സംഖ്യാപുസ്തകം 33:40-56
സംഖ്യാപുസ്തകം 33:40-56 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ കനാൻദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ്‍രാജാവ് യിസ്രായേൽമക്കളുടെ വരവിനെക്കുറിച്ചു കേട്ടു. ഹോർപർവതത്തിങ്കൽനിന്ന് അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി. സല്മോനയിൽനിന്നു പുറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി. പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി. ദീബോൻഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ലാഥയീമിൽ പാളയമിറങ്ങി. അല്മോദിബ്ലാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിനു കിഴക്ക് അബാരീം പർവതത്തിങ്കൽ പാളയമിറങ്ങി. അബാരീം പർവതത്തിങ്കൽനിന്നു പുറപ്പെട്ടു യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി. യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി. യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽവച്ചു യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തു കടന്നശേഷം ദേശത്തിലെ സകല നിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്ത് അവരുടെ സകല പൂജാഗിരികളെയും നശിപ്പിച്ചുകളയേണം. നിങ്ങൾ ദേശം കൈവശമാക്കി അതിൽ കുടിപാർക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിനു ഞാൻ ആ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കേണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറെയും അവകാശം കൊടുക്കേണം; അവനവനു ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കേണം. എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങൾ പാർക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും. അത്രയുമല്ല, ഞാൻ അവരോടു ചെയ്വാൻ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.
സംഖ്യാപുസ്തകം 33:40-56 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കനാൻദേശത്തിന്റെ തെക്കുഭാഗത്തു പാർത്തിരുന്ന കനാന്യനായ അരാദ്‍രാജാവ് ഇസ്രായേൽജനത്തിന്റെ വരവിനെക്കുറിച്ചു കേട്ടു. ഹോർപർവതംമുതൽ മോവാബു സമതലംവരെയുള്ള യാത്രയ്‍ക്കിടയിൽ ഇസ്രായേൽജനം സല്മോനയിലും, പൂനോനിലും, ഓബോത്തിലും, മോവാബിന്റെ അതിരിലുള്ള ഈയെ-അബാരീമിലും, ദീബോൻഗാദിലും, അല്മോദി ബ്ലാഥയീമിലും, നെബോവിനു കിഴക്കുള്ള അബാരീംപർവതത്തിലും പാളയമടിച്ചു. അവിടെനിന്നു പുറപ്പെട്ടു യെരീഹോവിന് എതിർവശത്തു യോർദ്ദാനു സമീപമുള്ള മോവാബുസമഭൂമിയിൽ ബേത്ത്-യെശീമോത്തു മുതൽ ആബേൽ-ശിത്തീം വരെയുള്ള പ്രദേശത്തു പാളയമടിച്ചു. യെരീഹോവിന് എതിർവശത്തു യോർദ്ദാനു സമീപമുള്ള മോവാബുസമഭൂമിയിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തോടു പറയുക: നിങ്ങൾ യോർദ്ദാൻ കടന്നു കനാൻദേശത്തു പ്രവേശിക്കുമ്പോൾ അവിടത്തെ ദേശവാസികളെയെല്ലാം ഓടിച്ചുകളയണം. കല്ലുകൊണ്ടും ലോഹംകൊണ്ടും നിർമ്മിച്ചിട്ടുള്ള അവരുടെ എല്ലാ വിഗ്രഹങ്ങളും ആരാധനാസ്ഥലങ്ങളും നിങ്ങൾ നശിപ്പിക്കണം. ഞാൻ ആ ദേശം നിങ്ങൾക്കു നല്‌കിയിരിക്കുന്നു; അതുകൊണ്ട് ആ ദേശം കൈവശപ്പെടുത്തി അവിടെ പാർക്കുക. നറുക്കിട്ട് ഓരോ കുടുംബത്തിനും ദേശം ഭാഗിച്ചു കൊടുക്കണം; കൂടുതൽ അംഗങ്ങളുള്ള ഗോത്രത്തിനു കൂടുതലും കുറവുള്ളതിനു കുറച്ചും ഭൂമി നല്‌കേണ്ടതാണ്. നറുക്ക് എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണ് നിങ്ങൾ ദേശം അവകാശമാക്കേണ്ടത്. ദേശനിവാസികളെ നിങ്ങൾ ഓടിച്ചുകളയാതെയിരുന്നാൽ, അവിടെ ശേഷിക്കുന്നവർ നിങ്ങളുടെ കണ്ണുകൾക്ക് മുള്ളുപോലെയും പാർശ്വങ്ങൾക്ക് മുൾച്ചെടിപോലെയുമായിരിക്കും. മാത്രമല്ല അവരോടു ഞാൻ ചെയ്യാൻ നിരൂപിച്ചതു നിങ്ങളോടു പ്രവർത്തിക്കുകയും ചെയ്യും.”
സംഖ്യാപുസ്തകം 33:40-56 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ച് കേട്ടു. ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി. സല്മോനയിൽനിന്ന് പുറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി. പൂനോനിൽനിന്ന് പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. ഓബോത്തിൽനിന്ന് പുറപ്പെട്ടു മോവാബിന്‍റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. ഈയീമിൽനിന്ന് പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി. ദീബോൻഗാദിൽനിന്ന് പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി. അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ടു നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി. അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ടു യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി. യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി. യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളും ബിംബങ്ങളും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളും നശിപ്പിച്ചുകളയേണം. നിങ്ങൾ ദേശം കൈവശമാക്കി അതിൽ വസിക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു. നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കേണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കേണം. എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും. അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.
സംഖ്യാപുസ്തകം 33:40-56 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ കനാൻദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ് രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു. ഹോർപർവ്വതത്തിങ്കൽനിന്നു അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി. സല്മോനയിൽനിന്നു പറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി. പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഈയേ-അബാരീമിൽ പാളയമിറങ്ങി. ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി. ദീബോൻഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി. അല്മോദിബ്ളാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപർവ്വതത്തിങ്കൽ പാളയമിറങ്ങി. അബാരീംപർവ്വതത്തിങ്കൽ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി. യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി. യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങൾ യോർദ്ദാന്നക്കരെ കനാൻദേശത്തേക്കു കടന്നശേഷം ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം. നിങ്ങൾ ദേശം കൈവശമാക്കി അതിൽ കുടിപാർക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ ആ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവർക്കു ഏറെയും കുറെയുള്ളവർക്കു കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്കു അവകാശം ലഭിക്കേണം. എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങൾ പാർക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും. അത്രയുമല്ല, ഞാൻ അവരോടു ചെയ്വാൻ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.
സംഖ്യാപുസ്തകം 33:40-56 സമകാലിക മലയാളവിവർത്തനം (MCV)
കനാൻ ദേശത്തിനു തെക്കു താമസിച്ചിരുന്ന കനാന്യരാജാവായ അരാദ് ഇസ്രായേല്യർ വരുന്നു എന്നു കേട്ടു. ഇസ്രായേല്യർ ഹോർ പർവതത്തിൽനിന്ന് പുറപ്പെട്ട് സല്മോനയിൽ പാളയമടിച്ചു. അവർ സല്മോനയിൽനിന്ന് പുറപ്പെട്ട് പൂനോനിൽ പാളയമടിച്ചു. അവർ പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു. അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമടിച്ചു. അവർ ഇയ്യീമിൽനിന്ന് പുറപ്പെട്ട് ദീബോൻ-ഗാദിൽ പാളയമടിച്ചു. അവർ ദീബോൻ-ഗാദിൽനിന്ന് പുറപ്പെട്ട് അല്മോൻ-ദിബ്ലാഥയീമിൽ പാളയമടിച്ചു. അവർ അല്മോൻ-ദിബ്ലാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിനുസമീപം അബാരീം പർവതങ്ങളിൽ പാളയമടിച്ചു. അവർ അബാരീം പർവതങ്ങളിൽനിന്ന് പുറപ്പെട്ടു യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബ് സമതലങ്ങളിൽ പാളയമടിച്ചു. അവിടെ മോവാബ് സമതലത്തിൽ യോർദാന്റെ തീരത്ത് ബേത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ അവർ പാളയമടിച്ചു. യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങൾ യോർദാൻ കടന്ന് കനാനിലേക്കു പോകുമ്പോൾ, നിങ്ങളുടെമുമ്പിലുള്ള ദേശത്തിലെ സകലനിവാസികളെയും ഓടിച്ചുകളയണം. അവരുടെ വിഗ്രഹങ്ങളെയും പ്രതിമകളെയും നശിപ്പിച്ച് അവർ യാഗമർപ്പിച്ചുവരുന്ന ക്ഷേത്രങ്ങൾ മുഴുവൻ ഇടിച്ചുകളയണം. ദേശം കൈവശമാക്കി അതിൽ പാർക്കുക. കാരണം നിങ്ങൾക്കു കൈവശമാക്കാനായി ദേശം ഞാൻ തന്നിരിക്കുന്നു. നിങ്ങൾ കുടുംബങ്ങളായി നറുക്കിട്ട് ആ ദേശം കൈവശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയഗോത്രത്തിനു ചെറിയ അവകാശവും നൽകണം. നറുക്കുവീഴുന്നതിലൂടെ ലഭിക്കുന്ന ദേശം ഏതുതന്നെയായാലും അത് അവർക്കുള്ളതായിരിക്കും. നിങ്ങളുടെ പിതൃഗോത്രമനുസരിച്ച് നിങ്ങൾ ദേശം അവകാശമാക്കണം. “ ‘എന്നാൽ ദേശത്തിലെ നിവാസികളെ നിങ്ങൾ ഓടിക്കുന്നില്ലെങ്കിൽ, ദേശത്തു തങ്ങാൻ നിങ്ങൾ അനുവദിക്കുന്നവർ നിങ്ങളുടെ കണ്ണുകൾക്കു ചൂണ്ടയും പാർശ്വങ്ങൾക്കു മുള്ളും ആയിരിക്കും. നിങ്ങൾ ജീവിക്കുന്ന ദേശത്ത് അവർ നിങ്ങളെ ഉപദ്രവിക്കും. അതുമാത്രമല്ല, ഞാൻ അവരോടു ചെയ്യാൻ വിചാരിച്ചതു നിങ്ങളോടു ചെയ്യും.’ ”