LUKA 3:16-22

LUKA 3:16-22 MALCLBSI

യോഹന്നാനാകട്ടെ ഇങ്ങനെ പറഞ്ഞു: “ഞാൻ വെള്ളംകൊണ്ടാണു നിങ്ങളെ സ്നാപനം ചെയ്യുന്നത്; എന്നാൽ എന്നെക്കാൾ ബലമേറിയ ഒരുവൻ വന്നു നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുത്തെ ചെരുപ്പിന്റെ വാറ് അഴിക്കുന്ന അടിമയുടെ യോഗ്യതപോലും എനിക്കില്ല. അവിടുത്തെ കൈയിൽ വീശുമുറം ഉണ്ട്; കളം വെടിപ്പാക്കി, നല്ല കോതമ്പ് അറപ്പുരയിൽ സംഭരിക്കുകയും പതിര് കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.” ഇങ്ങനെയുള്ള ഒട്ടേറെ പ്രബോധനങ്ങൾ നല്‌കിക്കൊണ്ടു യോഹന്നാൻ സുവിശേഷം പ്രസംഗിച്ചു. സാമന്തരാജാവായ ഹേരോദാ സഹോദരഭാര്യയായ ഹേരോദ്യയുമായി അവിഹിതബന്ധം പുലർത്തുകയും മറ്റു പല അധർമങ്ങളിലും ഏർപ്പെടുകയും ചെയ്തിരുന്നതുകൊണ്ട് യോഹന്നാൻ അദ്ദേഹത്തെ കഠിനമായി ശാസിച്ചു. ഹേരോദാ എല്ലാ അധർമങ്ങളും ചെയ്തതിനു പുറമേ യോഹന്നാനെ കാരാഗൃഹത്തിലാക്കുകയും ചെയ്തു. ജനങ്ങളെല്ലാം സ്നാപനമേറ്റപ്പോൾ യേശുവും സ്നാപനം സ്വീകരിച്ചു. യേശു പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ സ്വർഗം തുറന്നു. പരിശുദ്ധാത്മാവു പ്രാവിന്റെ രൂപത്തിൽ അവിടുത്തെമേൽ ഇറങ്ങിവന്നു. സ്വർഗത്തിൽനിന്ന് “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നൊരു അശരീരിയും ഉണ്ടായി.

LUKA 3 വായിക്കുക