ലൂക്കോസ് 3:16-22

ലൂക്കോസ് 3:16-22 MCV

അവർക്കെല്ലാവർക്കും മറുപടിയായി യോഹന്നാൻ പറഞ്ഞത്: “ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു. എന്നാൽ എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും. വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച് ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.” ഇങ്ങനെയുള്ള പല വചനങ്ങൾകൊണ്ട് യോഹന്നാൻ ജനത്തെ പ്രബോധിപ്പിച്ച് അവരോടു സുവിശേഷം അറിയിച്ചു. എന്നാൽ, ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ്, അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയായ ഹെരോദ്യയെ സ്വന്തമാക്കി. ഇതിനുപുറമേ മറ്റനേകം ദോഷങ്ങളും അദ്ദേഹം ചെയ്തു. ഇതെല്ലാം നിമിത്തവും യോഹന്നാൻ ഹെരോദാവിനെ പരസ്യമായി ശാസിച്ചു. അതിനാൽ യോഹന്നാനെ കാരാഗൃഹത്തിൽ അടച്ചുകൊണ്ട് ഹെരോദാവ് താൻ ചെയ്തുവന്ന സകലപാതകങ്ങൾക്കും മകുടം ചാർത്തി. ഒരു ദിവസം ജനക്കൂട്ടം യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവും വന്ന് സ്നാനമേറ്റു. അദ്ദേഹം പ്രാർഥനാനിരതനായിരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവന്നു. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.