മത്തായി 22:1-22

മത്തായി 22:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു പിന്നെയും അവരോട് ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗരാജ്യം തന്റെ പുത്രനുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. അവൻ കല്യാണത്തിനു ക്ഷണിച്ചവരെ വിളിക്കേണ്ടതിനു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിച്ച മൃഗങ്ങളെയും അറുത്ത്, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിനു വരുവിൻ എന്നു ക്ഷണിച്ചവരോടു പറയിച്ചു. അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കൊലപാതകന്മാരെ മുടിച്ച് അവരുടെ പട്ടണം ചുട്ടുകളഞ്ഞു. പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആകയാൽ വഴിത്തലയ്ക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിനു വിളിപ്പിൻ എന്നു പറഞ്ഞു. ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവനു വാക്കു മുട്ടിപ്പോയി. രാജാവ് ശുശ്രൂഷക്കാരോട്: ഇവനെ കൈയും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. അനന്തരം പരീശന്മാർ ചെന്ന് അവനെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ടു തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടുകൂടെ അവന്റെ അടുക്കൽ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവൻ ആകയാൽ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങൾ അറിയുന്നു. നിനക്ക് എന്തു തോന്നുന്നു? കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞു തരേണം എന്നു പറയിച്ചു. യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്? കരത്തിനുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു. അവൻ അവരോട്: ഈ സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിനു കൈസരുടേത് എന്ന് അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്ന് അവൻ അവരോടു പറഞ്ഞു. അവർ കേട്ട് ആശ്ചര്യപ്പെട്ട് അവനെ വിട്ടു പൊയ്ക്കളഞ്ഞു.

മത്തായി 22:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു വീണ്ടും ജനങ്ങളോടു ദൃഷ്ടാന്തരൂപേണ സംസാരിച്ചു: “സ്വപുത്രന്റെ വിവാഹത്തിനു സദ്യ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണു സ്വർഗരാജ്യം. ക്ഷണിക്കപ്പെട്ടവരെ വിളിച്ചുകൊണ്ടു വരാൻ രാജാവു ഭൃത്യന്മാരെ അയച്ചു. എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല. ‘ഇതാ വിരുന്ന് ഒരുക്കിക്കഴിഞ്ഞിരിക്കുന്നു; കാളകളെയും കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിട്ടുണ്ട്; കല്യാണസദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: വന്നാലും എന്നു ക്ഷണിക്കപ്പെട്ടവരോടു പറയുക’ എന്നു പറഞ്ഞ് രാജാവു വീണ്ടും ഭൃത്യന്മാരെ അയച്ചു. ക്ഷണിക്കപ്പെട്ടവരാകട്ടെ, അതു ഗണ്യമാക്കിയില്ല. ഒരുവൻ തന്റെ കൃഷിസ്ഥലത്തേക്കും മറ്റൊരുവൻ തന്റെ വ്യാപാരസ്ഥലത്തേക്കും പോയി. മറ്റുചിലർ ആ ഭൃത്യന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. രോഷാകുലനായിത്തീർന്ന രാജാവ് പട്ടാളത്തെ അയച്ച് ആ കൊലപാതകികളെ കൊന്നൊടുക്കി; അവരുടെ പട്ടണം ചുട്ടുകരിക്കുകയും ചെയ്തു. അതിനുശേഷം രാജാവു തന്റെ ഭൃത്യന്മാരോടു പറഞ്ഞു: ‘കല്യാണവിരുന്ന് ഏതായാലും തയ്യാറായി; ക്ഷണിക്കപ്പെട്ടവർക്ക് അതിന് അർഹതയില്ലാതെപോയി. നിങ്ങൾ പ്രധാന തെരുവീഥികളിൽ ചെന്ന് അവിടെ കാണുന്നവരെയെല്ലാം വിളിച്ചുകൊണ്ടുവരിക.’ അവർ പോയി സജ്ജനങ്ങളും ദുർജനങ്ങളും എന്ന ഭേദം കൂടാതെ കണ്ണിൽ കണ്ടവരെയെല്ലാം വിളിച്ചുകൊണ്ടുവന്നു. അങ്ങനെ കല്യാണശാല അതിഥികളെക്കൊണ്ടു നിറഞ്ഞു. “വിരുന്നിന് ഇരുന്നവരെ കാണാൻ രാജാവു ചെന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരുവനെ കണ്ടു, ‘സ്നേഹിതാ കല്യാണവസ്ത്രം ധരിക്കാതെ നീ എങ്ങനെ അകത്തുകടന്നു?’ എന്നു രാജാവ് അയാളോടു ചോദിച്ചു. അയാൾക്കു മറുപടി ഒന്നും പറയാനില്ലായിരുന്നു. അപ്പോൾ രാജാവു സേവകരോട് ആജ്ഞാപിച്ചു: ‘ഇവനെ കൈകാലുകൾ കെട്ടി പുറത്തുള്ള അന്ധകാരത്തിൽ എറിഞ്ഞുകളയുക. അവിടെ കിടന്ന് അവൻ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’ “അനേകമാളുകൾ ക്ഷണിക്കപ്പെടുന്നു; തിരഞ്ഞെടുക്കപ്പെടുന്നവരാകട്ടെ ചുരുക്കം.” അനന്തരം പരീശന്മാർ പോയി യേശുവിനെ എങ്ങനെ വാക്കിൽ കുടുക്കാമെന്നു കൂടിയാലോചിച്ചു. അവർ തങ്ങളുടെ ശിഷ്യന്മാരെ ഹേരോദ്യരോടുകൂടി യേശുവിന്റെ അടുക്കൽ അയച്ച് ഇങ്ങനെ ചോദിപ്പിച്ചു: “ഗുരോ, അങ്ങു സത്യവാദിയാണെന്നു ഞങ്ങൾക്കറിയാം. അവിടുന്ന് ആരുടെയും മുഖം നോക്കാതെയും ആരെയും ഭയപ്പെടാതെയുമാണ് ദൈവത്തിന്റെ മാർഗം പഠിപ്പിക്കുന്നത്. കൈസർക്കു തലക്കരം കൊടുക്കുന്നതു ശരിയോ തെറ്റോ? അങ്ങയുടെ അഭിപ്രായം എന്താണ്? ഞങ്ങളോടു പറഞ്ഞാലും.” അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: “കപടനാട്യക്കാരേ, നിങ്ങൾ എന്നെ കെണിയിൽ അകപ്പെടുത്തുവാൻ നോക്കുന്നത് എന്തിന്! തലക്കരം കൊടുക്കുന്നതിനുള്ള നാണയം ഒന്നു കാണിക്കൂ.” അവർ ഒരു നാണയം കൊണ്ടുവന്നു. യേശു ചോദിച്ചു: “ഈ പ്രതിരൂപവും ലിഖിതവും ആരുടേതാണ്?” “കൈസറുടേത്” എന്ന് അവർ പറഞ്ഞു. അപ്പോൾയേശു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് അവരോടു പറഞ്ഞു. ഇതു കേട്ടപ്പോൾ അവർ ആശ്ചര്യഭരിതരായി അവിടുത്തെ വിട്ടുപോയി.

മത്തായി 22:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു പിന്നെയും ഉപമകളിലൂടെ അവരോട് പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗ്ഗരാജ്യം തന്‍റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം. അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്‍റെ വിരുന്ന് ഒരുക്കിത്തീർന്നു, എന്‍റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണവിരുന്നിന് വരുവിൻ എന്നു ക്ഷണിച്ചവരോട് പറയിച്ചു. എന്നാൽ അവർ അവന്‍റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു. ശേഷമുള്ളവർ അവന്‍റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു. പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആകയാൽ പെരുവഴികൾ ചേരുന്ന ഇടങ്ങളിൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു. ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തുവന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ? എന്നു ചോദിച്ചു. എന്നാൽ അവനു ഉത്തരം മുട്ടിപ്പോയി. രാജാവ് തന്‍റെ ദാസന്മാരോട്: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. അനന്തരം പരീശന്മാർ ചെന്നു യേശുവിനെ അവന്‍റെ തന്നെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ട് അവരുടെ ശിഷ്യന്മാരെ ഹെരോദ്യരോടുകൂടെ അവന്‍റെ അടുക്കൽ അയച്ചു. “ഗുരോ, നീ സത്യവാനും, ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നവനും, മനുഷ്യരുടെ മുഖം നോക്കാത്തവനും, ആരുടെയും അഭിപ്രായത്തിന് വിധേയനാകാത്തവനും, ആണ് എന്നു ഞങ്ങൾ അറിയുന്നു. നിനക്കു എന്ത് തോന്നുന്നു? കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ” എന്നു പറഞ്ഞുതരേണം. യേശു അവരുടെ ദുഷ്ടത അറിഞ്ഞിട്ട്: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്? കരത്തിനുള്ള നാണയം കാണിക്കുവിൻ എന്നു പറഞ്ഞു; അവർ അവന്‍റെ അടുക്കൽ ഒരു വെള്ളിക്കാശ് കൊണ്ടുവന്നു. അവൻ അവരോട്: ഇതിലുള്ള പ്രതിച്ഛായയും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന് കൈസരുടേത് എന്നു അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു. അവർ ഇത് കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടുപൊയ്ക്കളഞ്ഞു.

മത്തായി 22:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു. അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു. ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു. രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു. പിന്നെ അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞു. ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു വാക്കു മുട്ടിപ്പോയി. രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. അനന്തരം പരീശന്മാർ ചെന്നു അവനെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കൽ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവൻ ആകയാൽ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങൾ അറിയുന്നു. നിനക്കു എന്തു തോന്നുന്നു? കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു. യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു? കരത്തിന്നുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു. അവൻ അവരോടു: ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു. അവർ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.

മത്തായി 22:1-22 സമകാലിക മലയാളവിവർത്തനം (MCV)

യേശു സാദൃശ്യകഥകളിലൂടെ പിന്നെയും അവരോടു സംസാരിച്ചു: “തന്റെ മകനുവേണ്ടി കല്യാണവിരുന്ന് ഒരുക്കിയ ഒരു രാജാവിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. ക്ഷണിക്കപ്പെട്ടിരുന്നവരുടെ അടുത്തേക്ക് രാജാവ് തന്റെ ഭൃത്യന്മാരെ അയച്ച്, വിരുന്നുസൽക്കാരത്തിന് വരണമെന്ന അറിയിപ്പ് നൽകി. എന്നാൽ, വിരുന്നിനുള്ള ആ അറിയിപ്പ് അവർ തിരസ്കരിച്ചു. “രാജാവ് വേറെ കുറെ ഭൃത്യന്മാരെക്കൂടി വിളിച്ച്, ‘നാം ഒരുക്കുന്ന വിരുന്നുസദ്യ തയ്യാറായിരിക്കുന്നു; കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറത്തു; സകലതും സജ്ജമായിരിക്കുന്നു. നിങ്ങൾ പോയി കല്യാണവിരുന്നിന് വരിക എന്ന് ക്ഷണിക്കപ്പെട്ടവരോട് അറിയിക്കുക’ എന്നു കൽപ്പിച്ച് അയച്ചു. “എന്നാൽ, ക്ഷണിതാക്കൾ അതൊന്നും ഗൗനിക്കാതെ, ഒരുവൻ തന്റെ വയലിലേക്കും മറ്റൊരുവൻ തന്റെ വ്യാപാരത്തിനും പോയി. ശേഷിച്ചവർ രാജഭൃത്യന്മാരെ പിടിച്ച് അപമാനിക്കുകയും കൊല്ലുകയും ചെയ്തു. രാജാവ് കോപാകുലനായി. അദ്ദേഹം തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു. “അതിനുശേഷം അദ്ദേഹം തന്റെ ഭൃത്യന്മാരോട്, ‘കല്യാണവിരുന്ന് തയ്യാറായിരിക്കുന്നു, ക്ഷണിക്കപ്പെട്ടവരോ ആ ആദരവ് നഷ്ടമാക്കി. അതുകൊണ്ട് തെരുവിൽ ചെന്ന് നിങ്ങൾ കാണുന്നവരെയെല്ലാം സദ്യക്ക് ക്ഷണിക്കുക.’ അങ്ങനെ രാജഭൃത്യർ പുറപ്പെട്ട് തെരുവിൽ ചെന്ന് തങ്ങൾ കണ്ട നല്ലവരും ദുഷ്ടരുമായ സകലരെയും വിളിച്ചുകൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു. “അതിഥികളെ കാണാൻ രാജാവ് വിരുന്നുശാലയിലേക്ക് വന്നു. വിവാഹവസ്ത്രം ധരിക്കാത്ത ഒരാൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം അവനോട്, ‘സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ താങ്കൾ അകത്തു കയറിയതെങ്ങനെ?’ എന്നു ചോദിച്ചു. അയാൾക്ക് ഒരുത്തരവും പറയാൻ ഉണ്ടായിരുന്നില്ല. “അപ്പോൾ രാജാവു തന്റെ സേവകരോട്, ‘ഇയാളെ കയ്യും കാലും കെട്ടി പുറത്ത് ഘോരാന്ധകാരത്തിലേക്ക് തള്ളിക്കളയുക; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ എന്നു പറഞ്ഞു. “ക്ഷണിക്കപ്പെട്ടവർ നിരവധി; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” യേശുവിനെ വാക്കിൽക്കുടുക്കി അറസ്റ്റ് ചെയ്യുന്നതിനു പരീശന്മാർ പോയി ഗൂഢാലോചന നടത്തി. അവർ തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടൊപ്പം യേശുവിന്റെ അടുക്കൽ അയച്ചു. അവർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് സത്യസന്ധൻ എന്നും ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം. അങ്ങ് പക്ഷപാതം കാണിക്കുന്നില്ല, അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. അങ്ങയുടെ അഭിപ്രായം എന്താണ്? റോമൻ കൈസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?” എന്നു ചോദിച്ചു. യേശു അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയിട്ട്, “കാപട്യം നിറഞ്ഞവരേ, നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? നികുതി കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നാണയം കാണിക്കൂ” എന്നു പറഞ്ഞു. അവർ ഒരു റോമൻ നാണയം കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു. “കൈസറുടേത്,” അവർ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഇതു കേട്ട് അവർ വിസ്മയിച്ചു, അദ്ദേഹത്തെ വിട്ടുപോയി.