ചില ഗലീലക്കാർ യാഗം കഴിച്ച് കൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും, അവരുടെ രക്തം അവരുടെ യാഗത്തിൽ കലർന്നതായും ഉള്ള വിവരം, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ യേശുവിനോടു അറിയിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: അവർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നത് കൊണ്ടാണോ അവർക്ക് അങ്ങനെ സംഭവിച്ചത് എന്നു നിങ്ങൾക്ക് തോന്നുന്നുവോ? അല്ല, ഒരിക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെ ശിലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവൻ ഒരു ഉപമ അവരോട് പറഞ്ഞു: ഒരാൾക്ക് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അയാൾ അതിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു; അവൻ അതിൽ ഫലമുണ്ടോ എന്നു അന്വേഷിച്ചു. എന്നാൽ ഒന്നും കണ്ടില്ല. അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു വർഷമായി ഈ അത്തിയിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഇതുവരെ കണ്ടില്ല; അത് നിലത്തെ നിഷ്ഫലമാക്കുന്നതിനാൽ അതിനെ വെട്ടിക്കളയുക എന്നു പറഞ്ഞു. അതിന് അവൻ: കർത്താവേ, ഒരു വർഷം കൂടെ നിൽക്കട്ടെ. ഞാൻ അതിന് ചുറ്റും കിളച്ച് വളം ഇടാം. അടുത്ത വർഷം അതിൽ ഫലം ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു. ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു; അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു. യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്‍റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു. അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ടു പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: ”വേലചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല” എന്നു പറഞ്ഞു. കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്‍റെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ അവന്‍റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു. പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോട് സദൃശം? ഏതിനോട് അതിനെ ഉപമിക്കണം? ഒരു മനുഷ്യൻ തന്‍റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്‍റെ കൊമ്പുകളിൽ താമസിച്ചു. പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കണം? അത് പുളിച്ചമാവിനോട് തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു. അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്രചെയ്തു.
ലൂക്കൊ. 13 വായിക്കുക
കേൾക്കുക ലൂക്കൊ. 13
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊ. 13:1-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ