NUMBERS 15

15
യാഗങ്ങളെ സംബന്ധിച്ച നിയമങ്ങൾ
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ഇസ്രായേൽജനത്തോടു പറയുക, ഞാൻ നിങ്ങൾക്കു നല്‌കുന്ന ദേശത്തു പാർക്കാൻ ചെല്ലുമ്പോൾ, അനുസരിക്കേണ്ട നിയമങ്ങൾ ഇവയാണ്. 3നിങ്ങളുടെ നേർച്ച പൂർത്തീകരിക്കുന്നതിനോ, സ്വമേധാദാനം അർപ്പിക്കുന്നതിനോ, നിങ്ങളുടെ ഉത്സവദിവസങ്ങളിലെ വഴിപാട് അർപ്പിക്കുന്നതിനോ, ഒരു ഹോമയാഗമോ മറ്റു യാഗങ്ങളോ കഴിക്കുന്നെങ്കിൽ നിങ്ങളുടെ കന്നുകാലിക്കൂട്ടത്തിൽനിന്നോ, ആട്ടിൻപറ്റത്തിൽനിന്നോ ഒരു മൃഗത്തെ അർപ്പിക്കാം; അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. 4ഈ വഴിപാട് അർപ്പിക്കുന്നതോടൊപ്പം ഒരു ഇടങ്ങഴി നേരിയ മാവു കാൽ ഹീൻ എണ്ണ ചേർത്ത് ധാന്യയാഗമായി അർപ്പിക്കേണ്ടതാണ്. 5ഹോമയാഗത്തിനും മറ്റു യാഗങ്ങൾക്കും ഓരോ ആട്ടിൻകുട്ടിയോടുമൊപ്പം പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും അർപ്പിക്കണം. 6ആണാടിനെയാണ് അർപ്പിക്കുന്നതെങ്കിൽ രണ്ടിടങ്ങഴി മാവ് മൂന്നിലൊന്നു ഹീൻ എണ്ണ ചേർത്തു കുഴച്ചു ധാന്യവഴിപാടായി അതോടൊപ്പം അർപ്പിക്കേണ്ടതാണ്. 7പാനീയയാഗമായി മൂന്നിലൊന്നു ഹീൻ വീഞ്ഞും അർപ്പിക്കണം. ഈ വഴിപാടുകളുടെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. 8ഒരു കാളക്കുട്ടിയെ ഹോമയാഗമായോ ഒരു നേർച്ച പൂർത്തീകരിക്കുന്നതിനുള്ള യാഗമായോ സമാധാനയാഗമായോ സർവേശ്വരന് അർപ്പിക്കുന്നെങ്കിൽ 9അതോടുകൂടി ധാന്യവഴിപാടായി മൂന്നിടങ്ങഴി മാവ് അര ഹീൻ എണ്ണ ചേർത്ത് അർപ്പിക്കണം. 10കൂടാതെ അര ഹീൻ വീഞ്ഞും പാനീയയാഗമായി അർപ്പിക്കേണ്ടതാണ്. അവയുടെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. 11കാളക്കുട്ടിയോ ആണാടോ ആട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ഇവയിൽ ഏതായാലും ഇപ്രകാരമാണ് അർപ്പിക്കേണ്ടത്. 12ഒന്നിലധികം മൃഗങ്ങളെയർപ്പിച്ചാലും ഓരോ മൃഗത്തിനും ഇങ്ങനെതന്നെ ചെയ്യണം. 13സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹനയാഗം അർപ്പിക്കുമ്പോൾ ഇസ്രായേല്യർ ഇങ്ങനെതന്നെ ചെയ്യണം. 14നിങ്ങളുടെ ഇടയിൽ താൽക്കാലികമായോ സ്ഥിരമായോ പാർക്കുന്ന ഒരു പരദേശി സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹനയാഗം അർപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവനും നിങ്ങൾ ചെയ്യുന്നതുപോലെ ചെയ്യണം. 15നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും എക്കാലവും അനുഷ്ഠിക്കേണ്ട ചട്ടങ്ങൾ ഒന്നുതന്നെയാണ്. സർവേശ്വരന്റെ ദൃഷ്‍ടിയിൽ പരദേശിയും നിങ്ങളും ഒരുപോലെയാകുന്നു. 16നിങ്ങൾക്കും നിങ്ങളുടെകൂടെ പാർക്കുന്ന പരദേശിക്കും ഒരേ നിയമവും ചട്ടവും ആയിരിക്കും.”
17സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 18“ഇസ്രായേൽജനത്തോടു പറയുക, ഞാൻ നിങ്ങളെ കൊണ്ടുചെല്ലുന്ന ദേശത്തു നിങ്ങൾ എത്തിക്കഴിഞ്ഞ്, 19ആ ദേശത്തെ വിളവു നിങ്ങൾ അനുഭവിക്കുമ്പോൾ നിങ്ങൾ സർവേശ്വരനു വഴിപാട് അർപ്പിക്കണം. 20നിങ്ങൾക്ക് ആദ്യം ലഭിക്കുന്ന വിളവിൽനിന്നുള്ള ആദ്യത്തെ അപ്പം വഴിപാടായി അർപ്പിക്കണം. മെതിക്കളത്തിൽനിന്നുള്ള വഴിപാടുപോലെതന്നെ അതും നീരാജനമായി അർപ്പിക്കണം. 21ഇതു നിങ്ങളുടെ ഭാവിതലമുറകളും അനുഷ്ഠിക്കേണ്ട ചട്ടമാണ്.
22നിങ്ങൾ തെറ്റു ചെയ്യുകയും, സർവേശ്വരൻ മോശയോട് അരുളിച്ചെയ്ത ഈ കല്പനകൾ പാലിക്കാതിരിക്കുകയും, 23മോശ മുഖേന അവിടുന്നു നല്‌കിയ കല്പനകൾ നിങ്ങളോ നിങ്ങളുടെ പിൻതലമുറയോ അനുസരിക്കാതിരിക്കുകയും ചെയ്തു എന്നിരിക്കട്ടെ. 24ഇങ്ങനെ തെറ്റ് ചെയ്യാൻ ഇടയായത് സമൂഹത്തിന്റെ അജ്ഞതകൊണ്ടാണെങ്കിൽ, സമൂഹം മുഴുവനും ചേർന്ന് ഒരു കാളയെ ഹോമയാഗമായി അർപ്പിക്കണം. അതോടൊപ്പം ചട്ടപ്രകാരമുള്ള ധാന്യപാനീയ വഴിപാടുകളും അർപ്പിക്കേണ്ടതാണ്. അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. കൂടാതെ, ഒരു ആൺകോലാടിനെ പാപപരിഹാരയാഗമായും അർപ്പിക്കണം. 25പുരോഹിതൻ ഇസ്രായേൽസമൂഹത്തിനു വേണ്ടിയുള്ള പാപപരിഹാരകർമങ്ങൾ നിർവഹിക്കുമ്പോൾ അത് അവരോടു ക്ഷമിക്കും. അജ്ഞതകൊണ്ടുണ്ടായ കുറ്റമാണല്ലോ അത്. മാത്രമല്ല, അവർ സർവേശ്വരനു ഹോമയാഗവും പാപപരിഹാരയാഗവും അർപ്പിക്കുകയും ചെയ്തു. 26അപ്പോൾ ഇസ്രായേൽജനത്തിന്റെ സർവസമൂഹത്തോടും അവരുടെ ഇടയിൽ പാർക്കുന്ന പരദേശികളോടും സർവേശ്വരൻ ക്ഷമിക്കും. സർവസമൂഹത്തിന്റെയും അജ്ഞതമൂലമാണല്ലോ ഇങ്ങനെ സംഭവിച്ചത്. 27ഒരാൾ അജ്ഞതമൂലം പാപം ചെയ്താൽ ഒരു വയസ്സു പ്രായമുള്ള പെൺകോലാടിനെ പാപപരിഹാരയാഗമായി അർപ്പിക്കണം. 28പാപത്തിനു പരിഹാരമായി പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തകർമം അനുഷ്ഠിക്കേണ്ടതാണ്; അപ്പോൾ അവനു ക്ഷമ ലഭിക്കും. 29അജ്ഞതമൂലം പാപം ചെയ്യുന്നവൻ, സ്വദേശി ആയാലും പരദേശി ആയാലും അനുഷ്ഠിക്കേണ്ട നിയമം ഒന്നുതന്നെയാണ്. 30“എന്നാൽ ഒരു സ്വദേശിയോ പരദേശിയോ അറിഞ്ഞുകൊണ്ടു പാപം ചെയ്താൽ അതു സർവേശ്വരനെ നിന്ദിക്കുകയാണ്. അവനെ സ്വജനങ്ങളുടെ ഇടയിൽനിന്നു പുറത്താക്കണം. 31അവൻ സർവേശ്വരന്റെ വചനം നിരസിച്ച് അവിടുത്തെ കല്പനകൾ ലംഘിച്ചിരിക്കുകയാണ്; അവനെ തീർത്തും ബഹിഷ്കരിക്കണം; അവന്റെ അകൃത്യത്തിനുള്ള ഫലം അവൻതന്നെ അനുഭവിക്കണം.
ശബത്ത് ലംഘനം
32ഇസ്രായേൽജനം മരുഭൂമിയിലായിരുന്നപ്പോൾ, ഒരു ശബത്തുദിവസം ഒരാൾ വിറകു ശേഖരിക്കുന്നതു കണ്ടു. 33അവർ അവനെ പിടിച്ചു മോശയുടെയും അഹരോന്റെയും സഭയുടെയും മുമ്പാകെ കൊണ്ടുവന്നു; 34അവനെ എന്തു ചെയ്യണം എന്ന് അറിഞ്ഞുകൂടായിരുന്നതുകൊണ്ട് അവർ അവനെ തടവിലാക്കി. 35സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ആ മനുഷ്യൻ വധിക്കപ്പെടണം; പാളയത്തിന്റെ പുറത്തുവച്ചു സഭ മുഴുവനും കൂടി അവനെ കല്ലെറിയണം.” 36സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ ജനം അവനെ പാളയത്തിന്റെ പുറത്തു കൊണ്ടുവന്നു കല്ലെറിഞ്ഞു കൊന്നു.
തൊങ്ങലുകൾ
37സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 38“വസ്ത്രങ്ങളുടെ വിളുമ്പുകളിൽ തൊങ്ങൽ പിടിപ്പിക്കണം എന്ന് ഇസ്രായേൽജനത്തോടു പറയുക. ഇതു നിങ്ങളുടെ സകല തലമുറകളും ചെയ്യേണ്ടതാണ്; തൊങ്ങൽ നീലച്ചരടുകൊണ്ടു കെട്ടിയിരിക്കണം. 39ഹൃദയത്തിന്റെയും കണ്ണുകളുടെയും ചായ്‍വ് അനുസരിച്ചു യഥേഷ്ടം ചരിക്കുന്ന ശീലം വിട്ടു സർവേശ്വരന്റെ കല്പനകൾ എല്ലാം ഓർത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകൾ അടയാളമായിരിക്കും. 40അങ്ങനെ നിങ്ങൾ സകല കല്പനകളും ഓർത്ത് അനുസരിക്കുകയും എനിക്കു നിങ്ങൾ വേർതിരിക്കപ്പെട്ട ജനമായിരിക്കുകയും ചെയ്യും. 41നിങ്ങളുടെ ദൈവമായിരിക്കാൻ നിങ്ങളെ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഞാനാകുന്നു.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NUMBERS 15: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക