ലൂക്കൊസ് 3:16-22
ലൂക്കൊസ് 3:16-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അവനു വീശുമുറം കൈയിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കയും പതിർ കെടാത്തതീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. മറ്റു പലതും അവൻ പ്രബോധിപ്പിച്ചുകൊണ്ട് ജനത്തോടു സുവിശേഷം അറിയിച്ചു. എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവ് ചെയ്ത സകല ദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു. ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർഥിക്കുമ്പോൾ സ്വർഗം തുറന്നു, പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ പ്രാവ് എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി.
ലൂക്കൊസ് 3:16-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോഹന്നാനാകട്ടെ ഇങ്ങനെ പറഞ്ഞു: “ഞാൻ വെള്ളംകൊണ്ടാണു നിങ്ങളെ സ്നാപനം ചെയ്യുന്നത്; എന്നാൽ എന്നെക്കാൾ ബലമേറിയ ഒരുവൻ വന്നു നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുത്തെ ചെരുപ്പിന്റെ വാറ് അഴിക്കുന്ന അടിമയുടെ യോഗ്യതപോലും എനിക്കില്ല. അവിടുത്തെ കൈയിൽ വീശുമുറം ഉണ്ട്; കളം വെടിപ്പാക്കി, നല്ല കോതമ്പ് അറപ്പുരയിൽ സംഭരിക്കുകയും പതിര് കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.” ഇങ്ങനെയുള്ള ഒട്ടേറെ പ്രബോധനങ്ങൾ നല്‌കിക്കൊണ്ടു യോഹന്നാൻ സുവിശേഷം പ്രസംഗിച്ചു. സാമന്തരാജാവായ ഹേരോദാ സഹോദരഭാര്യയായ ഹേരോദ്യയുമായി അവിഹിതബന്ധം പുലർത്തുകയും മറ്റു പല അധർമങ്ങളിലും ഏർപ്പെടുകയും ചെയ്തിരുന്നതുകൊണ്ട് യോഹന്നാൻ അദ്ദേഹത്തെ കഠിനമായി ശാസിച്ചു. ഹേരോദാ എല്ലാ അധർമങ്ങളും ചെയ്തതിനു പുറമേ യോഹന്നാനെ കാരാഗൃഹത്തിലാക്കുകയും ചെയ്തു. ജനങ്ങളെല്ലാം സ്നാപനമേറ്റപ്പോൾ യേശുവും സ്നാപനം സ്വീകരിച്ചു. യേശു പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ സ്വർഗം തുറന്നു. പരിശുദ്ധാത്മാവു പ്രാവിന്റെ രൂപത്തിൽ അവിടുത്തെമേൽ ഇറങ്ങിവന്നു. സ്വർഗത്തിൽനിന്ന് “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നൊരു അശരീരിയും ഉണ്ടായി.
ലൂക്കൊസ് 3:16-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ”ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ പോലും എനിക്ക് യോഗ്യതയില്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അവന്‍റെ കയ്യിൽ വീശുമുറം ഉണ്ട്; അവൻ കളത്തെ മുഴുവനും വൃത്തിയാക്കി ഗോതമ്പു കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” ഇതുപോലെ മറ്റുപല ഉപദേശങ്ങളാൽ അവൻ ജനത്തോടു സുവിശേഷം അറിയിച്ചു. എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതിനാലും മറ്റുപല ദോഷങ്ങൾ ചെയ്തതിനാലും യോഹന്നാൻ അവനെ കുറ്റപ്പെടുത്തി. അതിനാൽ ഹെരോദാവ് അവനെ തടവിൽ ആക്കി. അങ്ങനെ യോഹന്നാനോടൊപ്പം ഉണ്ടായിരുന്ന ജനം എല്ലാം സ്നാനം ഏറ്റുകൊണ്ടിരുന്നപ്പോൾ യേശുവും സ്നാനം ഏറ്റു. യേശു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തിൽ അവന്‍റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
ലൂക്കൊസ് 3:16-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. മറ്റു പലതും അവൻ പ്രബോധിപ്പിച്ചുകൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു. എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു. ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
ലൂക്കൊസ് 3:16-22 സമകാലിക മലയാളവിവർത്തനം (MCV)
അവർക്കെല്ലാവർക്കും മറുപടിയായി യോഹന്നാൻ പറഞ്ഞത്: “ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു. എന്നാൽ എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും. വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച് ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.” ഇങ്ങനെയുള്ള പല വചനങ്ങൾകൊണ്ട് യോഹന്നാൻ ജനത്തെ പ്രബോധിപ്പിച്ച് അവരോടു സുവിശേഷം അറിയിച്ചു. എന്നാൽ, ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ്, അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയായ ഹെരോദ്യയെ സ്വന്തമാക്കി. ഇതിനുപുറമേ മറ്റനേകം ദോഷങ്ങളും അദ്ദേഹം ചെയ്തു. ഇതെല്ലാം നിമിത്തവും യോഹന്നാൻ ഹെരോദാവിനെ പരസ്യമായി ശാസിച്ചു. അതിനാൽ യോഹന്നാനെ കാരാഗൃഹത്തിൽ അടച്ചുകൊണ്ട് ഹെരോദാവ് താൻ ചെയ്തുവന്ന സകലപാതകങ്ങൾക്കും മകുടം ചാർത്തി. ഒരു ദിവസം ജനക്കൂട്ടം യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവും വന്ന് സ്നാനമേറ്റു. അദ്ദേഹം പ്രാർഥനാനിരതനായിരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവന്നു. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.