NUMBERS 12

12
മിര്യാമിനെ ശിക്ഷിക്കുന്നു
1മോശ ഒരു എത്യോപ്യക്കാരിയെ വിവാഹം ചെയ്തതുകൊണ്ട് അഹരോനും മിര്യാമും അദ്ദേഹത്തിനെതിരായി സംസാരിച്ചു. 2സർവേശ്വരൻ മോശയിൽകൂടി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? നമ്മിൽകൂടിയും സംസാരിച്ചിട്ടില്ലേ? അവർ ഇങ്ങനെ പറയുന്നതു സർവേശ്വരൻ കേട്ടു. 3ഭൂമുഖത്തുള്ള സർവമനുഷ്യരിലുംവച്ച് മോശ ഏറ്റവും സൗമ്യനായിരുന്നു. 4“നിങ്ങൾ മൂവരും തിരുസാന്നിധ്യകൂടാരത്തിൽ വരിക” എന്നു സർവേശ്വരൻ ഉടനെതന്നെ മോശയോടും അഹരോനോടും മിര്യാമിനോടും കല്പിച്ചു. അവർ അവിടെ ചെന്നു. 5അവിടുന്ന് ഒരു മേഘസ്തംഭത്തിൽ കൂടി ഇറങ്ങിവന്നു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽനിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ മുമ്പോട്ടു ചെന്നു. 6സർവേശ്വരൻ അവരോട് അരുളിച്ചെയ്തു: “എന്റെ വാക്കു കേൾക്കുക; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ ദർശനത്തിൽ ഞാൻ എന്നെ അവനു വെളിപ്പെടുത്തുകയും സ്വപ്നത്തിൽ ഞാൻ അവനോടു സംസാരിക്കുകയും ചെയ്യും. 7എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല; എന്റെ ജനത്തിന്റെ മുഴുവൻ ചുമതലയും ഞാൻ അവനെ ഏല്പിച്ചിരിക്കുന്നു. 8അവ്യക്തമായല്ല, സ്പഷ്ടമായും അഭിമുഖമായും ഞാൻ അവനോടു സംസാരിക്കുന്നു. സർവേശ്വരന്റെ രൂപം അവൻ കണ്ടിരിക്കുന്നു; എന്നിട്ടും എന്റെ ദാസനായ മോശയ്‍ക്കെതിരായി സംസാരിക്കാൻ നിങ്ങൾ ധൈര്യപ്പെട്ടതെന്ത്?” 9സർവേശ്വരന്റെ കോപം അവരുടെ നേരേ ജ്വലിച്ചു; അവിടുന്ന് അവരെ വിട്ടുപോയി. 10മേഘം കൂടാരത്തിൽനിന്നു നീങ്ങിയപ്പോൾ മിര്യാമിന്റെ ശരീരം കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെളുത്തു. അവളെ കുഷ്ഠരോഗിയായി അഹരോൻ കണ്ടു. 11അയാൾ മോശയോടു പറഞ്ഞു: “പ്രഭോ, ഞങ്ങൾ ബുദ്ധിശൂന്യരായി പ്രവർത്തിച്ചു. ആ പാപം ഞങ്ങളുടെമേൽ ചുമത്തരുതേ. 12അമ്മയുടെ ഉദരത്തിൽവച്ച് ചത്തു പകുതി അഴുകി പുറത്തുവന്ന ചാപിള്ളപോലെ ഇവൾ ആകരുതേ.” 13അപ്പോൾ മോശ: “സർവേശ്വരാ, അവൾക്കു സൗഖ്യം നല്‌കണമേ” എന്നു കേണപേക്ഷിച്ചു. 14സർവേശ്വരൻ മോശയോടു പറഞ്ഞു: “തന്റെ പിതാവു മുഖത്തു തുപ്പിയാൽ അവൾ ഏഴു ദിവസത്തേക്ക് അപമാനം സഹിക്കുകയില്ലേ? ഏഴു ദിവസത്തേക്ക് അവളെ പാളയത്തിനു പുറത്തു മാറ്റി പാർപ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം.” 15അങ്ങനെ മിര്യാമിനെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്താക്കി. അവളെ അകത്തു കൊണ്ടുവരുന്നതുവരെ ജനം യാത്ര ചെയ്തില്ല. 16അതിനു ശേഷം അവർ ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻ മരുഭൂമിയിലെത്തി പാളയമടിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NUMBERS 12: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക