ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലർ, പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോടു അറിയിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു: ആ ഗലീലക്കാർ ഇതു അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവൻ ഈ ഉപമയും പറഞ്ഞു:ഒരുത്തന്നു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും. അവൻ തോട്ടക്കാരനോടു: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക; അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. അതിന്നു അവൻ: കർത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്ക്കട്ടെ. മേലാൽ കായിച്ചെങ്കിലോ - ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു. ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു; അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ കണ്ടു അടുക്കെ വിളിച്ചു:സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു. അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‌വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു. കർത്താവു അവനോടു: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു. പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു? ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ വസിച്ചു. പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു? അതു പുളിച്ചമാവിനോടു തുല്യം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു എന്നു പറഞ്ഞു. അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു.
ലൂക്കൊസ് 13 വായിക്കുക
കേൾക്കുക ലൂക്കൊസ് 13
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 13:1-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ