യേശു സാദൃശ്യകഥകളിലൂടെ പിന്നെയും അവരോടു സംസാരിച്ചു: “തന്റെ മകനുവേണ്ടി കല്യാണവിരുന്ന് ഒരുക്കിയ ഒരു രാജാവിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. ക്ഷണിക്കപ്പെട്ടിരുന്നവരുടെ അടുത്തേക്ക് രാജാവ് തന്റെ ഭൃത്യന്മാരെ അയച്ച്, വിരുന്നുസൽക്കാരത്തിന് വരണമെന്ന അറിയിപ്പ് നൽകി. എന്നാൽ, വിരുന്നിനുള്ള ആ അറിയിപ്പ് അവർ തിരസ്കരിച്ചു. “രാജാവ് വേറെ കുറെ ഭൃത്യന്മാരെക്കൂടി വിളിച്ച്, ‘നാം ഒരുക്കുന്ന വിരുന്നുസദ്യ തയ്യാറായിരിക്കുന്നു; കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറത്തു; സകലതും സജ്ജമായിരിക്കുന്നു. നിങ്ങൾ പോയി കല്യാണവിരുന്നിന് വരിക എന്ന് ക്ഷണിക്കപ്പെട്ടവരോട് അറിയിക്കുക’ എന്നു കൽപ്പിച്ച് അയച്ചു. “എന്നാൽ, ക്ഷണിതാക്കൾ അതൊന്നും ഗൗനിക്കാതെ, ഒരുവൻ തന്റെ വയലിലേക്കും മറ്റൊരുവൻ തന്റെ വ്യാപാരത്തിനും പോയി. ശേഷിച്ചവർ രാജഭൃത്യന്മാരെ പിടിച്ച് അപമാനിക്കുകയും കൊല്ലുകയും ചെയ്തു. രാജാവ് കോപാകുലനായി. അദ്ദേഹം തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു. “അതിനുശേഷം അദ്ദേഹം തന്റെ ഭൃത്യന്മാരോട്, ‘കല്യാണവിരുന്ന് തയ്യാറായിരിക്കുന്നു, ക്ഷണിക്കപ്പെട്ടവരോ ആ ആദരവ് നഷ്ടമാക്കി. അതുകൊണ്ട് തെരുവിൽ ചെന്ന് നിങ്ങൾ കാണുന്നവരെയെല്ലാം സദ്യക്ക് ക്ഷണിക്കുക.’ അങ്ങനെ രാജഭൃത്യർ പുറപ്പെട്ട് തെരുവിൽ ചെന്ന് തങ്ങൾ കണ്ട നല്ലവരും ദുഷ്ടരുമായ സകലരെയും വിളിച്ചുകൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു. “അതിഥികളെ കാണാൻ രാജാവ് വിരുന്നുശാലയിലേക്ക് വന്നു. വിവാഹവസ്ത്രം ധരിക്കാത്ത ഒരാൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം അവനോട്, ‘സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ താങ്കൾ അകത്തു കയറിയതെങ്ങനെ?’ എന്നു ചോദിച്ചു. അയാൾക്ക് ഒരുത്തരവും പറയാൻ ഉണ്ടായിരുന്നില്ല. “അപ്പോൾ രാജാവു തന്റെ സേവകരോട്, ‘ഇയാളെ കയ്യും കാലും കെട്ടി പുറത്ത് ഘോരാന്ധകാരത്തിലേക്ക് തള്ളിക്കളയുക; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ എന്നു പറഞ്ഞു. “ക്ഷണിക്കപ്പെട്ടവർ നിരവധി; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” യേശുവിനെ വാക്കിൽക്കുടുക്കി അറസ്റ്റ് ചെയ്യുന്നതിനു പരീശന്മാർ പോയി ഗൂഢാലോചന നടത്തി. അവർ തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടൊപ്പം യേശുവിന്റെ അടുക്കൽ അയച്ചു. അവർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് സത്യസന്ധൻ എന്നും ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം. അങ്ങ് പക്ഷപാതം കാണിക്കുന്നില്ല, അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. അങ്ങയുടെ അഭിപ്രായം എന്താണ്? റോമൻ കൈസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?” എന്നു ചോദിച്ചു. യേശു അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയിട്ട്, “കാപട്യം നിറഞ്ഞവരേ, നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? നികുതി കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നാണയം കാണിക്കൂ” എന്നു പറഞ്ഞു. അവർ ഒരു റോമൻ നാണയം കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു. “കൈസറുടേത്,” അവർ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഇതു കേട്ട് അവർ വിസ്മയിച്ചു, അദ്ദേഹത്തെ വിട്ടുപോയി.
മത്തായി 22 വായിക്കുക
കേൾക്കുക മത്തായി 22
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 22:1-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ