മധ്യാഹ്നമായപ്പോൾ ദേശമാസകലം അന്ധകാരത്തിലാണ്ടു. മൂന്നുമണിവരെയും ആ ഇരുൾ നീണ്ടുനിന്നു. ഏകദേശം മൂന്നുമണി ആയപ്പോൾ യേശു “ഏലീ, ഏലീ, ലമ്മ, ശബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടത് എന്ത്?’ എന്നാണതിന് അർഥം. അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടപ്പോൾ, “അയാൾ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരാൾ ഓടിപ്പോയി ഒരു സ്പഞ്ച് എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി ഒരു വടിയിൽവച്ച് യേശുവിനു കുടിക്കുവാൻ നീട്ടിക്കൊടുത്തു. “ആകട്ടെ, ഏലിയാ അയാളെ രക്ഷിക്കുവാൻ വരുമോ എന്നു നമുക്കു കാണാമല്ലോ” എന്നു മറ്റുള്ളവർ പറഞ്ഞു. യേശു വീണ്ടും ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പ്രാണൻ വെടിഞ്ഞു. തൽക്ഷണം ദേവാലയത്തിലെ തിരശ്ശീല മുകൾതൊട്ട് അടിവരെ രണ്ടായി ചീന്തിപ്പോയി. ഭൂതലം വിറച്ചു, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു. മരണമടഞ്ഞ വിശുദ്ധന്മാരിൽ പലരും ഉത്ഥാനം ചെയ്തു. അവർ ശവകുടീരങ്ങൾ വിട്ടുപോകുകയും ചെയ്തു. യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം അവർ വിശുദ്ധനഗരത്തിൽചെന്ന് അനേകമാളുകൾക്കു പ്രത്യക്ഷപ്പെട്ടു. പടത്തലവനും അയാളോടുകൂടി യേശുവിനെ കാവൽചെയ്തുകൊണ്ടിരുന്ന പട്ടാളക്കാരും, ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ടതോടെ ഭയാക്രാന്തരായി. വാസ്തവത്തിൽ ഇദ്ദേഹം ദൈവപുത്രനായിരുന്നു എന്ന് അവർ പറഞ്ഞു. യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയിൽനിന്ന് അവിടുത്തെ അനുഗമിച്ചിരുന്ന പല സ്‍ത്രീകളും അല്പം അകലെനിന്ന് ഇവയെല്ലാം നോക്കിക്കൊണ്ടിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലേന മറിയവും യാക്കോബിന്റെയും യോസേഫിന്റെയും അമ്മ മറിയവും സെബദിപുത്രന്മാരുടെ മാതാവും ഉൾപ്പെട്ടിരുന്നു. നേരം വൈകിയപ്പോൾ അരിമഥ്യയിലെ ഒരു ധനികനായ യോസേഫ് എന്നയാൾ അവിടെയെത്തി. അയാളും യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചവരിൽ ഒരാളായിരുന്നു. അയാൾ പീലാത്തോസിനെ സമീപിച്ച് യേശുവിന്റെ ശരീരം വിട്ടുകൊടുക്കണമെന്നപേക്ഷിച്ചു. പീലാത്തോസ് അനുവാദം നല്‌കി. യോസേഫ് ശരീരം ഏറ്റുവാങ്ങി ഒരു ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ് പുതുതായി പാറയിൽ വെട്ടിച്ച തന്റെ കല്ലറയിൽ സംസ്കരിച്ചു. ഒരു വലിയ കല്ലുരുട്ടി കല്ലറയുടെ വാതിൽക്കൽ വച്ചശേഷം അയാൾ പോയി.
MATHAIA 27 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 27:45-60
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ