ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം. അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു. ശേഷമുള്ളവർ: നില്ക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു. യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു. ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു. സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു, പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
മത്തായി 27 വായിക്കുക
കേൾക്കുക മത്തായി 27
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 27:46-60
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ