മത്തായി 27:46-60

മത്തായി 27:46-60 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന് ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർഥം. അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറച്ച് ഓടത്തണ്ടിന്മേൽ ആക്കി അവനു കുടിപ്പാൻ കൊടുത്തു. ശേഷമുള്ളവർ: നില്ക്ക; ഏലീയാവ് അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു. യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ് അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ട്: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞ് ഏറ്റവും ഭയപ്പെട്ടു. ഗലീലയിൽനിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു. സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്ന്, പീലാത്തൊസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു; പീലാത്തൊസ് അത് ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞ്, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടു പോയി.

മത്തായി 27:45-60 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മധ്യാഹ്നമായപ്പോൾ ദേശമാസകലം അന്ധകാരത്തിലാണ്ടു. മൂന്നുമണിവരെയും ആ ഇരുൾ നീണ്ടുനിന്നു. ഏകദേശം മൂന്നുമണി ആയപ്പോൾ യേശു “ഏലീ, ഏലീ, ലമ്മ, ശബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടത് എന്ത്?’ എന്നാണതിന് അർഥം. അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടപ്പോൾ, “അയാൾ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരാൾ ഓടിപ്പോയി ഒരു സ്പഞ്ച് എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി ഒരു വടിയിൽവച്ച് യേശുവിനു കുടിക്കുവാൻ നീട്ടിക്കൊടുത്തു. “ആകട്ടെ, ഏലിയാ അയാളെ രക്ഷിക്കുവാൻ വരുമോ എന്നു നമുക്കു കാണാമല്ലോ” എന്നു മറ്റുള്ളവർ പറഞ്ഞു. യേശു വീണ്ടും ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പ്രാണൻ വെടിഞ്ഞു. തൽക്ഷണം ദേവാലയത്തിലെ തിരശ്ശീല മുകൾതൊട്ട് അടിവരെ രണ്ടായി ചീന്തിപ്പോയി. ഭൂതലം വിറച്ചു, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു. മരണമടഞ്ഞ വിശുദ്ധന്മാരിൽ പലരും ഉത്ഥാനം ചെയ്തു. അവർ ശവകുടീരങ്ങൾ വിട്ടുപോകുകയും ചെയ്തു. യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം അവർ വിശുദ്ധനഗരത്തിൽചെന്ന് അനേകമാളുകൾക്കു പ്രത്യക്ഷപ്പെട്ടു. പടത്തലവനും അയാളോടുകൂടി യേശുവിനെ കാവൽചെയ്തുകൊണ്ടിരുന്ന പട്ടാളക്കാരും, ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ടതോടെ ഭയാക്രാന്തരായി. വാസ്തവത്തിൽ ഇദ്ദേഹം ദൈവപുത്രനായിരുന്നു എന്ന് അവർ പറഞ്ഞു. യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയിൽനിന്ന് അവിടുത്തെ അനുഗമിച്ചിരുന്ന പല സ്‍ത്രീകളും അല്പം അകലെനിന്ന് ഇവയെല്ലാം നോക്കിക്കൊണ്ടിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലേന മറിയവും യാക്കോബിന്റെയും യോസേഫിന്റെയും അമ്മ മറിയവും സെബദിപുത്രന്മാരുടെ മാതാവും ഉൾപ്പെട്ടിരുന്നു. നേരം വൈകിയപ്പോൾ അരിമഥ്യയിലെ ഒരു ധനികനായ യോസേഫ് എന്നയാൾ അവിടെയെത്തി. അയാളും യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചവരിൽ ഒരാളായിരുന്നു. അയാൾ പീലാത്തോസിനെ സമീപിച്ച് യേശുവിന്റെ ശരീരം വിട്ടുകൊടുക്കണമെന്നപേക്ഷിച്ചു. പീലാത്തോസ് അനുവാദം നല്‌കി. യോസേഫ് ശരീരം ഏറ്റുവാങ്ങി ഒരു ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ് പുതുതായി പാറയിൽ വെട്ടിച്ച തന്റെ കല്ലറയിൽ സംസ്കരിച്ചു. ഒരു വലിയ കല്ലുരുട്ടി കല്ലറയുടെ വാതിൽക്കൽ വച്ചശേഷം അയാൾ പോയി.

മത്തായി 27:46-60 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഏകദേശം ഒമ്പതാംമണി നേരത്ത് യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം. അവിടെ നിന്നിരുന്നവരിൽ ചിലർ അത് കേട്ടിട്ടു; “അവൻ ഏലിയാവെ വിളിക്കുന്നു“ എന്നു പറഞ്ഞു. ഉടനെ അവരിൽ ഒരുവൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞ് നിറച്ച് ഓടത്തണ്ടിന്മേൽ ആക്കി അവനു കുടിക്കുവാൻ കൊടുത്തു. ശേഷമുള്ളവർ: “അവനെ തനിയെ വിടുക; ഏലിയാവ് അവനെ രക്ഷിക്കാൻ വരുമോ“ എന്നു നോക്കാം എന്നു പറഞ്ഞു. യേശു പിന്നെയും അത്യുച്ചത്തിൽ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ് അവന്‍റെ പുനരുത്ഥാനത്തിൻ്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായവ സംഭവിച്ചത് കണ്ടിട്ട്: “അവൻ ദൈവപുത്രൻ ആയിരുന്നു സത്യം“ എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു. ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബ് യോസേഫ് എന്നിവരുടെ അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു. സന്ധ്യയായപ്പോൾ യേശുവിന്‍റെ ശിഷ്യനായിരുന്ന അരിമത്ഥ്യക്കാരനായ യോസേഫ് എന്ന പേരുള്ള ധനവാൻ വന്നു, പീലാത്തോസിനെ സമീപിച്ചു യേശുവിന്‍റെ ശരീരം ചോദിച്ചു; പീലാത്തോസ് അത് കൊടുക്കുവാൻ കല്പിച്ചു. യോസേഫ് ശരീരം എടുത്തു വൃത്തിയുള്ള ചണശീലയിൽ പൊതിഞ്ഞു, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്‍റെ സ്വന്തമായ പുതിയ കല്ലറയിൽ വച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടുപോയി.

മത്തായി 27:46-60 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം. അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു. ശേഷമുള്ളവർ: നില്ക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു. യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു. ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു. സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു, പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.

മത്തായി 27:46-60 സമകാലിക മലയാളവിവർത്തനം (MCV)

ഏകദേശം മൂന്നുമണിക്ക് യേശു, “ ഏലീ, ഏലീ, ലമ്മാ ശബക്താനി? ” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടിട്ട്, “അയാൾ ഏലിയാവിനെ വിളിക്കുന്നു” എന്നു പറഞ്ഞു. ഉടനെതന്നെ അവരിൽ ഒരാൾ ഓടിച്ചെന്ന് ഒരു സ്പോഞ്ച് എടുത്തു. അയാൾ അതിൽ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഈറ്റത്തണ്ടിന്മേൽവെച്ച് യേശുവിന് കുടിക്കാൻ കൊടുത്തു. എന്നാൽ മറ്റുള്ളവർ, “നിൽക്കൂ, ഏലിയാവ് അയാളെ രക്ഷിക്കാൻ വരുമോ എന്നു നോക്കാം.” എന്നു പറഞ്ഞു. യേശു വീണ്ടും അത്യുച്ചത്തിൽ നിലവിളിച്ച് തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു. ആ നിമിഷംതന്നെ ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി. ഭൂകമ്പം ഉണ്ടായി, പാറകൾ പിളർന്നു, ശവക്കല്ലറകൾ തുറന്നു. മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങൾ ഉയിർത്തെഴുന്നേറ്റു. അവർ യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം കല്ലറകളിൽനിന്ന് പുറത്തുവരികയും, വിശുദ്ധനഗരത്തിൽ ചെന്ന് ധാരാളംപേർക്കു പ്രത്യക്ഷരാകുകയും ചെയ്തു. യേശുവിനു കാവൽനിന്നിരുന്ന ശതാധിപനും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ട് ഭയന്നുവിറച്ചു, “ഇദ്ദേഹം വാസ്തവമായും ദൈവപുത്രൻ ആയിരുന്നു!” എന്നു പറഞ്ഞു. യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ചിരുന്ന പല സ്ത്രീകളും അകലെനിന്ന് ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലക്കാരി മറിയയും യാക്കോബ്, യോസെ എന്നിവരുടെ അമ്മ മറിയയും സെബെദിപുത്രന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മയും ഉണ്ടായിരുന്നു. സന്ധ്യയായപ്പോൾ, യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യക്കാരൻ യോസേഫ് എന്ന ധനികൻ അവിടെ എത്തി. അദ്ദേഹം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു; അദ്ദേഹത്തിന് അതു വിട്ടുകൊടുക്കാൻ പീലാത്തോസ് ഉത്തരവിടുകയും ചെയ്തു. യോസേഫ് ആ മൃതദേഹം എടുത്ത് വെടിപ്പുള്ള ഒരു മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, തനിക്കായി പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ കവാടത്തിൽ വലിയൊരു കല്ല് ഉരുട്ടിവെച്ചതിനുശേഷം അദ്ദേഹം പോയി.