സംഖ്യാപുസ്തകം 15:1-16
സംഖ്യാപുസ്തകം 15:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ട് ഒരു നേർച്ച നിവർത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവയ്ക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവയ്ക്കു സൗരഭ്യവാസനയാകുമാറ് ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ യഹോവയ്ക്കു വഴിപാടു കഴിക്കുന്നവൻ കാൽ ഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം. ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി നീ ആടൊന്നിനു കാൽ ഹീൻ വീഞ്ഞു കൊണ്ടുവരേണം. ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം. അതിന്റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കേണം. നേർച്ച നിവർത്തിപ്പാനോ യഹോവയ്ക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിനാകട്ടെ ഹനനയാഗത്തിനാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ കിടാവിനോടുകൂടെ അര ഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായിട്ട് അർപ്പിക്കേണം. അതിന്റെ പാനീയയാഗമായി അര ഹീൻ വീഞ്ഞ് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം. നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിനും ഒത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ വേണം. സ്വദേശിയായവനൊക്കെയും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നെ അനുഷ്ഠിക്കേണം. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നെ അവനും അനുഷ്ഠിക്കേണം. നിങ്ങൾക്കാകട്ടെ വന്നുപാർക്കുന്ന പരദേശിക്കാകട്ടെ സർവസഭയ്ക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടംതന്നെ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെതന്നെ ഇരിക്കേണം. നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കേണം.
സംഖ്യാപുസ്തകം 15:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തോടു പറയുക, ഞാൻ നിങ്ങൾക്കു നല്‌കുന്ന ദേശത്തു പാർക്കാൻ ചെല്ലുമ്പോൾ, അനുസരിക്കേണ്ട നിയമങ്ങൾ ഇവയാണ്. നിങ്ങളുടെ നേർച്ച പൂർത്തീകരിക്കുന്നതിനോ, സ്വമേധാദാനം അർപ്പിക്കുന്നതിനോ, നിങ്ങളുടെ ഉത്സവദിവസങ്ങളിലെ വഴിപാട് അർപ്പിക്കുന്നതിനോ, ഒരു ഹോമയാഗമോ മറ്റു യാഗങ്ങളോ കഴിക്കുന്നെങ്കിൽ നിങ്ങളുടെ കന്നുകാലിക്കൂട്ടത്തിൽനിന്നോ, ആട്ടിൻപറ്റത്തിൽനിന്നോ ഒരു മൃഗത്തെ അർപ്പിക്കാം; അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. ഈ വഴിപാട് അർപ്പിക്കുന്നതോടൊപ്പം ഒരു ഇടങ്ങഴി നേരിയ മാവു കാൽ ഹീൻ എണ്ണ ചേർത്ത് ധാന്യയാഗമായി അർപ്പിക്കേണ്ടതാണ്. ഹോമയാഗത്തിനും മറ്റു യാഗങ്ങൾക്കും ഓരോ ആട്ടിൻകുട്ടിയോടുമൊപ്പം പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും അർപ്പിക്കണം. ആണാടിനെയാണ് അർപ്പിക്കുന്നതെങ്കിൽ രണ്ടിടങ്ങഴി മാവ് മൂന്നിലൊന്നു ഹീൻ എണ്ണ ചേർത്തു കുഴച്ചു ധാന്യവഴിപാടായി അതോടൊപ്പം അർപ്പിക്കേണ്ടതാണ്. പാനീയയാഗമായി മൂന്നിലൊന്നു ഹീൻ വീഞ്ഞും അർപ്പിക്കണം. ഈ വഴിപാടുകളുടെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. ഒരു കാളക്കുട്ടിയെ ഹോമയാഗമായോ ഒരു നേർച്ച പൂർത്തീകരിക്കുന്നതിനുള്ള യാഗമായോ സമാധാനയാഗമായോ സർവേശ്വരന് അർപ്പിക്കുന്നെങ്കിൽ അതോടുകൂടി ധാന്യവഴിപാടായി മൂന്നിടങ്ങഴി മാവ് അര ഹീൻ എണ്ണ ചേർത്ത് അർപ്പിക്കണം. കൂടാതെ അര ഹീൻ വീഞ്ഞും പാനീയയാഗമായി അർപ്പിക്കേണ്ടതാണ്. അവയുടെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. കാളക്കുട്ടിയോ ആണാടോ ആട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ഇവയിൽ ഏതായാലും ഇപ്രകാരമാണ് അർപ്പിക്കേണ്ടത്. ഒന്നിലധികം മൃഗങ്ങളെയർപ്പിച്ചാലും ഓരോ മൃഗത്തിനും ഇങ്ങനെതന്നെ ചെയ്യണം. സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹനയാഗം അർപ്പിക്കുമ്പോൾ ഇസ്രായേല്യർ ഇങ്ങനെതന്നെ ചെയ്യണം. നിങ്ങളുടെ ഇടയിൽ താൽക്കാലികമായോ സ്ഥിരമായോ പാർക്കുന്ന ഒരു പരദേശി സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹനയാഗം അർപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവനും നിങ്ങൾ ചെയ്യുന്നതുപോലെ ചെയ്യണം. നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും എക്കാലവും അനുഷ്ഠിക്കേണ്ട ചട്ടങ്ങൾ ഒന്നുതന്നെയാണ്. സർവേശ്വരന്റെ ദൃഷ്‍ടിയിൽ പരദേശിയും നിങ്ങളും ഒരുപോലെയാകുന്നു. നിങ്ങൾക്കും നിങ്ങളുടെകൂടെ പാർക്കുന്ന പരദേശിക്കും ഒരേ നിയമവും ചട്ടവും ആയിരിക്കും.”
സംഖ്യാപുസ്തകം 15:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോട് പറയേണ്ടത്: ‘ഞാൻ നിങ്ങൾക്ക് തരുന്ന നിങ്ങളുടെ നിവാസദേശത്ത് നിങ്ങൾ പ്രവേശിച്ചശേഷം ഒരു നേർച്ച നിവർത്തിക്കുവാനോ, സ്വമേധാദാനമായോ, നിങ്ങളുടെ ഉത്സവങ്ങളിലോ, മാടിനെയോ ആടിനെയോ ഹോമയാഗമായിട്ടോ ഹനനയാഗമായിട്ടോ യഹോവയ്ക്ക് സൗരഭ്യവാസനയായി ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ, യഹോവയ്ക്ക് വഴിപാട് കഴിക്കുന്നവൻ കാൽ ഹീൻ എണ്ണചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം. ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി നീ ആടൊന്നിന് കാൽ ഹീൻ വീഞ്ഞ് കൊണ്ടുവരേണം. “ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണചേർത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം. അതിന്റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്ന് വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കേണം. “നേർച്ച നിവർത്തിക്കുവാനോ യഹോവയ്ക്ക് സമാധാനയാഗം കഴിക്കുവാനോ ഹോമയാഗത്തിനോ ഹനനയാഗത്തിനോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ അതിനോടുകൂടി അര ഹീൻ എണ്ണചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായി അർപ്പിക്കേണം. അതിന്റെ പാനീയയാഗമായി അര ഹീൻ വീഞ്ഞ് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം. നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ വേണം. സ്വദേശവാസിയായവരെല്ലാം യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നെ അനുഷ്ഠിക്കണം. നിങ്ങളോടുകൂടി പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുവനോ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുന്നതുപോലെ തന്നെ അവനും അനുഷ്ഠിക്കണം. നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിയ്ക്കും സർവ്വസഭയ്ക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെ തന്നെ ആയിരിക്കേണം. നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിയ്ക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കേണം.”
സംഖ്യാപുസ്തകം 15:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ടു ഒരു നേർച്ച നിവർത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവെക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവെക്കു സൗരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ യഹോവെക്കു വഴിപാടുകഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം. ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാൽഹീൻ വീഞ്ഞു കൊണ്ടുവരേണം. ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്നു എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം. അതിന്റെ പാനീയയാഗത്തിന്നു ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവെക്കു സൗരഭ്യവാസനയായി അർപ്പിക്കേണം. നേർച്ച നിവർത്തിപ്പാനോ യഹോവെക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ കിടാവിനോടുകൂടെ അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അർപ്പിക്കേണം. അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം. നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം. സ്വദേശിയായവനൊക്കെയും യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നേ അനുഷ്ഠിക്കേണം. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം. നിങ്ങൾക്കാകട്ടെ വന്നു പാർക്കുന്ന പരദേശിക്കാകട്ടെ സർവ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം. നിങ്ങൾക്കും വന്നു പാർക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
സംഖ്യാപുസ്തകം 15:1-16 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു വസിക്കാൻ നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം, യഹോവയ്ക്കു പ്രസാദമുള്ള ഹൃദ്യസുഗന്ധമായി ആടുമാടുകളുടെ കൂട്ടത്തിൽനിന്ന് ഒരു ദഹനയാഗമോ ഹോമയാഗമോ പ്രത്യേക നേർച്ചകൾക്കുള്ള യാഗമോ സ്വമേധാദാനമോ ഉത്സവവഴിപാടോ അർപ്പിക്കുമ്പോൾ വഴിപാട് കൊണ്ടുവരുന്നയാൾ കാൽ ഹീൻ ഒലിവെണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം യഹോവയ്ക്കു കൊണ്ടുവരണം. ഹോമയാഗത്തിനോ വഴിപാടിനോ ഉള്ള ഓരോ ആട്ടിൻകുട്ടിക്കും ഒപ്പം പാനീയയാഗമായി കാൽ ഹീൻ വീഞ്ഞ് കൊണ്ടുവരണം. “ ‘ആട്ടുകൊറ്റനായാൽ മൂന്നിലൊന്ന് ഹീൻ ഒലിവെണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും മൂന്നിലൊന്ന് ഹീൻ വീഞ്ഞ് പാനീയയാഗവും കൊണ്ടുവരണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അർപ്പിക്കണം. “ ‘യഹോവയ്ക്ക് ഒരു ഹോമയാഗമായോ പ്രത്യേക നേർച്ചയ്ക്കുള്ള യാഗമായോ ഒരു സമാധാനയാഗമായോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ അര ഹീൻ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം കാളക്കിടാവിനോടൊപ്പം കൊണ്ടുവരണം. അര ഹീൻ വീഞ്ഞ് പാനീയയാഗമായും കൊണ്ടുവരണം. അത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കണം. കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഏതായാലും ഇപ്രകാരം ഒരുക്കപ്പെടണം. നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗത്തിനൊത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ ചെയ്യണം. “ ‘സ്വദേശിയായ ഓരോരുത്തരും യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഒരു ദഹനയാഗം കൊണ്ടുവരുമ്പോൾ അവർ ഇവയെല്ലാം ഇങ്ങനെതന്നെ ചെയ്യണം. വരാനുള്ള തലമുറകളിലും ഒരു പ്രവാസിയോ നിങ്ങളുടെ മധ്യേ പാർക്കുന്ന മറ്റാരെങ്കിലുമോ യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഒരു ദഹനയാഗം കൊണ്ടുവരുമ്പോഴൊക്കെയും നിങ്ങൾ ചെയ്യുന്നതുപോലെതന്നെ അവരും ചെയ്യണം. സഭയ്ക്കുമുഴുവൻ, നിങ്ങൾക്കും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും ഒരേ നിയമം ആയിരിക്കണം; തലമുറതലമുറയായി ഇത് ഒരു ശാശ്വതനിയമം. നിങ്ങളും പ്രവാസിയും യഹോവയുടെമുമ്പാകെ തുല്യരായിരിക്കും: നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിക്കും വിധിയും നിയമവും ഒന്നുതന്നെ ആയിരിക്കും.’ ”