ഏകദേശം മൂന്നുമണിക്ക് യേശു, “ ഏലീ, ഏലീ, ലമ്മാ ശബക്താനി? ” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടിട്ട്, “അയാൾ ഏലിയാവിനെ വിളിക്കുന്നു” എന്നു പറഞ്ഞു. ഉടനെതന്നെ അവരിൽ ഒരാൾ ഓടിച്ചെന്ന് ഒരു സ്പോഞ്ച് എടുത്തു. അയാൾ അതിൽ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഈറ്റത്തണ്ടിന്മേൽവെച്ച് യേശുവിന് കുടിക്കാൻ കൊടുത്തു. എന്നാൽ മറ്റുള്ളവർ, “നിൽക്കൂ, ഏലിയാവ് അയാളെ രക്ഷിക്കാൻ വരുമോ എന്നു നോക്കാം.” എന്നു പറഞ്ഞു. യേശു വീണ്ടും അത്യുച്ചത്തിൽ നിലവിളിച്ച് തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു. ആ നിമിഷംതന്നെ ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി. ഭൂകമ്പം ഉണ്ടായി, പാറകൾ പിളർന്നു, ശവക്കല്ലറകൾ തുറന്നു. മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങൾ ഉയിർത്തെഴുന്നേറ്റു. അവർ യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം കല്ലറകളിൽനിന്ന് പുറത്തുവരികയും, വിശുദ്ധനഗരത്തിൽ ചെന്ന് ധാരാളംപേർക്കു പ്രത്യക്ഷരാകുകയും ചെയ്തു. യേശുവിനു കാവൽനിന്നിരുന്ന ശതാധിപനും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ട് ഭയന്നുവിറച്ചു, “ഇദ്ദേഹം വാസ്തവമായും ദൈവപുത്രൻ ആയിരുന്നു!” എന്നു പറഞ്ഞു. യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ചിരുന്ന പല സ്ത്രീകളും അകലെനിന്ന് ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലക്കാരി മറിയയും യാക്കോബ്, യോസെ എന്നിവരുടെ അമ്മ മറിയയും സെബെദിപുത്രന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മയും ഉണ്ടായിരുന്നു. സന്ധ്യയായപ്പോൾ, യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യക്കാരൻ യോസേഫ് എന്ന ധനികൻ അവിടെ എത്തി. അദ്ദേഹം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു; അദ്ദേഹത്തിന് അതു വിട്ടുകൊടുക്കാൻ പീലാത്തോസ് ഉത്തരവിടുകയും ചെയ്തു. യോസേഫ് ആ മൃതദേഹം എടുത്ത് വെടിപ്പുള്ള ഒരു മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, തനിക്കായി പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ കവാടത്തിൽ വലിയൊരു കല്ല് ഉരുട്ടിവെച്ചതിനുശേഷം അദ്ദേഹം പോയി.
മത്തായി 27 വായിക്കുക
കേൾക്കുക മത്തായി 27
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 27:46-60
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ