ലൂക്കൊസ് 13:1-22

ലൂക്കൊസ് 13:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ സമയത്തു തന്നെ അവിടെ ഉണ്ടായിരുന്ന ചിലർ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോട് അറിയിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: ആ ഗലീലക്കാർ ഇത് അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടു പേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവൻ ഈ ഉപമയും പറഞ്ഞു: ഒരുത്തനു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നൊരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞു വന്നു, കണ്ടില്ലതാനും. അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക, അതു നിലത്തെ നിഷ്ഫലമാക്കുന്നത് എന്തിന് എന്നു പറഞ്ഞു. അതിന് അവൻ: കർത്താവേ, ഞാൻ അതിനു ചുറ്റും കിളച്ചു വളം ഇടുവോളം ഈ ആണ്ടുംകൂടെ നില്ക്കട്ടെ. മേലാൽ കായ്ച്ചെങ്കിലോ- ഇല്ലെങ്കിൽ വെട്ടിക്കളയാം എന്ന് ഉത്തരം പറഞ്ഞു. ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു. അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ കണ്ട് അടുക്കെ വിളിച്ച്: സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞ് അവളുടെമേൽ കൈവച്ചു. അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോട്: വേല ചെയ്‍വാൻ ആറു ദിവസമുണ്ടല്ലോ; അതിനകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുത് എന്നു പറഞ്ഞു. കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽനിന്ന് അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചുവിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു; അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരമൊക്കെയും സന്തോഷിച്ചു. പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോട് അതിനെ ഉപമിക്കേണ്ടൂ? ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട” കടുകുമണിയോട് അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്ന് അതിന്റെ കൊമ്പുകളിൽ വസിച്ചു. പിന്നെയും അവൻ ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കേണ്ടൂ? അതു പുളിച്ച മാവിനോടു തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു എന്നു പറഞ്ഞു. അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് യെരൂശലേമിലേക്കു യാത്രചെയ്തു.

ലൂക്കൊസ് 13:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ചില ഗലീലക്കാർ യാഗം കഴിച്ചുകൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും അങ്ങനെ അവരുടെ രക്തം ആ യാഗത്തിൽ കലർന്നതായും ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ യേശുവിനെ അറിയിച്ചു. അവിടുന്ന് അവരോടു ചോദിച്ചു: “ആ ഗലീലക്കാർക്ക് ഈ ദുരവസ്ഥ നേരിട്ടത് അവർ മറ്റുള്ള ഗലീലക്കാരെക്കാൾ പാപികളായതുകൊണ്ടാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ? തീർച്ചയായും അല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. അനുതപിക്കുന്നില്ലെങ്കിൽ നിങ്ങളും അതുപോലെ നശിക്കും. ശീലോഹാമിലെ ഗോപുരം ഇടിഞ്ഞുവീണു പതിനെട്ടുപേർ മരിച്ചല്ലോ? അവർ യെരൂശലേമിൽ നിവസിച്ചിരുന്ന മറ്റെല്ലാവരെയുംകാൾ കുറ്റമുള്ളവരായിരുന്നു എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? തീർച്ചയായും അല്ല എന്നു തന്നെ ഞാൻ പറയുന്നു. അനുതപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിച്ചുപോകും.” യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരാൾ തന്റെ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്ഷം നട്ടുവളർത്തിയിരുന്നു. അതിൽ ഫലമുണ്ടോ എന്നന്വേഷിച്ചു തോട്ടമുടമസ്ഥൻ ചെന്നപ്പോൾ ഒന്നും കണ്ടില്ല. അപ്പോൾ അയാൾ തോട്ടക്കാരനോട്: ‘ഇതാ ഇക്കഴിഞ്ഞ മൂന്നുവർഷമായി ഈ അത്തിയിൽ ഫലമുണ്ടോ എന്നു ഞാൻ നോക്കുന്നു. പക്ഷേ, ഇതുവരെ ഒന്നും കണ്ടില്ല. അതു വെട്ടിക്കളയുക; അത് എന്തിനു ഭൂമി പാഴാക്കുന്നു?’ അപ്പോൾ തോട്ടക്കാരൻ പറഞ്ഞു: “യജമാനനേ ഒരു കൊല്ലംകൂടി നില്‌ക്കട്ടെ; ഞാൻ അതിനു ചുറ്റും കിളച്ചു, തടമെടുത്തു വളമിടാം. ഒരുവേള അടുത്ത കൊല്ലം അതു ഫലം നല്‌കിയെന്നുവരാം. ഇല്ലെങ്കിൽ വെട്ടിക്കളയാം.” ഒരു ശബത്തു ദിവസം യേശു സുനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പതിനെട്ടു വർഷമായി ഒരു ദുഷ്ടാത്മാവു ബാധിച്ച് കൂനിപ്പോയ ഒരു സ്‍ത്രീ അവിടെയുണ്ടായിരുന്നു. അവർക്കു നിവർന്നു നില്‌ക്കുവാൻ കഴിയുമായിരുന്നില്ല. ആ സ്‍ത്രീയെ യേശു കണ്ടപ്പോൾ അടുക്കൽ വിളിച്ച് അവരോടു പറഞ്ഞു: “നിന്റെ രോഗത്തിൽനിന്ന് നീ വിമുക്തയായിരിക്കുന്നു.” അനന്തരം അവിടുന്ന് ആ സ്‍ത്രീയുടെമേൽ കൈകൾ വച്ചു. തൽക്ഷണം അവർ നിവർന്നു നിന്നു ദൈവത്തെ സ്തുതിച്ചു. ആ സ്‍ത്രീയെ സുഖപ്പെടുത്തിയത് ശബത്തിൽ ആയിരുന്നതുകൊണ്ട് സുനഗോഗിന്റെ അധികാരിക്ക് അമർഷമുണ്ടായി. അയാൾ ജനങ്ങളോടു പറഞ്ഞു: “വേല ചെയ്യുവാൻ ആറു ദിവസമുണ്ടല്ലോ; ആ ദിവസങ്ങളിൽ വന്നു സുഖം പ്രാപിച്ചുകൊള്ളുക, ശബത്തിൽ അതു പാടില്ല.” യേശു പറഞ്ഞു: “കപടഭക്തന്മാരേ, ശബത്തിൽ നിങ്ങളിൽ ആരെങ്കിലും തന്റെ കാളയെയോ, കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച് വെള്ളം കൊടുക്കാൻ കൊണ്ടുപോകാതിരിക്കുമോ? അബ്രഹാമിന്റെ പുത്രിയായ ഈ സ്‍ത്രീ സാത്താന്റെ ബന്ധനത്തിലായിട്ട് പതിനെട്ടു വർഷമായി. ആ ബന്ധനത്തിൽനിന്നു ശബത്തു ദിവസം ഇവളെ മോചിപ്പിക്കുവാൻ പാടില്ലെന്നോ? “യേശു ഇതു പറഞ്ഞപ്പോൾ തന്റെ പ്രതിയോഗികളെല്ലാവരും ലജ്ജിച്ചുപോയി. എന്നാൽ യേശു ചെയ്ത മഹത്തായ പ്രവൃത്തികൾ കണ്ടു ജനങ്ങൾ ആഹ്ലാദിച്ചു. അനന്തരം യേശു അരുൾചെയ്തു: “ദൈവരാജ്യം ഏതിനോടു സദൃശം? എന്തിനോടാണ് ഞാൻ അതിനെ താരതമ്യപ്പെടുത്തുക? അത് ഒരു കടുകുമണിയോടു സദൃശം. ഒരു മനുഷ്യൻ അതെടുത്തു തന്റെ തോട്ടത്തിലിട്ടു. അതു വളർന്ന് ഒരു വൃക്ഷമായിത്തീർന്നു. പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവച്ചു.” യേശു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ ഏതിനോടാണ് തുലനം ചെയ്യേണ്ടത്? അത് പുളിപ്പുമാവിനോടു സദൃശം. ഒരു സ്‍ത്രീ അതെടുത്ത് മൂന്നുപറ മാവു പുളിച്ചു പൊങ്ങുന്നതുവരെ അതിൽ ചേർത്തുവച്ചു.” യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു ജനങ്ങളെ പ്രബോധിപ്പിച്ചുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു.

ലൂക്കൊസ് 13:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ചില ഗലീലക്കാർ യാഗം കഴിച്ച് കൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും, അവരുടെ രക്തം അവരുടെ യാഗത്തിൽ കലർന്നതായും ഉള്ള വിവരം, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ യേശുവിനോടു അറിയിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: അവർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നത് കൊണ്ടാണോ അവർക്ക് അങ്ങനെ സംഭവിച്ചത് എന്നു നിങ്ങൾക്ക് തോന്നുന്നുവോ? അല്ല, ഒരിക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെ ശിലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവൻ ഒരു ഉപമ അവരോട് പറഞ്ഞു: ഒരാൾക്ക് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അയാൾ അതിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു; അവൻ അതിൽ ഫലമുണ്ടോ എന്നു അന്വേഷിച്ചു. എന്നാൽ ഒന്നും കണ്ടില്ല. അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു വർഷമായി ഈ അത്തിയിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഇതുവരെ കണ്ടില്ല; അത് നിലത്തെ നിഷ്ഫലമാക്കുന്നതിനാൽ അതിനെ വെട്ടിക്കളയുക എന്നു പറഞ്ഞു. അതിന് അവൻ: കർത്താവേ, ഒരു വർഷം കൂടെ നിൽക്കട്ടെ. ഞാൻ അതിന് ചുറ്റും കിളച്ച് വളം ഇടാം. അടുത്ത വർഷം അതിൽ ഫലം ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു. ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു; അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു. യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്‍റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു. അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ടു പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: ”വേലചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല” എന്നു പറഞ്ഞു. കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്‍റെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ അവന്‍റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു. പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോട് സദൃശം? ഏതിനോട് അതിനെ ഉപമിക്കണം? ഒരു മനുഷ്യൻ തന്‍റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്‍റെ കൊമ്പുകളിൽ താമസിച്ചു. പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കണം? അത് പുളിച്ചമാവിനോട് തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു. അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്രചെയ്തു.

ലൂക്കൊസ് 13:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലർ, പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോടു അറിയിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു: ആ ഗലീലക്കാർ ഇതു അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവൻ ഈ ഉപമയും പറഞ്ഞു:ഒരുത്തന്നു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും. അവൻ തോട്ടക്കാരനോടു: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക; അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. അതിന്നു അവൻ: കർത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്ക്കട്ടെ. മേലാൽ കായിച്ചെങ്കിലോ - ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു. ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു; അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ കണ്ടു അടുക്കെ വിളിച്ചു:സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു. അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‌വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു. കർത്താവു അവനോടു: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു. പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു? ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ വസിച്ചു. പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു? അതു പുളിച്ചമാവിനോടു തുല്യം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു എന്നു പറഞ്ഞു. അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു.

ലൂക്കൊസ് 13:1-22 സമകാലിക മലയാളവിവർത്തനം (MCV)

ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ പീലാത്തോസ് കൊലചെയ്യിച്ച വാർത്ത ഈ സന്ദർഭത്തിൽ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ യേശുവിനെ അറിയിച്ചു. അതുകേട്ട യേശു ഇങ്ങനെ പ്രതിവചിച്ചു: “ഈ ഗലീലക്കാർക്ക് ഇതു സംഭവിച്ചതുകൊണ്ട് ഗലീലയിലെ മറ്റെല്ലാവരെക്കാളും അവർ പാപികളാണെന്നു നിങ്ങൾ ചിന്തിക്കുന്നോ? നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ശീലോഹാമിലെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപ്പെട്ടു മരിച്ച ആ പതിനെട്ടുപേർ ജെറുശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരെക്കാളും വലിയ കുറ്റവാളികളെന്നു നിങ്ങൾ കരുതുന്നോ? നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” പിന്നെ യേശു ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ മുന്തിരിത്തോപ്പിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു. അയാൾ അതിൽ ഫലം അന്വേഷിച്ചുവന്നു; എന്നാൽ ഒന്നും കാണാൻ കഴിഞ്ഞില്ല. അയാൾ തോട്ടം സൂക്ഷിപ്പുകാരനോട്, ‘ഇപ്പോൾ, മൂന്നുവർഷമായിട്ട് ഞാൻ ഈ അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചുവരുന്നു; ഇതേവരെ ഒന്നും കാണാൻ കഴിഞ്ഞില്ല. അതു വെട്ടിക്കളയുക! അതിനായി എന്തിന് സ്ഥലം പാഴാക്കുന്നു?’ എന്നു പറഞ്ഞു. “അതിന് അയാൾ, ‘യജമാനനേ, ഒരു വർഷത്തേക്കുകൂടി അങ്ങു ക്ഷമിച്ചാലും; ഞാൻ അതിനുചുറ്റും കിളച്ചു വളമിടാം. അടുത്തവർഷം അതു കായ്ക്കുന്നെങ്കിലോ! ഇല്ലെങ്കിൽ വെട്ടിക്കളഞ്ഞുകൊള്ളാം’ എന്ന് ഉത്തരം പറഞ്ഞു.” ഒരു ശബ്ബത്തുനാളിൽ യേശു ഒരു യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദുരാത്മാവിന്റെ പീഡയാൽ പതിനെട്ടു വർഷമായി കൂനിയായി തീരെ നിവരാൻ കഴിയാത്ത ഒരു സ്ത്രീ ആ പള്ളിയിൽ ഉണ്ടായിരുന്നു. യേശു അവളെ കണ്ട് അടുക്കൽ വിളിച്ച്, “സ്ത്രീയേ, നിന്റെ രോഗബന്ധനത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു” എന്നു പറഞ്ഞ് അവളുടെമേൽ കൈവെച്ചു. ഉടൻതന്നെ അവൾ നിവർന്നുനിന്നു ദൈവത്തെ സ്തുതിക്കാൻ തുടങ്ങി. യേശു ആ സ്ത്രീയെ സൗഖ്യമാക്കിയത് ശബ്ബത്തുനാളിൽ ആയിരുന്നതുകൊണ്ട് പള്ളിമുഖ്യൻ കോപം നിറഞ്ഞവനായി ജനങ്ങളോട്, “അധ്വാനിക്കാൻ ആറുദിവസമുണ്ടല്ലോ. ആ ദിവസങ്ങളിൽ വന്നു സൗഖ്യമായിക്കൊള്ളണം; ശബ്ബത്തുനാളിൽ അനുവദനീയമല്ല.” അപ്പോൾ കർത്താവ് അയാളുടെ പ്രസ്താവനയ്ക്കു മറുപടിയായി: “കപടഭക്തരേ! ശബ്ബത്തുനാളിൽ നിങ്ങൾ നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച്, വെള്ളം കൊടുക്കാൻ പുറത്തേക്കു കൊണ്ടുപോകുകയില്ലേ? അബ്രാഹാമിന്റെ മകളായ ഇവളെ സാത്താൻ പതിനെട്ടു വർഷമായി ബന്ധനത്തിൽ വെച്ചിരുന്നു. ശബ്ബത്തുനാളിൽ അവളെ ബന്ധനത്തിൽനിന്ന് വിടുവിക്കുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്?” യേശുവിന്റെ ഈ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ എതിരാളികളെല്ലാം ലജ്ജിച്ചു. എന്നാൽ ശേഷം ജനാവലി അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സകലമഹൽകൃത്യങ്ങളിലും ആനന്ദിച്ചു. പിന്നീടൊരിക്കൽ യേശു, “ദൈവരാജ്യം എന്തിനോടു സദൃശം? ഞാൻ അതിനെ എന്തിനോടാണ് ഉപമിക്കേണ്ടത്? എന്നു ചോദിച്ചു. ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ നട്ട കടുകുമണിയോട് അതിനെ ഉപമിക്കാം. അതു വളർന്ന് ഒരു വൃക്ഷമായിത്തീരുകയും ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയും ചെയ്തു.” അദ്ദേഹം വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? അത്, മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനം.” ഇതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉപദേശിച്ചുകൊണ്ട് ജെറുശലേമിലേക്കു യാത്രപോകുകയായിരുന്നു.