മത്താ. 12
12
മനുഷ്യപുത്രൻ ശബ്ബത്തിന് കർത്താവാകുന്നു
1ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്‍റെ ശിഷ്യന്മാർ വിശന്നിട്ട് ധാന്യത്തിൻ്റെ കതിർ പറിച്ചു തിന്നുതുടങ്ങി 2പരീശന്മാർ അത് കണ്ടിട്ട്: “നോക്കൂ, ശബ്ബത്തിൽ നിയമവിരുദ്ധമായത് നിന്‍റെ ശിഷ്യന്മാർ ചെയ്യുന്നു“ എന്നു യേശുവിനോടു പറഞ്ഞു.
3എന്നാൽ യേശു അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും 4വിശന്നപ്പോൾ ചെയ്തത് എന്ത് എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു 5അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽ വച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? 6എന്നാൽ ദൈവാലയത്തേക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു. 7യാഗത്തിലല്ല കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കുകയില്ലായിരുന്നു. 8മനുഷ്യപുത്രനോ ശബ്ബത്തിന് കർത്താവാകുന്നു.
ശബ്ബത്തിൽ സൗഖ്യം
9അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. 10അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന് ശബ്ബത്തിൽ സൌഖ്യമാക്കുന്നത് വിഹിതമോ? എന്നു അവനോട് ചോദിച്ചു.
11അവൻ അവരോട്: നിങ്ങളിൽ ഒരുവന് ഒരേയൊരു ആടുണ്ട് എന്നിരിക്കട്ടെ; അത് ശബ്ബത്തിൽ ആഴമുള്ളകുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ച് കയറ്റുകയില്ലയോ? 12എന്നാൽ മനുഷ്യൻ ആടിനേക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു നിയമാനുസൃതം തന്നെ എന്നു പറഞ്ഞു.
13പിന്നെ യേശു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അത് മറ്റേ കൈപോലെ സൌഖ്യമായി. 14പരീശന്മാരോ പുറപ്പെട്ടു അവനെ എങ്ങനെ കൊല്ലുവാൻ കഴിയും എന്നു അന്വേഷിച്ച് അവനു വിരോധമായി ഉപായം ചമച്ചു. 15യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്‍റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി, 16തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രസിദ്ധമാക്കരുത് എന്നു അവരോട് ആജ്ഞാപിച്ചു.
17“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്‍റെ ദാസൻ,
എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ പ്രിയൻ;
ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വെയ്ക്കും;
അവൻ ജനതകൾക്ക് ന്യായവിധി അറിയിക്കും.
18അവൻ മത്സരിക്കുകയില്ല, നിലവിളിക്കുകയില്ല;
ആരും തെരുവീഥികളിൽ അവന്‍റെ ശബ്ദം കേൾക്കുകയുമില്ല.
19ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല;
പുകയുന്ന തിരി കെടുത്തുകളകയില്ല;
അവൻ ന്യായവിധി ജയത്തോളം നടത്തും.
20അവന്‍റെ നാമത്തിൽ ജനതകൾ പ്രത്യാശവെയ്ക്കും”
21എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയായി.
ദൈവാത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കുന്നു
22അതിനുശേഷം കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ ചിലർ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കുകയും കാണുകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. 23പുരുഷാരം ഒക്കെയും വിസ്മയിച്ചു: “ഇവൻ ദാവീദുപുത്രൻ തന്നെയോ“ എന്നു പറഞ്ഞു. 24അത് കേട്ടിട്ടു പരീശന്മാർ: “ഇവൻ ഭൂതങ്ങളുടെ പ്രഭുവായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല“ എന്നു പറഞ്ഞു.
25യേശു അവരുടെ നിരൂപണം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽ തന്നെ ഭിന്നിക്കുന്ന ഏത് രാജ്യവും ശൂന്യമാകും; 26ഒരു പട്ടണമോ ഗൃഹമോ തന്നിൽതന്നേ ഭിന്നിക്കുന്നു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽതന്നേ ഭിന്നിച്ചു പോയല്ലോ; പിന്നെ അവന്‍റെ രാജ്യം എങ്ങനെ നിലനില്ക്കും? 27ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ അനുഗാമികൾ ആരെക്കൊണ്ട് പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപന്മാർ ആകും. 28ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു. 29ബലവാന്‍റെ വീട്ടിൽ കടന്നു അവന്‍റെ വസ്തുവകകൾ കവർന്നെടുക്കുവാൻ, ആദ്യം ബലവാനെ പിടിച്ച് കെട്ടീട്ടല്ലാതെ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്‍റെ വീട് കവർച്ച ചെയ്യാം. 30എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടൊപ്പം ചേർക്കാത്തവൻ ചിതറിപ്പോകുന്നു.
പരിശുദ്ധാത്മാവിന് നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല
31 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിയ്ക്കും; ആത്മാവിന് എതിരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. 32ആരെങ്കിലും മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിന് എതിരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോട് ക്ഷമിക്കയില്ല. 33ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്ക്കുവിൻ; അല്ലെങ്കിൽ വൃക്ഷം ഗുണമല്ല, ഫലവും ഗുണകരമല്ല എന്നു വയ്ക്കുവിൻ; ഫലം കൊണ്ടല്ലോ വൃക്ഷത്തെ അറിയുന്നത്. 34സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലത് സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്. 35നല്ലമനുഷ്യൻ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ തന്‍റെ ഹൃദയത്തിലെ ദുഷ്ടതയിൽനിന്ന് ദുഷ്ടതയായത് പുറപ്പെടുവിക്കുന്നു. 36എന്നാൽ മനുഷ്യർ പറയുന്ന ഏത് നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 37നിന്‍റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്‍റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
അടയാളം അന്വേഷിക്കുന്നവർ
38അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: “ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു“ എന്നു പറഞ്ഞു.
39അവൻ അവരോട് ഉത്തരം പറഞ്ഞത്: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കുകയില്ല. 40യോനാ വലിയ മത്സ്യത്തിന്‍റെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. 41നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ. 42തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്‍റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
മടങ്ങിവരുന്ന അശുദ്ധാത്മാവ്
43 അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം വരണ്ട സ്ഥലങ്ങളിൽക്കൂടി വിശ്രമം അന്വേഷിച്ചുകൊണ്ട് സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. 44അപ്പോൾ ഞാൻ പുറപ്പെട്ടുപോന്ന എന്‍റെ വീട്ടിലേക്ക് മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; മടങ്ങിവന്നപ്പോൾ, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കണ്ടു. 45പിന്നെ അത് പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്‍റെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിലും ദുരിതപൂർണ്ണം ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.
എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും
46യേശു പുരുഷാരത്തോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവന്‍റെ അമ്മയും സഹോദരന്മാരും അവനോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിന്നു. 47ഒരുവൻ അവനോട്: “നിന്‍റെ അമ്മയും സഹോദരന്മാരും നിന്നോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നില്ക്കുന്നു“ എന്നു പറഞ്ഞു.
48അത് പറഞ്ഞവനോട് ഉത്തരമായി അവൻ: എന്‍റെ അമ്മ ആർ എന്‍റെ സഹോദരന്മാർ ആർ? എന്നു ചോദിച്ചു. 49എന്നിട്ട് അവന്‍റെ ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും. 50സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ ഏവനും എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
മത്താ. 12: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.