മത്താ. 11
11
1യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടും നിർദ്ദേശിച്ചു തീർന്നശേഷം അവരുടെ പട്ടണങ്ങളിൽ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പുറപ്പെട്ടുപോയി.
യോഹന്നാൻ സ്നാപകന്റെ ചോദ്യവും, യേശുവിന്റെ മറുപടിയും
2യോഹന്നാൻ കാരാഗൃഹത്തിൽവച്ച് ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു: 3“വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ?“ എന്നു അവർ മുഖാന്തരം അവനോട് ചോദിച്ചു.
4യേശു അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ജീവനിലേക്ക് ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു 5എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിക്കുവിൻ. 6എന്നാൽ എന്നിൽ ഇടറിപ്പോകുവാൻ ഒരവസരവും ലഭിക്കാതിരിക്കുന്നവനെല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു.
സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ വലിയവനും, സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനും
7അവർ പോയശേഷം യേശു യോഹന്നാനെക്കുറിച്ച് പുരുഷാരത്തോട് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണ്മാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഞാങ്ങണയോ? 8അല്ല, എന്തുകാണ്മാൻ പോയി? മൃദുവായവസ്ത്രം ധരിച്ച മനുഷ്യനെയോ? വാസ്തവത്തിൽ മൃദുവായവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ. 9അല്ല, എന്ത് കാണുവാൻ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനിലും മികച്ചവനെ തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
10 “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു;
അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും”
എന്നു എഴുതപ്പെട്ടിരിക്കുന്നവൻ ഇവൻ തന്നെ. 11സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; എങ്കിലും സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 12യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലാൽക്കാരം നേരിടുന്നു; ബലാൽക്കാരികൾ അതിനെ ബലത്തോടെ പിടിച്ചെടുക്കുന്നു. 13സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു. 14നിങ്ങൾക്ക് സ്വീകരിക്കുവാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവ് അവൻ തന്നെ. 15കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടു?
16 ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു 17ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോട് തുല്യം. 18യോഹന്നാൻ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവനു ഭൂതമുണ്ടെന്ന് അവർ പറയുന്നു. 19മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; അവർ പറയുന്നു നോക്കൂ അവൻ ഭക്ഷണപ്രിയനും കുടിയനുമായ മനുഷ്യൻ; നികുതിപിരിവുകാരുടെയും പാപികളുടെയും സ്നേഹിതൻ, എന്നാൽ ജ്ഞാനം തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.”
മാനസാന്തരപ്പെടാത്ത പട്ടണങ്ങളെ ശാസിക്കുന്നു
20പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടാഞ്ഞതിനാൽ അവയെ ശാസിച്ചുതുടങ്ങി: 21കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ ചാക്ക്ശീലയുടുത്തും ചാരത്തിലിരുന്നും മാനസാന്തരപ്പെടുമായിരുന്നു. 22എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 23നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു. 24എന്നാൽ ന്യായവിധിദിവസത്തിൽ നിന്നേക്കാൾ സൊദോമ്യരുടെ നാട്ടിന് സഹിക്കാവുന്നതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ആശ്രയിക്കുന്നവർക്ക് ആശ്വാസം
25ആ സമയത്തു തന്നെ യേശു ഉത്തരമായി പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് പഠിപ്പില്ലാത്തവരായി, ശിശുക്കളെപ്പോലെയുള്ളവർക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. 26അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയത്. 27എന്റെ പിതാവ് സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് വിശ്രമം നൽകാം. 29ഞാൻ സൌമ്യതയും ഹൃദയത്തിൽ താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് നിങ്ങൾ വിശ്രമം കണ്ടെത്തും. 30എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നുവല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
മത്താ. 11: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.