യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ടു ഒരു നേർച്ച നിവർത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവെക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവെക്കു സൗരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ യഹോവെക്കു വഴിപാടുകഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം. ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാൽഹീൻ വീഞ്ഞു കൊണ്ടുവരേണം. ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്നു എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം. അതിന്റെ പാനീയയാഗത്തിന്നു ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവെക്കു സൗരഭ്യവാസനയായി അർപ്പിക്കേണം. നേർച്ച നിവർത്തിപ്പാനോ യഹോവെക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ കിടാവിനോടുകൂടെ അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അർപ്പിക്കേണം. അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം. നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം. സ്വദേശിയായവനൊക്കെയും യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നേ അനുഷ്ഠിക്കേണം. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം. നിങ്ങൾക്കാകട്ടെ വന്നു പാർക്കുന്ന പരദേശിക്കാകട്ടെ സർവ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം. നിങ്ങൾക്കും വന്നു പാർക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
സംഖ്യാപുസ്തകം 15 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സംഖ്യാപുസ്തകം 15:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ