“ഈ തലമുറയെ ഞാൻ എന്തിനോടു താരതമ്യംചെയ്യും? “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല,’ എന്ന് ചന്തസ്ഥലങ്ങളിലിരുന്ന് മറ്റുള്ളവരോടു വിളിച്ചുപറഞ്ഞ് പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ. ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിച്ചുകൊണ്ട് യോഹന്നാൻസ്നാപകൻ വന്നപ്പോൾ ‘അയാൾ ഭൂതബാധിതനാണ്,’ എന്ന് അവർ പറയുന്നു. മനുഷ്യപുത്രനാകട്ടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്ന് അവർ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു.” തുടർന്ന്, യേശു തന്റെ അത്ഭുതങ്ങളിൽ അധികവും പ്രവർത്തിച്ച പട്ടണങ്ങൾ മാനസാന്തരപ്പെടാതിരുന്നതുകൊണ്ട് അവയെ ശാസിക്കാൻ തുടങ്ങി: “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധിദിവസത്തിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും. കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു. ന്യായവിധിദിവസത്തിൽ സൊദോം നിവാസികൾക്കുണ്ടായ അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” അപ്പോൾത്തന്നെ യേശു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം! “എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവിനെ അറിയുന്നില്ല എന്നു പറഞ്ഞു. “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”
മത്തായി 11 വായിക്കുക
കേൾക്കുക മത്തായി 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 11:16-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ