സംഖ്യ 15:1-16

സംഖ്യ 15:1-16 MCV

യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു വസിക്കാൻ നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം, യഹോവയ്ക്കു പ്രസാദമുള്ള ഹൃദ്യസുഗന്ധമായി ആടുമാടുകളുടെ കൂട്ടത്തിൽനിന്ന് ഒരു ദഹനയാഗമോ ഹോമയാഗമോ പ്രത്യേക നേർച്ചകൾക്കുള്ള യാഗമോ സ്വമേധാദാനമോ ഉത്സവവഴിപാടോ അർപ്പിക്കുമ്പോൾ വഴിപാട് കൊണ്ടുവരുന്നയാൾ കാൽ ഹീൻ ഒലിവെണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം യഹോവയ്ക്കു കൊണ്ടുവരണം. ഹോമയാഗത്തിനോ വഴിപാടിനോ ഉള്ള ഓരോ ആട്ടിൻകുട്ടിക്കും ഒപ്പം പാനീയയാഗമായി കാൽ ഹീൻ വീഞ്ഞ് കൊണ്ടുവരണം. “ ‘ആട്ടുകൊറ്റനായാൽ മൂന്നിലൊന്ന് ഹീൻ ഒലിവെണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും മൂന്നിലൊന്ന് ഹീൻ വീഞ്ഞ് പാനീയയാഗവും കൊണ്ടുവരണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അർപ്പിക്കണം. “ ‘യഹോവയ്ക്ക് ഒരു ഹോമയാഗമായോ പ്രത്യേക നേർച്ചയ്ക്കുള്ള യാഗമായോ ഒരു സമാധാനയാഗമായോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ അര ഹീൻ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം കാളക്കിടാവിനോടൊപ്പം കൊണ്ടുവരണം. അര ഹീൻ വീഞ്ഞ് പാനീയയാഗമായും കൊണ്ടുവരണം. അത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കണം. കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഏതായാലും ഇപ്രകാരം ഒരുക്കപ്പെടണം. നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗത്തിനൊത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ ചെയ്യണം. “ ‘സ്വദേശിയായ ഓരോരുത്തരും യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഒരു ദഹനയാഗം കൊണ്ടുവരുമ്പോൾ അവർ ഇവയെല്ലാം ഇങ്ങനെതന്നെ ചെയ്യണം. വരാനുള്ള തലമുറകളിലും ഒരു പ്രവാസിയോ നിങ്ങളുടെ മധ്യേ പാർക്കുന്ന മറ്റാരെങ്കിലുമോ യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഒരു ദഹനയാഗം കൊണ്ടുവരുമ്പോഴൊക്കെയും നിങ്ങൾ ചെയ്യുന്നതുപോലെതന്നെ അവരും ചെയ്യണം. സഭയ്ക്കുമുഴുവൻ, നിങ്ങൾക്കും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും ഒരേ നിയമം ആയിരിക്കണം; തലമുറതലമുറയായി ഇത് ഒരു ശാശ്വതനിയമം. നിങ്ങളും പ്രവാസിയും യഹോവയുടെമുമ്പാകെ തുല്യരായിരിക്കും: നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിക്കും വിധിയും നിയമവും ഒന്നുതന്നെ ആയിരിക്കും.’ ”