MATHAIA 11:16-30

MATHAIA 11:16-30 MALCLBSI

“ഈ തലമുറയെ ഞാൻ ഏതിനോടു തുലനം ചെയ്യും? ചന്തസ്ഥലങ്ങളിലിരുന്നുകൊണ്ടു തങ്ങളുടെ കളിത്തോഴരോട് ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി, നിങ്ങളാകട്ടെ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം പാടി, നിങ്ങൾ മാറത്തടിച്ചു കരഞ്ഞില്ല’ എന്നു പറയുന്ന കുട്ടികളോട് അവർ തുല്യരത്രേ. ഭക്ഷണപാനീയകാര്യങ്ങളിൽ വ്രതനിഷ്ഠയുള്ളവനായി യോഹന്നാൻ വന്നു. ‘അദ്ദേഹത്തിൽ ഒരു ഭൂതമുണ്ട്’ എന്ന് അവർ പറയുന്നു. ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നവനായി മനുഷ്യപുത്രൻ വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും അധർമികളുടെയും സ്നേഹിതനും ആയ ഒരു മനുഷ്യൻ! എന്ന് അവർ പറയുന്നു. ജ്ഞാനമാകട്ടെ പ്രവൃത്തികളാൽ സാധൂകരിക്കപ്പെടുന്നു.” പിന്നീട്, തന്റെ മിക്ക അദ്ഭുതപ്രവൃത്തികൾക്കും സാക്ഷ്യം വഹിച്ച നഗരങ്ങൾ അനുതപിച്ചു ദൈവത്തിങ്കലേക്ക് തിരിയാഞ്ഞതിനാൽ യേശു അവയെ ശാസിച്ചു: “കോരസീനേ, നിനക്ക് ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ നടന്ന അദ്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവ എത്രയോ മുമ്പ് അനുതാപസൂചകമായി ചാക്കുടുത്തും ചാരം പൂശിയും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുമായിരുന്നു! എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തിൽ സോരിന്റെയും സീദോന്റെയും അവസ്ഥ നിങ്ങളുടേതിനെക്കാൾ സഹിക്കാവുന്നതായിരിക്കും. കഫർന്നഹൂമേ! നീ സ്വർഗത്തോളം ഉയർത്തപ്പെടുമെന്നോ? നീ അധോലോകത്തോളം താഴ്ത്തപ്പെടും. എന്തെന്നാൽ നിന്നിൽ നടന്ന അദ്ഭുതപ്രവൃത്തികൾ സോദോമിൽ നടന്നിരുന്നെങ്കിൽ അത് ഇന്നും നിലനില്‌ക്കുമായിരുന്നു. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തിൽ സോദോമിന്റെ സ്ഥിതി നിൻറേതിലും സഹിക്കാവുന്നതായിരിക്കും!” തുടർന്ന് യേശു ഇങ്ങനെ പ്രസ്താവിച്ചു. “സ്വർഗത്തിന്റെയും ഭൂമിയുടെയും അധിനാഥനായ പിതാവേ, ഈ സംഗതികൾ വിജ്ഞന്മാരിൽനിന്നും വിവേകമതികളിൽനിന്നും മറച്ചുവയ്‍ക്കുകയും ശിശുക്കൾക്കു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നതുകൊണ്ടു ഞാൻ അങ്ങയെ വാഴ്ത്തുന്നു. അതേ പിതാവേ, അതുതന്നെയായിരുന്നല്ലോ തിരുവിഷ്ടം. “എന്റെ പിതാവു സമസ്തവും എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരിക; ഞാൻ നിങ്ങളെ സമാശ്വസിപ്പിക്കും. ഞാൻ സൗമ്യനും വിനീതഹൃദയനുമാകയാൽ നിങ്ങൾ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുക. എന്നാൽ നിങ്ങൾക്കു സ്വസ്ഥത ലഭിക്കും. ഞാൻ നല്‌കുന്ന നുകം ക്ലേശരഹിതവും ഞാൻ ഏല്പിക്കുന്ന ഭാരം ലഘുവും ആകുന്നു.”

MATHAIA 11 വായിക്കുക