സംഖ്യ. 33:40-56

സംഖ്യ. 33:40-56 IRVMAL

എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ച് കേട്ടു. ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി. സല്മോനയിൽനിന്ന് പുറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി. പൂനോനിൽനിന്ന് പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. ഓബോത്തിൽനിന്ന് പുറപ്പെട്ടു മോവാബിന്‍റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. ഈയീമിൽനിന്ന് പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി. ദീബോൻഗാദിൽനിന്ന് പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി. അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ടു നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി. അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ടു യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി. യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി. യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളും ബിംബങ്ങളും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളും നശിപ്പിച്ചുകളയേണം. നിങ്ങൾ ദേശം കൈവശമാക്കി അതിൽ വസിക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു. നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കേണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്‍റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കേണം. എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും. അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.