സംഖ്യ 33:40-56
സംഖ്യ 33:40-56 MCV
കനാൻ ദേശത്തിനു തെക്കു താമസിച്ചിരുന്ന കനാന്യരാജാവായ അരാദ് ഇസ്രായേല്യർ വരുന്നു എന്നു കേട്ടു. ഇസ്രായേല്യർ ഹോർ പർവതത്തിൽനിന്ന് പുറപ്പെട്ട് സല്മോനയിൽ പാളയമടിച്ചു. അവർ സല്മോനയിൽനിന്ന് പുറപ്പെട്ട് പൂനോനിൽ പാളയമടിച്ചു. അവർ പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു. അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമടിച്ചു. അവർ ഇയ്യീമിൽനിന്ന് പുറപ്പെട്ട് ദീബോൻ-ഗാദിൽ പാളയമടിച്ചു. അവർ ദീബോൻ-ഗാദിൽനിന്ന് പുറപ്പെട്ട് അല്മോൻ-ദിബ്ലാഥയീമിൽ പാളയമടിച്ചു. അവർ അല്മോൻ-ദിബ്ലാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിനുസമീപം അബാരീം പർവതങ്ങളിൽ പാളയമടിച്ചു. അവർ അബാരീം പർവതങ്ങളിൽനിന്ന് പുറപ്പെട്ടു യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബ് സമതലങ്ങളിൽ പാളയമടിച്ചു. അവിടെ മോവാബ് സമതലത്തിൽ യോർദാന്റെ തീരത്ത് ബേത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ അവർ പാളയമടിച്ചു. യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങൾ യോർദാൻ കടന്ന് കനാനിലേക്കു പോകുമ്പോൾ, നിങ്ങളുടെമുമ്പിലുള്ള ദേശത്തിലെ സകലനിവാസികളെയും ഓടിച്ചുകളയണം. അവരുടെ വിഗ്രഹങ്ങളെയും പ്രതിമകളെയും നശിപ്പിച്ച് അവർ യാഗമർപ്പിച്ചുവരുന്ന ക്ഷേത്രങ്ങൾ മുഴുവൻ ഇടിച്ചുകളയണം. ദേശം കൈവശമാക്കി അതിൽ പാർക്കുക. കാരണം നിങ്ങൾക്കു കൈവശമാക്കാനായി ദേശം ഞാൻ തന്നിരിക്കുന്നു. നിങ്ങൾ കുടുംബങ്ങളായി നറുക്കിട്ട് ആ ദേശം കൈവശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയഗോത്രത്തിനു ചെറിയ അവകാശവും നൽകണം. നറുക്കുവീഴുന്നതിലൂടെ ലഭിക്കുന്ന ദേശം ഏതുതന്നെയായാലും അത് അവർക്കുള്ളതായിരിക്കും. നിങ്ങളുടെ പിതൃഗോത്രമനുസരിച്ച് നിങ്ങൾ ദേശം അവകാശമാക്കണം. “ ‘എന്നാൽ ദേശത്തിലെ നിവാസികളെ നിങ്ങൾ ഓടിക്കുന്നില്ലെങ്കിൽ, ദേശത്തു തങ്ങാൻ നിങ്ങൾ അനുവദിക്കുന്നവർ നിങ്ങളുടെ കണ്ണുകൾക്കു ചൂണ്ടയും പാർശ്വങ്ങൾക്കു മുള്ളും ആയിരിക്കും. നിങ്ങൾ ജീവിക്കുന്ന ദേശത്ത് അവർ നിങ്ങളെ ഉപദ്രവിക്കും. അതുമാത്രമല്ല, ഞാൻ അവരോടു ചെയ്യാൻ വിചാരിച്ചതു നിങ്ങളോടു ചെയ്യും.’ ”

