മത്താ. 22:1-22

മത്താ. 22:1-22 IRVMAL

യേശു പിന്നെയും ഉപമകളിലൂടെ അവരോട് പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗ്ഗരാജ്യം തന്‍റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം. അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്‍റെ വിരുന്ന് ഒരുക്കിത്തീർന്നു, എന്‍റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണവിരുന്നിന് വരുവിൻ എന്നു ക്ഷണിച്ചവരോട് പറയിച്ചു. എന്നാൽ അവർ അവന്‍റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു. ശേഷമുള്ളവർ അവന്‍റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു. പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആകയാൽ പെരുവഴികൾ ചേരുന്ന ഇടങ്ങളിൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു. ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തുവന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ? എന്നു ചോദിച്ചു. എന്നാൽ അവനു ഉത്തരം മുട്ടിപ്പോയി. രാജാവ് തന്‍റെ ദാസന്മാരോട്: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. അനന്തരം പരീശന്മാർ ചെന്നു യേശുവിനെ അവന്‍റെ തന്നെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ട് അവരുടെ ശിഷ്യന്മാരെ ഹെരോദ്യരോടുകൂടെ അവന്‍റെ അടുക്കൽ അയച്ചു. “ഗുരോ, നീ സത്യവാനും, ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നവനും, മനുഷ്യരുടെ മുഖം നോക്കാത്തവനും, ആരുടെയും അഭിപ്രായത്തിന് വിധേയനാകാത്തവനും, ആണ് എന്നു ഞങ്ങൾ അറിയുന്നു. നിനക്കു എന്ത് തോന്നുന്നു? കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ” എന്നു പറഞ്ഞുതരേണം. യേശു അവരുടെ ദുഷ്ടത അറിഞ്ഞിട്ട്: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്? കരത്തിനുള്ള നാണയം കാണിക്കുവിൻ എന്നു പറഞ്ഞു; അവർ അവന്‍റെ അടുക്കൽ ഒരു വെള്ളിക്കാശ് കൊണ്ടുവന്നു. അവൻ അവരോട്: ഇതിലുള്ള പ്രതിച്ഛായയും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന് കൈസരുടേത് എന്നു അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു. അവർ ഇത് കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടുപൊയ്ക്കളഞ്ഞു.