു അതിന്. 9രാത്രിയിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും. 10ജനം സകുടുംബം തങ്ങളുടെ കൂടാരവാതില്‌ക്കൽ നിന്നുകൊണ്ടു വിലപിക്കുന്നതു മോശ കേട്ടു; സർവേശ്വരന്റെ കോപം ജ്വലിച്ചു; മോശ അസന്തുഷ്ടനായി. 11മോശ സർവേശ്വരനോട് ആവലാതിപ്പെട്ടു: “അവിടുത്തെ ദാസനോട് ഇങ്ങനെ ദോഷമായി വർത്തിക്കുന്നതെന്ത്? അവിടുത്തേക്ക് എന്നോടു കൃപ തോന്നാത്തതും എന്ത്? ഈ ജനത്തിന്റെ ഭാരം എന്തുകൊണ്ട് എന്റെമേൽ വച്ചു? 12ഇവരെയെല്ലാം ഞാനാണോ ഗർഭം ധരിച്ചത്? അവരുടെ പിതാക്കന്മാർക്കു നല്‌കുമെന്നു വാഗ്ദത്തം ചെയ്ത ദേശത്തേക്കു വളർത്തമ്മ മുല കുടിക്കുന്ന കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതുപോലെ അവരെ കൊണ്ടുപോകണമെന്ന് അവിടുന്ന് ആവശ്യപ്പെടാൻ തക്കവിധം ഞാനാണോ അവരെ പ്രസവിച്ചത്? 13ഈ ജനത്തിനെല്ലാം കൊടുക്കുന്നതിനു മാംസം എവിടെനിന്നു കിട്ടും? ഞങ്ങൾക്കു ഭക്ഷിക്കുന്നതിനു മാംസം തരിക എന്നു പറഞ്ഞ് അവർ എന്റെ മുമ്പിൽ നിലവിളിക്കുന്നു. 14ഈ ജനത്തെയെല്ലാം വഹിച്ചുകൊണ്ടു പോകുന്നതിന് എനിക്കു പ്രാപ്തിയില്ല; 15ഈ ഭാരം എനിക്കു ദുർവഹമാണ്. ഈ വിധത്തിലാണ് അവിടുന്ന് എന്നോടു വർത്തിക്കുന്നതെങ്കിൽ കൃപയുണ്ടായി എന്നെ ഉടനെ കൊന്നുകളഞ്ഞാലും. ഈ ദുരിതം ഞാൻ കാണാതിരിക്കട്ടെ.”
16സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനനേതാക്കന്മാരും മേൽവിചാരകരുമെന്ന് നിനക്ക് ബോധ്യമുള്ള എഴുപതു പേരെ വിളിച്ചുകൂട്ടി, തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവരിക; അവർ നിന്നോടൊപ്പം നില്‌ക്കട്ടെ. 17ഞാൻ ഇറങ്ങിവന്നു നിന്നോടു സംസാരിക്കും; നിനക്കു തന്നിട്ടുള്ള ചൈതന്യത്തിൽനിന്നു കുറെ തിരിച്ചെടുത്ത് അവർക്കു കൊടുക്കും. അവർ നിന്നോടുകൂടി ജനത്തിന്റെ ഭാരം വഹിച്ചുകൊള്ളും; അതു മുഴുവൻ നീ തനിയെ വഹിക്കേണ്ടതില്ല. 18ജനത്തോടു പറയുക, ‘ഈജിപ്തിൽ ഞങ്ങൾക്കു സുഭിക്ഷമായിരുന്നു; ആരു ഞങ്ങൾക്ക് ഇവിടെ മാംസം തരും’ എന്നു പറഞ്ഞു നിങ്ങൾ സർവേശ്വരന്റെ മുമ്പിൽ വിലപിച്ചുവല്ലോ. നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; അവിടുന്നു നിങ്ങൾക്കു മാംസം തരും. നിങ്ങൾ അത് ഭക്ഷിക്കും. 19ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല നിങ്ങൾ ഭക്ഷിക്കാൻ പോകുന്നത്; 20നിങ്ങളുടെ മൂക്കിൽക്കൂടി അതു പുറത്തുവന്ന് നിങ്ങൾക്ക് മനംമടുക്കുന്നതുവരെ ഒരു മാസം മുഴുവൻ നിങ്ങൾ അതു ഭക്ഷിക്കും; കാരണം നിങ്ങളുടെ മധ്യേ വസിക്കുന്ന സർവേശ്വരനെ നിങ്ങൾ ഉപേക്ഷിച്ച് ഈജിപ്തിൽനിന്ന് എന്തിന് ഞങ്ങളെ പുറപ്പെടുവിച്ചു എന്നു പറഞ്ഞ് അവിടുത്തെ മുമ്പിൽ വിലപിച്ചുവല്ലോ.” 21മോശ സർവേശ്വരനോട് ഉണർത്തിച്ചു: “എന്നോടൊത്ത് ആറു ലക്ഷം യോദ്ധാക്കൾ തന്നെയുണ്ട്. ഒരു മാസം മുഴുവൻ ഭക്ഷിക്കുന്നതിനുള്ള മാംസം നല്‌കുമെന്ന് അങ്ങു പറയുന്നു. 22അവർക്കു തൃപ്തിയാകുവോളം മാംസം ലഭിക്കാൻ വേണ്ടത്ര ആടുമാടുകളെ അവിടുന്നു കൊല്ലുമോ? അവർക്കു തൃപ്തിയാകുവോളം നല്‌കുന്നതിനുവേണ്ടി സമുദ്രത്തിൽനിന്നു മത്സ്യങ്ങളെയെല്ലാം പിടിച്ചു കൂട്ടുമോ?” 23സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “സർവേശ്വരന്റെ കരങ്ങളുടെ ശക്തി കുറഞ്ഞു പോയോ? ഞാൻ കല്പിച്ചതു നിറവേറുമോ ഇല്ലയോ എന്ന് ഉടനെ നിനക്കു കാണാം.” 24മോശ പുറത്തു വന്നു സർവേശ്വരന്റെ വാക്കുകൾ ജനത്തോടു പറഞ്ഞു. നേതാക്കളായ എഴുപതു പേരെ വിളിച്ചുകൂട്ടി കൂടാരത്തിനു ചുറ്റും നിർത്തി. 25അപ്പോൾ സർവേശ്വരൻ മേഘത്തിൽ ഇറങ്ങി വന്നു മോശയോടു സംസാരിച്ചു. അദ്ദേഹത്തിനു പകർന്നിരുന്ന ചൈതന്യത്തിൽ കുറെയെടുത്തു ജനനേതാക്കളുടെമേൽ പകരുകയും ചെയ്തു. ചൈതന്യം അവരുടെമേൽ വന്നപ്പോൾ അവർ പ്രവചിച്ചു തുടങ്ങി. എന്നാൽ പിന്നീടവർ പ്രവചിച്ചില്ല. 26നേതാക്കന്മാരിൽ രണ്ടുപേരായ എൽദാദും മേദാദും പാളയത്തിൽത്തന്നെ പാർത്തിരുന്നു; ചൈതന്യം അവരുടെമേലും ആവസിച്ചു; അവരുടെ പേരു പട്ടികയിൽ ചേർത്തിരുന്നെങ്കിലും അവർ കൂടാരത്തിന്റെ സമീപത്തേക്കു പോയില്ല. അവർ പാളയത്തിൽവച്ചുതന്നെ പ്രവചിച്ചു. 27എൽദാദും മേദാദും പാളയത്തിൽ പ്രവചിച്ചുകൊണ്ടിരിക്കുന്നതായി ഒരു യുവാവ് ഓടിച്ചെന്നു മോശയോടു പറഞ്ഞു. 28ഇതു കേട്ട് നൂനിന്റെ പുത്രനും ബാല്യംമുതൽക്കേ മോശയുടെ ശുശ്രൂഷകനുമായിരുന്ന യോശുവ പറഞ്ഞു: “എന്റെ യജമാനനേ, അവരെ വിലക്കുക.” 29മോശ പ്രതിവചിച്ചു: “എന്റെ കാര്യത്തിൽ നീ അസൂയപ്പെടുന്നോ? സർവേശ്വരന്റെ ചൈതന്യം എല്ലാവരുടെയുംമേൽ വരികയും അവരെല്ലാം സർവേശ്വരന്റെ പ്രവാചകരാകുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.” 30മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു തിരിച്ചുപോയി.
കാടപ്പക്ഷികളെ അയയ്‍ക്കുന്നു
31സർവേശ്വരൻ ഒരു കാറ്റടിപ്പിച്ചു കടലിൽനിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു; പാളയത്തിനു നാലു ചുറ്റും, ഒരു ദിവസത്തെ വഴി ദൂരത്തിൽ, ഏകദേശം രണ്ടു മുഴം ഉയരത്തിൽ അവ പറന്നുനിന്നു. 32അന്നു പകലും രാത്രിയും പിറ്റന്നാൾ മുഴുവനും അവർ കാടപ്പക്ഷികളെ പിടിച്ചുകൂട്ടി. അവരിൽ ആരുടെയും ശേഖരം പത്തു പറയിൽ കുറവായിരുന്നില്ല. അവർ അവയെ ഉണങ്ങാൻവേണ്ടി പാളയത്തിനു ചുറ്റും നിരത്തി. 33എന്നാൽ അവർ മാംസം ഭക്ഷിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ സർവേശ്വരന്റെ കോപം ജനത്തിനു നേരേ ജ്വലിച്ചു; അവരുടെമേൽ അവിടുന്നു ഭയങ്കരമായ ഒരു ബാധ വരുത്തി അവരെ സംഹരിച്ചു. 34ദുരാഗ്രഹികളുടെ ഒരു കൂട്ടത്തെ അവിടെ സംസ്കരിച്ചതുകൊണ്ട് ആ സ്ഥലത്തിനു #11:34 കിബ്രോത്ത്-ഹത്താവ = അത്യാഗ്രഹത്തിന്റെ ശവക്കുഴി കിബ്രോത്ത് -ഹത്താവ എന്നു പേരിട്ടു.
35ജനം കിബ്രോത്ത്-ഹത്താവയിൽനിന്നു പുറപ്പെട്ടു ഹസേരോത്തിൽ ചെന്ന് അവിടെ പാർത്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NUMBERS 11: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക