ലൂക്കൊസ് 3:16-22

ലൂക്കൊസ് 3:16-22 വേദപുസ്തകം

യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. മറ്റു പലതും അവൻ പ്രബോധിപ്പിച്ചുകൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു. എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു. ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.