MATHAIA 22:1-22

MATHAIA 22:1-22 MALCLBSI

യേശു വീണ്ടും ജനങ്ങളോടു ദൃഷ്ടാന്തരൂപേണ സംസാരിച്ചു: “സ്വപുത്രന്റെ വിവാഹത്തിനു സദ്യ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണു സ്വർഗരാജ്യം. ക്ഷണിക്കപ്പെട്ടവരെ വിളിച്ചുകൊണ്ടു വരാൻ രാജാവു ഭൃത്യന്മാരെ അയച്ചു. എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല. ‘ഇതാ വിരുന്ന് ഒരുക്കിക്കഴിഞ്ഞിരിക്കുന്നു; കാളകളെയും കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിട്ടുണ്ട്; കല്യാണസദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: വന്നാലും എന്നു ക്ഷണിക്കപ്പെട്ടവരോടു പറയുക’ എന്നു പറഞ്ഞ് രാജാവു വീണ്ടും ഭൃത്യന്മാരെ അയച്ചു. ക്ഷണിക്കപ്പെട്ടവരാകട്ടെ, അതു ഗണ്യമാക്കിയില്ല. ഒരുവൻ തന്റെ കൃഷിസ്ഥലത്തേക്കും മറ്റൊരുവൻ തന്റെ വ്യാപാരസ്ഥലത്തേക്കും പോയി. മറ്റുചിലർ ആ ഭൃത്യന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. രോഷാകുലനായിത്തീർന്ന രാജാവ് പട്ടാളത്തെ അയച്ച് ആ കൊലപാതകികളെ കൊന്നൊടുക്കി; അവരുടെ പട്ടണം ചുട്ടുകരിക്കുകയും ചെയ്തു. അതിനുശേഷം രാജാവു തന്റെ ഭൃത്യന്മാരോടു പറഞ്ഞു: ‘കല്യാണവിരുന്ന് ഏതായാലും തയ്യാറായി; ക്ഷണിക്കപ്പെട്ടവർക്ക് അതിന് അർഹതയില്ലാതെപോയി. നിങ്ങൾ പ്രധാന തെരുവീഥികളിൽ ചെന്ന് അവിടെ കാണുന്നവരെയെല്ലാം വിളിച്ചുകൊണ്ടുവരിക.’ അവർ പോയി സജ്ജനങ്ങളും ദുർജനങ്ങളും എന്ന ഭേദം കൂടാതെ കണ്ണിൽ കണ്ടവരെയെല്ലാം വിളിച്ചുകൊണ്ടുവന്നു. അങ്ങനെ കല്യാണശാല അതിഥികളെക്കൊണ്ടു നിറഞ്ഞു. “വിരുന്നിന് ഇരുന്നവരെ കാണാൻ രാജാവു ചെന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരുവനെ കണ്ടു, ‘സ്നേഹിതാ കല്യാണവസ്ത്രം ധരിക്കാതെ നീ എങ്ങനെ അകത്തുകടന്നു?’ എന്നു രാജാവ് അയാളോടു ചോദിച്ചു. അയാൾക്കു മറുപടി ഒന്നും പറയാനില്ലായിരുന്നു. അപ്പോൾ രാജാവു സേവകരോട് ആജ്ഞാപിച്ചു: ‘ഇവനെ കൈകാലുകൾ കെട്ടി പുറത്തുള്ള അന്ധകാരത്തിൽ എറിഞ്ഞുകളയുക. അവിടെ കിടന്ന് അവൻ കരയുകയും പല്ലുകടിക്കുകയും ചെയ്യും.’ “അനേകമാളുകൾ ക്ഷണിക്കപ്പെടുന്നു; തിരഞ്ഞെടുക്കപ്പെടുന്നവരാകട്ടെ ചുരുക്കം.” അനന്തരം പരീശന്മാർ പോയി യേശുവിനെ എങ്ങനെ വാക്കിൽ കുടുക്കാമെന്നു കൂടിയാലോചിച്ചു. അവർ തങ്ങളുടെ ശിഷ്യന്മാരെ ഹേരോദ്യരോടുകൂടി യേശുവിന്റെ അടുക്കൽ അയച്ച് ഇങ്ങനെ ചോദിപ്പിച്ചു: “ഗുരോ, അങ്ങു സത്യവാദിയാണെന്നു ഞങ്ങൾക്കറിയാം. അവിടുന്ന് ആരുടെയും മുഖം നോക്കാതെയും ആരെയും ഭയപ്പെടാതെയുമാണ് ദൈവത്തിന്റെ മാർഗം പഠിപ്പിക്കുന്നത്. കൈസർക്കു തലക്കരം കൊടുക്കുന്നതു ശരിയോ തെറ്റോ? അങ്ങയുടെ അഭിപ്രായം എന്താണ്? ഞങ്ങളോടു പറഞ്ഞാലും.” അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: “കപടനാട്യക്കാരേ, നിങ്ങൾ എന്നെ കെണിയിൽ അകപ്പെടുത്തുവാൻ നോക്കുന്നത് എന്തിന്! തലക്കരം കൊടുക്കുന്നതിനുള്ള നാണയം ഒന്നു കാണിക്കൂ.” അവർ ഒരു നാണയം കൊണ്ടുവന്നു. യേശു ചോദിച്ചു: “ഈ പ്രതിരൂപവും ലിഖിതവും ആരുടേതാണ്?” “കൈസറുടേത്” എന്ന് അവർ പറഞ്ഞു. അപ്പോൾയേശു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് അവരോടു പറഞ്ഞു. ഇതു കേട്ടപ്പോൾ അവർ ആശ്ചര്യഭരിതരായി അവിടുത്തെ വിട്ടുപോയി.

MATHAIA 22 വായിക്കുക