മത്തായി 11:16-30

മത്തായി 11:16-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടൂ? ചന്തസ്ഥലങ്ങളിൽ ഇരുന്ന് ചങ്ങാതികളോട്: ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോട് അതു തുല്യം. യോഹന്നാൻ തിന്നുകയും കുടിക്കയും ചെയ്യാത്തവനായി വന്നു; അവനു ഭൂതമുണ്ടെന്ന് അവർ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്ന് അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു. പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി: കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടു തന്നെ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നീയോ കഫർന്നഹൂമേ, സ്വർഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നില്ക്കുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിനു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ആ സമയത്തു തന്നെ യേശു പറഞ്ഞത്: പിതാവേ, സ്വർഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയത്. എന്റെ പിതാവ് സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.

മത്തായി 11:16-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ഈ തലമുറയെ ഞാൻ ഏതിനോടു തുലനം ചെയ്യും? ചന്തസ്ഥലങ്ങളിലിരുന്നുകൊണ്ടു തങ്ങളുടെ കളിത്തോഴരോട് ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി, നിങ്ങളാകട്ടെ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം പാടി, നിങ്ങൾ മാറത്തടിച്ചു കരഞ്ഞില്ല’ എന്നു പറയുന്ന കുട്ടികളോട് അവർ തുല്യരത്രേ. ഭക്ഷണപാനീയകാര്യങ്ങളിൽ വ്രതനിഷ്ഠയുള്ളവനായി യോഹന്നാൻ വന്നു. ‘അദ്ദേഹത്തിൽ ഒരു ഭൂതമുണ്ട്’ എന്ന് അവർ പറയുന്നു. ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നവനായി മനുഷ്യപുത്രൻ വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും അധർമികളുടെയും സ്നേഹിതനും ആയ ഒരു മനുഷ്യൻ! എന്ന് അവർ പറയുന്നു. ജ്ഞാനമാകട്ടെ പ്രവൃത്തികളാൽ സാധൂകരിക്കപ്പെടുന്നു.” പിന്നീട്, തന്റെ മിക്ക അദ്ഭുതപ്രവൃത്തികൾക്കും സാക്ഷ്യം വഹിച്ച നഗരങ്ങൾ അനുതപിച്ചു ദൈവത്തിങ്കലേക്ക് തിരിയാഞ്ഞതിനാൽ യേശു അവയെ ശാസിച്ചു: “കോരസീനേ, നിനക്ക് ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ നടന്ന അദ്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവ എത്രയോ മുമ്പ് അനുതാപസൂചകമായി ചാക്കുടുത്തും ചാരം പൂശിയും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുമായിരുന്നു! എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തിൽ സോരിന്റെയും സീദോന്റെയും അവസ്ഥ നിങ്ങളുടേതിനെക്കാൾ സഹിക്കാവുന്നതായിരിക്കും. കഫർന്നഹൂമേ! നീ സ്വർഗത്തോളം ഉയർത്തപ്പെടുമെന്നോ? നീ അധോലോകത്തോളം താഴ്ത്തപ്പെടും. എന്തെന്നാൽ നിന്നിൽ നടന്ന അദ്ഭുതപ്രവൃത്തികൾ സോദോമിൽ നടന്നിരുന്നെങ്കിൽ അത് ഇന്നും നിലനില്‌ക്കുമായിരുന്നു. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തിൽ സോദോമിന്റെ സ്ഥിതി നിൻറേതിലും സഹിക്കാവുന്നതായിരിക്കും!” തുടർന്ന് യേശു ഇങ്ങനെ പ്രസ്താവിച്ചു. “സ്വർഗത്തിന്റെയും ഭൂമിയുടെയും അധിനാഥനായ പിതാവേ, ഈ സംഗതികൾ വിജ്ഞന്മാരിൽനിന്നും വിവേകമതികളിൽനിന്നും മറച്ചുവയ്‍ക്കുകയും ശിശുക്കൾക്കു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നതുകൊണ്ടു ഞാൻ അങ്ങയെ വാഴ്ത്തുന്നു. അതേ പിതാവേ, അതുതന്നെയായിരുന്നല്ലോ തിരുവിഷ്ടം. “എന്റെ പിതാവു സമസ്തവും എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരിക; ഞാൻ നിങ്ങളെ സമാശ്വസിപ്പിക്കും. ഞാൻ സൗമ്യനും വിനീതഹൃദയനുമാകയാൽ നിങ്ങൾ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുക. എന്നാൽ നിങ്ങൾക്കു സ്വസ്ഥത ലഭിക്കും. ഞാൻ നല്‌കുന്ന നുകം ക്ലേശരഹിതവും ഞാൻ ഏല്പിക്കുന്ന ഭാരം ലഘുവും ആകുന്നു.”

മത്തായി 11:16-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോട് തുല്യം. യോഹന്നാൻ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവനു ഭൂതമുണ്ടെന്ന് അവർ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; അവർ പറയുന്നു നോക്കൂ അവൻ ഭക്ഷണപ്രിയനും കുടിയനുമായ മനുഷ്യൻ; നികുതിപിരിവുകാരുടെയും പാപികളുടെയും സ്നേഹിതൻ, എന്നാൽ ജ്ഞാനം തന്‍റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.” പിന്നെ അവൻ തന്‍റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടാഞ്ഞതിനാൽ അവയെ ശാസിച്ചുതുടങ്ങി: കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ ചാക്ക്ശീലയുടുത്തും ചാരത്തിലിരുന്നും മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിന്നേക്കാൾ സൊദോമ്യരുടെ നാട്ടിന് സഹിക്കാവുന്നതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ആ സമയത്തു തന്നെ യേശു ഉത്തരമായി പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് പഠിപ്പില്ലാത്തവരായി, ശിശുക്കളെപ്പോലെയുള്ളവർക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയത്. എന്‍റെ പിതാവ് സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് വിശ്രമം നൽകാം. ഞാൻ സൌമ്യതയും ഹൃദയത്തിൽ താഴ്മയും ഉള്ളവൻ ആകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് നിങ്ങൾ വിശ്രമം കണ്ടെത്തും. എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവും ആകുന്നുവല്ലോ.

മത്തായി 11:16-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു ചങ്ങാതികളോടു: ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം. യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു. പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി: കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു. എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.

മത്തായി 11:16-30 സമകാലിക മലയാളവിവർത്തനം (MCV)

“ഈ തലമുറയെ ഞാൻ എന്തിനോടു താരതമ്യംചെയ്യും? “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല,’ എന്ന് ചന്തസ്ഥലങ്ങളിലിരുന്ന് മറ്റുള്ളവരോടു വിളിച്ചുപറഞ്ഞ് പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ. ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിച്ചുകൊണ്ട് യോഹന്നാൻസ്നാപകൻ വന്നപ്പോൾ ‘അയാൾ ഭൂതബാധിതനാണ്,’ എന്ന് അവർ പറയുന്നു. മനുഷ്യപുത്രനാകട്ടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്ന് അവർ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു.” തുടർന്ന്, യേശു തന്റെ അത്ഭുതങ്ങളിൽ അധികവും പ്രവർത്തിച്ച പട്ടണങ്ങൾ മാനസാന്തരപ്പെടാതിരുന്നതുകൊണ്ട് അവയെ ശാസിക്കാൻ തുടങ്ങി: “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധിദിവസത്തിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും. കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു. ന്യായവിധിദിവസത്തിൽ സൊദോം നിവാസികൾക്കുണ്ടായ അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” അപ്പോൾത്തന്നെ യേശു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം! “എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവിനെ അറിയുന്നില്ല എന്നു പറഞ്ഞു. “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”